കോട്ടയം-കുമളി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് മുടക്കുന്നതായി ആക്ഷേപം

Sunday 30 March 2014 9:53 pm IST

കോട്ടയം: കോട്ടയം-കുമളി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്താതെ സ്വകാര്യ ബസ്സുകളെ സഹായിക്കുന്നെന്ന് ആക്ഷേപം. ഇന്നലെ വൈകുന്നേരം 6.30 ഓടെ കുമളി യാത്രക്കാര്‍ ഏറെയുണ്ടായിട്ടും സര്‍വ്വീസ് നടത്താതെ ഒരു മണിക്കൂറിന് ശേഷമേ സര്‍വീസ് ഉളളുവെന്ന് പറഞ്ഞ് യാത്രക്കാരെ മടക്കിയതായിട്ടാണ് പരാതി. കുമളിയില്‍ നിന്നുള്ളതും കോട്ടയത്തുനിന്നും കുമളിക്ക് പോകേണ്ടതുമായ ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കിടക്കുമ്പോഴാണ് സര്‍വ്വീസ് ഇല്ലെന്ന് പറഞ്ഞ് യാത്രക്കാരെ സ്വകാര്യ ബസ്സുകളിലേക്ക് തള്ളിവിട്ടത്. കോട്ടയം-കുമളി റൂട്ടില്‍ ഏത് സമയത്തും നിറയെ യാത്രക്കാര്‍ ഉണ്ടെന്നിരിക്കേ സമയബന്ധിതമായി സര്‍വ്വീസ് നടത്താത്ത് കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടമുണ്ടാക്കുമെന്ന് പറയപ്പെടുന്നു. രാത്രികാലങ്ങളിലും കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്താത്തതിനെ തുടര്‍ന്ന് പല ദി ദിവസങ്ങളിലും യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തുകയും കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഉപരോധിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുമ്പോള്‍ എന്തെങ്കിലും പ്രതിവിധി കണ്ട് അപ്പോള്‍ പ്രതഷേധം തണുപ്പിക്കുമെങ്കിലും അടുത്ത ദിവസങ്ങളില്‍ വീണ്ടും ഇതേ നിലപാടാണ് കെഎസ്ആര്‍ടിസി സ്വീകരിക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. സ്ഥിരമായി നല്ല വരുമാനം ലഭിക്കുന്ന റൂട്ടുകളില്‍ ബസ്സുകള്‍ ഓടിക്കാതെ ഈ റൂട്ടുകളിലെ സ്വകാര്യ ബസ്സുടമകളെ സഹായിക്കാന്‍ നടത്തുന്ന നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് ആക്ഷേപവുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.