ഈശ്വരനെ തേടുക

Wednesday 14 September 2011 8:19 pm IST

യോഗിയാകാനുഗ്രഹിക്കുന്ന പക്ഷം നിങ്ങള്‍ സ്വതന്ത്രനായിരിക്കണം. ഏകാകിയായി ഉത്കണ്ഠാരഹിതമായ ചുറ്റുപാടില്‍ താമസിക്കുകയും വേണം. സുഖവും സുന്ദരവുമായ ഒരു ജീവിതം കൊതിച്ചുകൊണ്ട്‌ അതെസമയം ആത്മാവിനെ സാക്ഷാത്കരിക്കണമെന്നുള്ളവന്‍ ആദ്യം ഈശ്വരനെ തേടുക; മറ്റെല്ലാം വഴിയെ വന്നുചേരും. ഇതാണ്‌ മഹത്തായ ഒരേ ഒരു കര്‍ത്തവ്യം, ഇതാകുന്നു ത്യാഗം. ഒരാദര്‍ശത്തിന്‌ വേണ്ടി ജീവിക്കുക. മറ്റൊന്നിനും മനസ്സില്‍ ഇടംകൊടുക്കരുത്‌. ഒരിക്കലും പിഴയ്ക്കാത്തത്‌, നമ്മുടെ ആത്മസിദ്ധി, സമ്പാദിക്കാന്‍ നമ്മുടെ സര്‍വശക്തികളും മുന്നോട്ട്‌ വെയ്ക്കാം. സാക്ഷാത്കാരത്തിനു ശക്തമായ അഭിവാഞ്ചയുള്ളപക്ഷം നാം പ്രയത്നിക്കണം. പ്രയത്നത്തിലൂടെ വളര്‍ച്ച വരുകയും ചെയ്യും. നാം തെറ്റുകള്‍ ചെയ്തേക്കാം; പക്ഷേ അവ ഓര്‍ക്കാപ്പുറത്തെ ദേവദൂതന്മാരാവാം. അദ്ധ്യാത്മജീവിതത്തിന്‌ അത്യന്തസഹായം ധ്യാനമാണ്‌. ധ്യാനത്തില്‍ നാം നമ്മുടെ ഭൗതികോപാധികളെല്ലാം യൂറിഞ്ഞുകളഞ്ഞ്‌ നമ്മുടെ ദിവ്യപ്രകൃതിയെ അനുഭവിക്കുന്നു. ധ്യാനത്തിന്റെ ഒരു ബാഹ്യസഹായത്തെയും അവലംബിക്കുന്നില്ല. ആത്മാവിന്റെ സ്പര്‍ശത്തിന്‌ ഏത്‌ ഇരുട്ടറയേയും പ്രകാശോജ്ജ്വലമാക്കാം. അതിന്‌ ദുഷ്ടനെ ദിവ്യനാക്കാനാവും. സര്‍വശത്രുതയും സര്‍വസ്വാര്‍ത്ഥതയും തൂത്തുമായ്ക്കപ്പെടുന്നു. ദേഹചിന്ത എത്രകുറയുന്നോ അത്രയ്ക്കുമെച്ചം. കാരണം ശരീരമാണ്‌ നമ്മെ താഴേക്ക്‌ വലിക്കുന്നത്‌. ആസക്തി , അഭിമാനം -ഇതാണ്‌ നമ്മെ ശോകാകുലരാക്കുന്നത്‌. അതാണ്‌ രഹസ്യം. ഞാന്‍ ചൈതന്യമാണ്‌; ശരീരമല്ല എന്ന്‌ വിചാരിക്കുക. വിശ്വം മുഴുവനും അതിന്റെ സര്‍വബന്ധങ്ങളും അതിന്റെ എല്ലാ നന്മയും തിന്മയും ഉള്‍പ്പെടെ വെറുമൊരു വര്‍ണചിത്രപരമ്പര തുണിയില്‍ വരച്ച ദൃശ്യങ്ങള്‍, അതിന്റെ സാക്ഷിയാണ്‌ ഞാന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.