വര്‍ഗ്ഗീയതക്കെതിരെയുള്ള ബില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍: ബിജെപി

Wednesday 14 September 2011 9:36 pm IST

ഇരിട്ടി: വര്‍ഗ്ഗീയ അതിക്രമങ്ങള്‍ തടയാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ബില്‍ രാജ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ളതാണെന്നും ഇതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്‌ ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട ബില്‍ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തിണ്റ്റെ ഫെഡറല്‍ സംവിധാനത്തിനുതന്നെ ഭീഷണിയുളവാക്കുന്നതുമാണ്‌. മാത്രമല്ല സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിപ്പിക്കാനും ഇത്‌ ഇടയാക്കും. കൃഷ്ണദാസ്‌ ചൂണ്ടിക്കാട്ടി. ബിജെപി പ്രവര്‍ത്തകയോഗം പടിയൂറ്‍ എന്‍എസ്‌എസ്‌ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത്‌ ഭരണഘടനാപരമായ പദവികള്‍ വഹിക്കുകയും ഭരണഘടനയോട്‌ നീതി പുലര്‍ത്താതിരിക്കുകയും ചെയ്യുന്ന പി.സി.ജോര്‍ജ്ജിനെ പോലെയുള്ളവരെ തല്‍സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. നൂറുദിന പദ്ധതിയിലൂടെ നൂറിലേറെ പദ്ധതികള്‍ നടപ്പിലാക്കിയതായി അവകാശപ്പെടുന്ന മുഖ്യമന്ത്രി സംസ്ഥാനത്തെ റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കൃഷ്ണദാസ്‌ ആവശ്യപ്പെട്ടു. ചടങ്ങില്‍ പി.വി.ശങ്കരന്‍നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സി.വി.നാരായണന്‍, കെ.കെ.സുമതന്‍, എ.എം.പുഷ്പജന്‍, ടി.ഫല്‍ഗുനന്‍, കെ.പി.പ്രഭാകരന്‍, കെ.ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.