വോട്ട്‌ പൗരധര്‍മ്മം; ഉപകാരസ്മരണയ്ക്ക്‌ നന്ദികാട്ടലല്ല

Sunday 21 September 2014 10:06 am IST

സ്വതന്ത്രഭാരതത്തില്‍ നടക്കാന്‍പോകുന്ന 16-ാ‍മത്‌ ലോകസഭാ തെരഞ്ഞെടുപ്പ്‌ ജനാധിപത്യത്തിന്റെതെന്ന പോലെ ഭാരതത്തിന്റെയും ഭാവി നിര്‍ണ്ണയിക്കുവാന്‍ പോകുന്ന ഒന്നാണ്‌. മേറ്റ്ല്ലാ ജനാധിപത്യ രാജ്യങ്ങളെയും അപേക്ഷിച്ച്‌ തുടക്കം മുതല്‍ ഭാരതത്തില്‍ പൂര്‍ണ്ണമായ പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പിലാക്കിയിട്ടുണ്ട്‌. ഭാരതീയ ജനതയുടെ ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെയും രാഷ്ട്രീയമായ അവസരസമത്വത്തിന്റെയും പക്വതകൊണ്ടാണ്‌ ഇത്‌ സാധിച്ചത്‌. ഇന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി ഭാരതം ആ അഭിമാനം കാത്തുസൂക്ഷിക്കുന്നു. അടിയന്തിരാവസ്ഥയുടെ കാളരാത്രിക്കുപോലും അതിനെ ഗ്രസിക്കാനായില്ല. ഈ അഭിമാനവും അവകാശവും കൂടുതല്‍ ഭദ്രമായി സംരക്ഷിക്കേണ്ട അവസരമാണ്‌ 16-ാ‍ം പൊതുതെരഞ്ഞെടുപ്പ്‌.
നമ്മുടെ ഭരണഘടന അനുവദിച്ചിട്ടുള്ളത്‌ തൃത്താല ജനാധിപത്യസമ്പ്രദായമാണ്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന നിയമസഭകള്‍, ലോകസഭ. ഈ മൂന്നു തെരഞ്ഞെടുപ്പുകളും ഒരുമിച്ച്‌ നടത്തിയിരുന്നെങ്കില്‍ ഭീമമായ ചിലവ്‌ ഒഴിവാക്കാമായിരുന്നെങ്കിലും ഭരണഘടനാ നിര്‍മ്മാതാക്കള്‍ തൃത്താലപദ്ധതി തെരഞ്ഞെടുത്തത്‌ തികഞ്ഞ വിവേകബുദ്ധിയോടുകൂടിയാണ്‌. കാരണം ഓരോ തലത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ വേറെവേറെയാണ്‌. മൂന്നും ഒരുമിച്ച്‌ നടത്തിയാല്‍ അത്‌ സാധിക്കാതെ പോകും. ഭാഗികമായെങ്കിലും ഒന്ന്‌ മറ്റൊന്നിനുവേണ്ടി ബലികഴിക്കേണ്ടിവരും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്‌ പ്രതിനിധികളെ തെരഞ്ഞെടുത്ത്‌ അയക്കുമ്പോള്‍ മുഖ്യലക്ഷ്യം അതത്‌ പഞ്ചായത്തിന്റെയോ, നഗരസഭയുടേയോ, മഹാനഗരത്തിന്റെയോ താല്‍പര്യങ്ങള്‍സംരക്ഷിക്കുക എന്നതാണ്‌. പലപ്പോഴും കക്ഷിതാല്‍പര്യത്തെക്കാള്‍ വ്യക്തിപരമായ പരിചയവും,മുന്‍കാല പ്രവര്‍ത്തനങ്ങളുടെ അനുഭവവും, തദ്ദേശീയമായ ആവശ്യങ്ങളും ആണ്‌ അവിടെ പരിഗണിയ്ക്കപ്പെടുന്നതും, പരിഗണിക്കപ്പെടേണ്ടതും.
നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ലക്ഷ്യം കുറേക്കൂടി വ്യത്യസ്തമാണ്‌. സംസ്ഥാനത്തിന്റെ മൊത്തം താത്പര്യം അവിടെ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു. പ്രതിനിധികളുടെ യോഗ്യത, വിദ്യാഭ്യാസ നിലവാരം, ആദര്‍ശനിഷ്ഠ എന്നീ ഗുണങ്ങള്‍ ആണ്‌ അവിടെ പരിഗണിക്കപ്പെടേണ്ടത്‌. ജാതി, മതഭേദങ്ങള്‍ക്കുപരി സംസ്ഥാനത്തെ ഒന്നായിക്കാണാനുള്ള വിശാലതയും അവര്‍ക്ക്‌ ഉണ്ടായിരിക്കണം.
