അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ നല്‍കിയ സമയം ഇന്ന് അവസാനിക്കും; പിന്‍ഗാമിയെ കണ്ടെത്താന്‍ സാധിക്കാതെ കോണ്‍ഗ്രസ്

Tuesday 25 June 2019 8:50 am IST

ന്യൂദല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. രാജി എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. അതേസമയം സമീപ ദിവസങ്ങളിലായി പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങി സംഘടന കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നുണ്ട്.

തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് ഉച്ചക്കാണ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവക്കുന്നതായി രാഹുല്‍ ഗാന്ധി യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചത്. 25ന് പ്രവര്‍ത്തക സമിതി ചേര്‍ന്നപ്പോഴും നിലപാടില്‍ ഉറച്ചുനിന്നു. ഒരു മാസത്തിനകം ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ കണ്ടെത്താനായിരുന്നു നിര്‍ദേശം. രാഹുലിന്റെ മനസിളകുമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കള്‍, എന്നാല്‍ അതുണ്ടായില്ല.

മുതിര്‍ന്ന നേതാക്കളുമായി തുറന്ന ചര്‍ച്ചക്ക് പോലും രാഹുല്‍ തയ്യാറായില്ല. തകര്‍ന്ന പാര്‍ട്ടിയെ ആരെ ഏല്‍പിക്കുമെന്നതിന് നേതാക്കള്‍ക്ക് ഉത്തരമില്ല. ഇതുവരെ ഫലപ്രദമായ ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല. രാഹുലിന്റെ രാജിപ്രഖ്യാപനവും സംഘടനകാര്യങ്ങളില്‍ നിന്നുള്ള വിട്ട് നില്‍പും വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ സമീപ ദിവസങ്ങളിലായി അയവുവന്നിട്ടുണ്ട്.

പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെങ്കിലും നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നേതാക്കളെ രാഹുല്‍ കൂടിക്കാഴ്ചക്ക് വിളിച്ചു. രാഹുല്‍ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയാകാമിതെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ പുറത്തിറങ്ങുന്ന എല്ലാ ഉത്തരവുകളും രാഹുലിന്റെ അനുമതിയോടെയാണെന്നും നേതാക്കള്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.