പുതിയ ഭൂമിയേറ്റെടുക്കല്‍ നയം ജനകീയ ചര്‍ച്ചയ്ക്ക്‌ വിടുന്നു

Wednesday 14 September 2011 10:42 pm IST

കൊച്ചി: ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തില്‍ ഭൂരഹിതരായ ആരുമുണ്ടാകരുതെന്നാണ്‌ സര്‍ക്കാര്‍ നയമെന്നും ഈ മാസം പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ 20,000 പട്ടയമാണ്‌ നല്‍കുകയെന്നും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയ, ആനുകൂല്യ വിതരണമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭൂമിയേറ്റെടുക്കലിനുളള സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ കരടിനു മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്‌. ഇതു ജനകീയ ചര്‍ച്ചയ്ക്ക്‌ സമര്‍പ്പിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കു ഭൂമി വിട്ടു നല്‍കാന്‍ തടസം പറയാത്ത തരത്തിലുളള ഒരു നയമാണ്‌ സര്‍ക്കാരിന്റേതെന്നു തിരുവഞ്ചൂര്‍ അറിയിച്ചു. പുതിയ ഭൂമിയേറ്റടുക്കല്‍ നയത്തില്‍ ഭൂമിയുടെ അവകാശം ഉടമസ്ഥരില്‍ തന്നെ നിക്ഷിപ്തമാക്കുന്നതാണ്‌. അതുപയോഗിക്കുന്ന കാലത്തേക്ക്‌ സര്‍ക്കാര്‍ ബോണ്ട്‌ നല്‍കും. കാലാകാലങ്ങളില്‍ ഇതു പുതുക്കാനും കഴിയും. അതുകൊണ്ടു തന്നെ എപ്പോള്‍ വേണമെങ്കിലും വിറ്റുപണമാക്കാനും കഴിയുന്നതരത്തില്‍ പരിഷ്കൃതമായ നയമാണ്‌ തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും രാജ്യത്ത്‌ ആദ്യമായി കേരളത്തില്‍ ഇത്‌ പരീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പദ്ധതികള്‍ക്കായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക്‌ പദ്ധതിക്കകത്ത്‌ രണ്ടുശതമാനം ഓഹരി നല്‍കി അവരെ പദ്ധതിയുടെ ഓഹരിയുടമകളാക്കുന്നതാണ്‌ നയത്തിന്റെ മറ്റൊരു സവിശേഷത. കിട്ടാനുളള തുക കിട്ടാതായി എന്ന പരാതിക്കും ഇതോടെ പരിഹാരമാകും. ഇത്തരം പുതിയ സമീപനത്തോട്‌ ജനങ്ങള്‍ അനുകൂലമായി ചിന്തിക്കുമെന്ന്‌ കരുതുന്നതായി പറഞ്ഞ മന്ത്രി ഇതിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുക എറണാകുളത്തിനായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. മൂലമ്പിളളിയില്‍ പ്രശ്നപരിഹാരത്തിനു ഗൗരവമായി ഇടപെട്ട സര്‍ക്കാരിനെ പ്രമുഖരും പ്രശസ്തരുമായ ഒട്ടേറെ പേര്‍ സഹായിച്ചിട്ടുണ്ട്‌. 4.40 കോടി രൂപ നല്‍കി പ്രശ്നം പരിഹരിച്ചെങ്കിലും മൂലമ്പിളളി പാക്കേജില്‍ ചില സംശയങ്ങള്‍ ചിലഭാഗത്തുനിന്നുണ്ടാകുന്നുണ്ട്‌. എന്നാല്‍ പാക്കേജില്‍ ഒരു കാരണവശാലും വെളളം ചേര്‍ക്കില്ലെന്നും 326 കുടുംബങ്ങള്‍ക്കുമുളള പുനരധിവാസ സൗകര്യം നിലനിര്‍ത്തി ക്യതൃമായി നടപ്പാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ പോലും പുതിയ ഭൂമിയേറ്റെടുക്കല്‍ നയത്തിനു രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭകളില്‍ പട്ടയം അനുവദിക്കുന്നതിനുളള വരുമാന പരിധി 1999-ല്‍ നിശ്ചയിച്ച 24000 എന്നത്‌ ഉയര്‍ത്തണമെന്ന്‌ പട്ടയവിതരണം നടത്തിയ എക്സൈസ്‌ മന്ത്രി കെ.ബാബു ആവശ്യപ്പെട്ടു. ഇക്കാലത്തിനിടയില്‍ പഞ്ചായത്തുകളിലെ വരുമാന പരിധി 75,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്‌. വില്ലേജില്‍ നിന്ന്‌ താലൂക്കിലേക്കു മാറ്റിയ പോക്കുവരവ്‌ നടപടി വീണ്ടും വില്ലേജിലേക്കു മാറ്റണമെന്നും, റീസര്‍വെ സംബന്ധിച്ച പരാതികള്‍ തീര്‍ക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.പി.ധനപാലന്‍ എംപി, മേയര്‍ ടോണി ചമ്മിണി, എംഎല്‍എ മാരായ ഡൊമിനിക്‌ പ്രസന്റേഷന്‍, വി.പി.സജീന്ദ്രന്‍, ലൂഡി ലൂയിസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പളളി, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ എസ്‌.ഷാനവാസ്‌ സ്വാഗതവും എഡിഎം ഇ.കെ.സുജാത നന്ദിയും പറഞ്ഞു.