മൂന്നാമത്‌ ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്‌. ദേശീയപ്രാധാന്യമുള്ള വിഷയങ്ങള്‍, സമ്പൂര്‍ണ്ണ രാഷ്ട്രത്തോടുമുള്ള സമര്‍പ്പണബുദ്ധി, വ്യക്തിചാരിത്ര്യത്തോടൊപ്പം ദേശീയമൂല്യങ്ങളോടുമുള്ള സംശയാതീതമായ പ്രതിബദ്ധത എന്നിവ അവിടെ അടിസ്ഥാന മാനദണ്ഡങ്ങളാണ്‌. ഈ മൂന്നിലും പ്രതിനിധികളുടെ സ്വഭാവശുദ്ധി മര്‍മ്മപ്രധാനമാണ്‌. വ്യക്തിചാരിത്ര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന ജനപ്രതിനിധി രാജ്യത്തിന്റെ സുരക്ഷക്കും ഭദ്രതയ്ക്കും ഭീഷണിയാണ്‌. മേറ്റ്ല്ലാ ഗുണങ്ങളും ആ ഒരൊറ്റ ന്യൂനതകൊണ്ട്‌ മാത്രം നിരര്‍ത്ഥകമോ, അപകടകരമോ ആയിത്തീരും. ഈ വ്യത്യസ്ത മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ്‌ തൃത്താല സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
ഇപ്പോള്‍ നടക്കാന്‍പോകുന്ന തെരഞ്ഞടുപ്പ്‌ കേരളത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും വിലയിരുത്തപ്പെടേണ്ടതാണ്‌. കേരളത്തില്‍ ഏറ്റവും പ്രസക്തമായിട്ടുള്ളത്‌ മൂന്ന്‌ കക്ഷികളാണ്‌. ഇവിടെ സുശക്തമാണെങ്കിലും ദേശീയതലത്തില്‍ ഇടതുപക്ഷപാര്‍ട്ടികള്‍ തികച്ചും അപ്രസക്തമാണ്‌. ഒറ്റയ്ക്ക്‌ ഒരു കാര്യവും ചെയ്യാന്‍ അവര്‍ക്ക്‌ സാധ്യമല്ല. നിഷേധാത്മകമായ കാര്യങ്ങളില്‍ ഗുണപരമായ ഇടപെടലുകള്‍ അവരില്‍ നിന്ന്‌ പ്രതീക്ഷിക്കാനാവില്ല. അവിയല്‍ കൂട്ടുകെട്ടുകള്‍ കേവലം അവസരവാദപരങ്ങളായിരിക്കും. ദേശീയ പരിപ്രേക്ഷ്യത്തില്‍ ഒന്നാമത്തെ കണക്കെടുപ്പില്‍ തന്നെ അവരെ ജനാധിപത്യവിശ്വാസികള്‍ പുറംതള്ളേണ്ടതാണ്‌.
രണ്ടാമത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്‌. മഹാത്മാഗാന്ധിയുടെ പേര്‌ ചൂഷണം ചെയ്താണ്‌ കോണ്‍ഗ്രസ്‌ ഇന്നും ജനങ്ങളെ സമീപിക്കുന്നത്‌. പക്ഷെ മഹാത്മാഗാന്ധിയില്‍ നിന്നും സോണിയാഗാന്ധിയിലേക്കും, രാഹുല്‍ ഗാന്ധിയിലേക്കുമുള്ള അകലം ഉത്തര ദക്ഷിണ ധ്രുവങ്ങള്‍ തമ്മിലുള്ള അകലമാണ്‌. അസത്യവും അഴിമതിയും വര്‍ഗ്ഗീയപ്രീണനവും അധികാരമോഹവും ആണ്‌ ഇന്ന്‌ കോണ്‍ഗ്രസിന്റെ മുഖമുദ്ര. സ്വാതന്ത്ര്യം കിട്ടിയാല്‍ ആദ്യം ചെയ്യേണ്ടത്‌ സ്വാതന്ത്ര്യസമരത്തിനുവേണ്ടി രൂപംപൂണ്ടു കോണ്‍ഗ്രസ്‌ പിരിച്ചുവിടുകയാണ്‌ എന്ന മഹാത്മജിയുടെ ഒസ്യത്ത്‌ തള്ളിക്കളഞ്ഞുകൊണ്ടാണ്‌ ആ പേരില്‍ കോണ്‍ഗ്രസ്‌ ഇന്ന്‌ നിലനില്‍ക്കുന്നത്‌. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്‌ അടവു തന്നെയാണ്‌ കോണ്‍ഗ്രസിന്റെയും നയവും പരിപാടിയും. ഇത്തവണ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ ഭരണത്തില്‍ വരാന്‍പോകുന്നില്ല എന്നതും ഏറെക്കുറെ ഉറപ്പായ കാര്യമാണ്‌. മാത്രമല്ല കോണ്‍ഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതാണ്‌ എന്ന്‌ എ.കെ. ആന്റണിയുടെ പ്രസ്താവനയും അതിന്‌ തെളിവാണ്‌.
