2 ജി അഴിമതി അന്വേഷണം വിജയ്‌ മല്യയിലേക്കും

Friday 24 June 2011 11:44 pm IST

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണം പ്രമുഖ മദ്യവ്യവസായി വിജയ്മല്യയുടെ യുബി ഗ്രൂപ്പ്‌ അടക്കമുള്ള നാല്‌ കമ്പനികളുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വാന്‍ ടെലികോമില്‍നിന്നും ഡിബി റിയാലിറ്റി കമ്പനി വഴി കലൈഞ്ജര്‍ ടിവിയിലേക്കെത്തിയ 200 കോടി രൂപ തിരിച്ചടയ്ക്കുന്നതിനായി ഈ നാലു കമ്പനികളും കലൈഞ്ജര്‍ ടിവിക്ക്‌ സാമ്പത്തിക സഹായം നല്‍കിയതായാണ്‌ സിബിഐ അനുമാനിക്കുന്നത്‌. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തങ്ങള്‍ വായ്പയെടുത്തതാണ്‌ 200 കോടി രൂപയെന്നും പിന്നീട്‌ ഈ തുക പലിശ സഹിതം തിരിച്ചടച്ചതുമാണെന്നാണ്‌ ചാനല്‍ അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌. ഇത്തരമൊരു സാഹചര്യത്തിലാണ്‌ കലൈഞ്ജര്‍ ടിവിക്ക്‌ സാമ്പത്തിക സഹായം നല്‍കിയ മറ്റ്‌ കമ്പനികളിലേക്കും സിബിഐ അന്വേഷണം നീണ്ടത്‌. യുബി ഗ്രൂപ്പ്‌ കൂടാതെ ബിസിസിഐ തലവനായ എന്‍.ശ്രീനിവാസന്‍ വൈസ്‌ ചെയര്‍മാനായ ഇന്ത്യാ സിമന്റ്സ്‌ കമ്പനിയും ഇതേവരെ പേര്‌ വെളിപ്പെടുത്താത്ത മറ്റ്‌ രണ്ട്‌ കമ്പനികളും സിബിഐ നിരീക്ഷണത്തിലാണ്‌. ഇതേസമയം കമ്പനിയുടെ പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനാവശ്യമായ പണം മാത്രമേ തങ്ങള്‍ കലൈഞ്ജര്‍ ടിവിക്ക്‌ നല്‍കിയിട്ടുള്ളൂവെന്നും കമ്പനിക്കെതിരായി ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ ആസൂത്രിതമാണെന്നും യുബി ഗ്രൂപ്പ്‌ അധികൃതര്‍ അറിയിച്ചു. കമ്പനി ചാനലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെല്ലാം തന്നെ സുതാര്യമാണെന്നും സിബിഐ മുന്‍പാകെ കമ്പനിയുടെ നിരപരാധിത്വം വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാനിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം ഇന്ത്യന്‍ സിമന്റ്സ്‌ അധികൃതരും സിബിഐ ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്‌. 2 ജി സ്പെക്ട്രം കേസിന്റെ ആസൂത്രകനായ മുന്‍ ടെലകോം മന്ത്രി എ.രാജയും കേസിന്റെ രണ്ടാം കുറ്റപത്രത്തില്‍ പേരുള്‍പ്പെട്ട ഡിഎംകെ എംപി കനിമൊഴിയടക്കമുള്ള പ്രമുഖരും ഇപ്പോള്‍ തിഹാര്‍ ജയിലിലാണുള്ളത്‌. കരുണാനിധി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളകലൈഞ്ജര്‍ ടിവിക്ക്‌ കീഴില്‍ എട്ട്‌ വ്യത്യസ്ത ടെലിവിഷന്‍ ചാനലുകളാണുള്ളത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.