കെ.വി.തോമസിനെതിരെ പ്രതിഷേധമുയരുന്നു

Saturday 29 March 2014 10:06 pm IST

കൊച്ചി: പറവൂരിലെ കയര്‍ പ്രോജക്ട്‌ ഓഫീസ്‌ നിര്‍ത്തലാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്റെ തീരുമാനം കെ.വി.തോമസ്സിന്‌ കനത്ത പ്രഹരമാകും. ഇന്ന്‌ എറണാകുളം പാര്‍ലമെന്റ്‌ മണ്ഡലം യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി പറവൂരില്‍ പര്യടനം നടത്താനിരിക്കെയാണ്‌ വ്യവസായ വകുപ്പിന്റെ ഈ നടപടി. പറവൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ വാടകപോലും വാങ്ങാതെയാണ്‌ ഓഫീസ്്‌ പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യം ചെയ്തു കൊടുത്തിട്ടുള്ളത്‌. സ്വകാര്യ താത്പര്യാര്‍ത്ഥം ഓഫീസ്‌ മാറ്റാനാണ്‌ നീക്കം എന്നാണ്‌ ഉയര്‍ന്നിരിക്കുന്ന ആരോപണം.
ഇതിനെതിരെ ജില്ലാ കയര്‍ തൊഴിലാളി ജോയിന്റ്‌ ആക്ഷന്‍ കൗണ്‍സില്‍ ഇപ്പോള്‍ തന്നെ രംഗത്തു വന്നു കഴിഞ്ഞു. കൊടുങ്ങല്ലൂരിലേക്കാണ്‌ ഓഫീസ്‌ നീക്കാന്‍ ശ്രമം നടക്കുന്നത്‌. എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രാഥമിക കയര്‍ സഹകരണ സംഘങ്ങളും ഇനിമുതല്‍ കൊടുങ്ങല്ലൂരില്‍ എത്തേണ്ടിവരും. തൃശൂര്‍, പറവൂര്‍ പ്രോജക്ട്‌ ഓഫിസുകളുടെ കീഴിലുള്ള ഞാറയ്ക്കല്‍, മട്ടാഞ്ചേരി, തൃശൂര്‍ എന്നീ സര്‍ക്കിള്‍ ഓഫീസുകളും നിര്‍ത്തലാക്കുമെന്നാണ്‌ അറിയുന്നത്‌. കേരളത്തിലെ വ്യാവസായിക തലസ്ഥാനത്തു നിന്നും കയര്‍ പ്രോജക്ട്‌ ഓഫീസ്‌ മാറ്റുന്നത്‌ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തൊഴിലാളികളെയും ബാധിക്കുമെന്നതിനാല്‍ സ്ഥലം എംപി ഇതിന്‌ ഉത്തരം പറയേണ്ടി വരും. എംപിയുടെ അറിവോടെയല്ല ഈ തീരുമാനം എന്നു വിശ്വസിക്കാന്‍ പറവൂര്‍ നിവാസികള്‍ക്കോ എറണാകുളത്തെ തൊഴിലാളികള്‍ക്കോ കഴിയില്ല.
എന്‍എച്ച്‌ 17ന്റെ വികസനവുമായി ബന്ധപ്പെട്ട്‌ ഭൂമി നഷ്ടപ്പെട്ടവര്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങള്‍ കെ.വി.തോമസ്‌ സന്ദര്‍ശിക്കാത്തതും ശ്രദ്ധേയമാണ്‌. ചിറ്റാറ്റുകര പഞ്ചായത്തില്‍ മാത്രമാണ്‌ ഇന്ന്‌ അദ്ദേഹം സന്ദര്‍ശിക്കുക. രാവിലെ 8.30നു പുത്തന്‍വേലിക്കര ബസാറില്‍ നിന്നാംരംഭിക്കുന്ന പര്യടനം പുത്തന്‍വേലിക്കര, ചേണ്ടമംഗലം, ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിലെ പര്യടനത്തിനു ശേഷം രാത്രി എട്ടു മണിയോടെ മാല്യങ്കരയില്‍ അവസാനിക്കുന്ന തരത്തിലാണ്‌ ആസൂത്രണം ചെയ്തിട്ടുള്ളത്‌.
രണ്ടു ദിവസം പറവൂര്‍ നിയോജക മണ്ഡലത്തില്‍ ചെലവഴിക്കുന്ന തോമസ്മാഷ്‌ നാളെ രാവിലെ 8.30നു ചാത്തനാട്‌ പള്ളിപ്പിടിയില്‍ നിന്നും പര്യടനം ആരംഭിച്ച്‌ ഏഴിക്കര, കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്തുകളില്‍ പര്യടനം നടത്തി രാത്രി 9.40 ഓടെ മണ്ണംതുരുത്തില്‍ സമാപിക്കുന്ന തരത്തിലാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. ഭൂമി നഷ്ടപ്പെട്ടവരുമായി ഒന്നു സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറാകുന്നില്ല എന്നാണ്‌ ദേശീയ പാത വികസനത്തിന്‌ ഇരയായവരുടെ പ്രതികരണം.
ഇന്നലെ വൈപ്പിനില്‍ തോമസ്‌ നടത്തിയ പര്യടനങ്ങളില്‍ സ്ത്രീകളുടെ സാന്നിദ്ധ്യമാണ്‌ കാണാന്‍ കഴിഞ്ഞത്‌ എന്നതും ബഹുഭൂരിപക്ഷം വരുന്ന പുരുഷ തൊഴിലാളികള്‍ക്ക്‌ യുഡിഎഫിനോടുള്ള എതിര്‍പ്പാണ്‌ വെളിവാക്കുന്നത്‌. പതിവുപോലെ പള്ളിമുറ്റത്തു നിന്നാണ്‌ അദ്ദേഹം പര്യടനം ആരംഭിച്ചത്‌. കടപ്പുറം സെയിന്റ്‌ സെബാസ്റ്റ്യന്‍ കപ്പേളക്ക്‌ സമീപം നിന്നും ആരംഭിച്ച പര്യടനം പള്ളിപ്പുറം പഞ്ചായത്തിലെ പതിനാലു കേന്ദ്രങ്ങളിലൂടെയാണ്‌ കടന്നു പോയത്‌.
എറണാകുളത്തെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക്‌ തടയിടാന്‍ കേന്ദ്ര സംസ്ഥാന നേതാക്കള്‍ അടുത്തയാഴ്ച തോമസിനു വേണ്ടി പ്രചാരണത്തിനിറങ്ങും. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌ ഏപ്രില്‍ 6ന്‌ എത്തും. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി എറണാകുളത്തു മാത്രമെ പ്രസംഗിക്കുന്നുള്ളു. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി ഏപ്രില്‍ 3, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏപ്രില്‍ 1, മന്ത്രിമാരായ രമേശ്‌ ചെന്നിത്തല ഏപ്രില്‍ 2, പി.ജെ.ജോസഫ്‌ ഏപ്രില്‍ 1, കെ.എം.മാണി ഏപ്രില്‍ 3 ഇങ്ങനെ പോകുന്നു പ്രചരണത്തിനെത്തുന്ന നേതാക്കളുടെ നിര.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.