ഭാരതീയ ജനതാപാര്‍ട്ടിയാണ്‌ അടുത്തത്‌. രാജ്യവ്യാപകമായി അതിനുള്ള സ്വാധീനവും ഇപ്പോള്‍ തന്നെ പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നരേന്ദ്രമോദി ഇളക്കിവിട്ടിട്ടുള്ള തരംഗവും പ്രത്യേകിച്ചും യുവതലമുറയുടെ പ്രതീക്ഷകളും ഗുജറാത്തില്‍ പ്രയോഗത്തില്‍ വരുത്തിക്കഴിഞ്ഞ വികസനമാതൃകയും സര്‍വ്വോപരി ദേശീയ വീക്ഷണത്തില്‍ ബിജെപി യ്ക്കുള്ള സംശയാതീതവും സുദൃഢവുമായ സമര്‍പ്പണവും കാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുന്നവര്‍ക്ക്‌ ബോധ്യപ്പെട്ടുകഴിഞ്ഞിട്ടുള്ളതാണ്‌. മാത്രമല്ല മോദിയോട്‌ കിടപിടിക്കത്തക്ക കഴിവും കരുത്തുമുളള മറ്റൊരു പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെ സങ്കല്‍പിക്കാന്‍ പോലും കോണ്‍ഗ്രസിനോ അവിയല്‍ കൂട്ടുകക്ഷികള്‍ക്കോ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല.
പതിനാറാം ലോകസഭാതെരഞ്ഞെടുപ്പ്‌ കാഴ്ചവെയ്ക്കുന്ന ദൃശ്യം ഇതാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ നാം നമ്മുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്‌. ആ അവകാശം അമൂല്യമായ ആയുധമാണ്‌. അത്‌ വിനിയോഗിക്കാതിരിക്കുന്നത്‌ പാപമാണ്‌. നിഷേധവോട്ട്‌ സ്വന്തം അവകാശം കളഞ്ഞുകുളിക്കലാണ്‌. തദ്ദേശീയവും, പ്രാദേശികവുമായ പരിഗണനള്‍ക്കപ്പുറം ഈ തെരഞ്ഞെടുപ്പിന്റെ ദേശീയപ്രാധാന്യം കണക്കിലെടുത്ത്‌ ഭാരതീയ ജനതാപാര്‍ട്ടിക്കും സമാനവീക്ഷണം പുലര്‍ത്തുന്നവര്‍ക്കും വേണ്ടി ഓരോരുത്തരും അവരവരുടെ മൗലികാവകാശം വിനിയോഗിക്കേണ്ടതാണ്‌. കേരളത്തിന്റെ തന്നെ ആത്യന്തിക നന്മയ്ക്കും അതേ ഗുണം ചെയ്യൂ.
ഒരു പ്രധാനകാര്യംകൂടി വോട്ടുരേഖപ്പെടുത്തുമ്പോള്‍ നാം ആലോചിക്കേണ്ടതുണ്ട്‌. ലോകസഭാതെരഞ്ഞെടുപ്പിലേക്ക്‌ വോട്ടു ചെയ്യുമ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ടത്‌ രാഷ്ട്രതാത്പര്യമാണ്‌. ഡോ. അംബേദ്കര്‍ നിയമനിര്‍മ്മാണ സഭയില്‍ ചെയ്ത പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ച കാര്യമാണത്‌. ആരെങ്കിലും ചെയ്തിട്ടുള്ള ഉപകാരത്തിന്‌ നന്ദിയായി വോട്ടവകാശം വിനിയോഗിക്കപ്പെട്ടാല്‍ അത്‌ രാഷ്ട്രീയ വ്യഭിചാരമായിരിക്കും. പഞ്ചായത്തുതലത്തിലോ സംസ്ഥാനതലത്തിലോ ജനപ്രതിനിധികള്‍ ചെയ്യുന്ന കാര്യങ്ങള്‍ നമ്മുടെ അവകാശമാണ്‌; കടപ്പാടല്ല. അതിന്റെ പേരില്‍ ദേശീയതാത്പര്യത്തിനു വിരുദ്ധരായ കക്ഷികള്‍ക്കോ സ്ഥാനാര്‍ത്ഥികള്‍ക്കോ പിന്തുണചോദിക്കുന്നതോ നല്‍കുന്നതോ അധാര്‍മ്മികമാണ്‌. രാഷ്ട്രസുരക്ഷയും പുരോഗതിയുമാണ്‌ ഏക മാനദണ്ഡമായിരിക്കേണ്ടത്‌.
പി. പരമേശ്വരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.