സൂപ്പര്‍ ഹെര്‍ക്കുലീസില്‍ വ്യാജ ചൈനീസ്‌ സ്പെയര്‍പാര്‍ട്സ്‌

Monday 31 March 2014 8:53 pm IST

വാഷിങ്ങ്ടണ്‍: 2010ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ അമേരിക്കന്‍ നിര്‍മ്മിത സി- 130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്‌ ചരക്കുവിമാനങ്ങളില്‍ വ്യാജ ചൈനീസ്‌ സ്പെയര്‍പാര്‍ട്സ്‌ ഘടിപ്പിച്ചെന്ന്‌ റിപ്പോര്‍ട്ട്‌.
2011-2012 കാലയളവില്‍ യുഎസ്‌ സെനറ്റ്‌ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായെന്ന പുതിയ വിവരങ്ങള്‍ പുറത്തുവന്നു. അഞ്ച്‌ ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ സി-130ജെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിന്‌ അതീവ ഗൗരവമുണ്ട്‌. സൂപ്പര്‍ ഹെര്‍ക്കുലീസ്‌ വിഭാഗത്തിലെ ആറു വിമാനങ്ങള്‍ക്കൂടി വാങ്ങാനിരിക്കുന്ന ഇന്ത്യയെ പുനര്‍വിചിന്തനത്തിന്‌ പ്രേരിപ്പിക്കുന്നതാണ്‌ ഈ വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രതിരോധ ഉപകരണങ്ങളുടെ സ്വീകരണ- വിതരണ ശൃംഖലയിലെ പഴുതുകള്‍ ഇതോടെ പുറത്തായി.
സൂപ്പര്‍ ഹെര്‍ക്കുലീസിന്റെ ഡിസ്പ്ലേ സംവിധാനത്തിലെ ചിപ്പാണ്‌ ചൈനീസ്‌ നിര്‍മ്മിതം. യുദ്ധസമയത്ത്‌ വിമാനത്തിന്റെ ഡിസ്പ്ലേ പൂര്‍ണമായും നിലച്ചുപോകാനോ വിവരങ്ങള്‍ നഷ്ടപ്പെടാനോ ദൃശ്യങ്ങള്‍ അവ്യക്തമാകാനോ ഈ വ്യാജ ചിപ്പ്‌ കാരണമാകും. അപകടകരമായ അവസ്ഥയിലേക്ക്‌ സൈനികരെ കൊണ്ടെത്തിക്കുന്ന സാങ്കേതികത്തകരാറുകള്‍ ഈ കള്ളച്ചിപ്പ്‌ സൃഷ്ടിക്കും.
2010 നവംബറില്‍ സൂപ്പര്‍ ഹെര്‍ക്കുലീസിലെ സാങ്കേതിക പ്രശ്നം ആദ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിമാനത്തിന്റെ എല്‍ 3 ഡിസ്പ്ലേ സിസ്റ്റത്തിലെ ചിപ്പുകള്‍ ഫാക്ടറിക്കുള്ളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തന രഹിതമാകാന്‍ തുടങ്ങി. സി-130ജെ, സി-27 ജെ വിമാനങ്ങളിലെ ചിപ്പ്‌ കേടാകലിന്റെ ശരാശരി ഒരുഘട്ടത്തില്‍ 27 ശതമാനം വരെയെത്തി. സര്‍വീസിലുള്ള ചില വിമാനങ്ങളിലെ ചിപ്പുകളും പരാജയപ്പെട്ടതോടെ കമ്പനി പരിശോധനകള്‍ക്കു നിര്‍ബന്ധിതമായി. തുടര്‍ന്നു കൃത്രിമ ചിപ്പാണെന്ന്‌ തെളിഞ്ഞു.
പ്രതിരോധ രംഗത്തെ പ്രമുഖരായ ലൊഖീഡ്‌ മാര്‍ട്ടിന്‍ എന്ന കമ്പനിയാണ്‌ സി-130ജെ വിമാനങ്ങള്‍ അമേരിക്കയ്ക്കു നിര്‍മ്മിച്ചു നല്‍കുന്നത്‌. ഗ്ലോബല്‍ ഐസി ട്രേഡിങ്‌ ഗ്രൂപ്പ്‌ എന്ന വിതരണക്കാരാണ്‌ ലൊഖീഡിന്‌ ചിപ്പുകള്‍ നല്‍കിയത്‌. ഗ്ലോബല്‍ ഐസിക്ക്‌ ചിപ്പുകള്‍ കൈമാറിയത്‌ ചൈനയില്‍ ഷിന്‍സിയാനിലുള്ള ഹോങ്ങ്‌ ഡാര്‍ക്ക്‌ ഇലക്ട്രിക്കും. സെനറ്റ്‌ അന്വേഷണ കമ്മീഷന്‍ ഇക്കാര്യം കണ്ടെത്തിയതിനെ തുടര്‍ന്ന്‌ 2012 മുതല്‍ കരാറുകളും ഉപകരാറുകളും നേടുന്നതില്‍ നിന്ന്‌ ഹോങ്ങ്‌ ഡാര്‍ക്കിനെ വിലക്കി.
പക്ഷേ, അതിനകം അമേരിക്കന്‍ നിര്‍മ്മിത യുദ്ധ വിമാനങ്ങളില്‍ വ്യാജ ചൈനീസ്‌ ഉപകരണങ്ങള്‍ ഏറെ ഇടംപിടിച്ചു കഴിഞ്ഞിരുന്നു. ഹോങ്ങ്‌ ഡാര്‍ക്കില്‍ നിന്ന്‌ സംശയത്തിന്റെ നിഴലിലുള്ള ഏകദേശം 84000 ഇലക്ട്രോണിക്‌ സ്പെയര്‍പാര്‍ട്സുകളാണ്‌ ലൊഖീഡ്‌ വാങ്ങിക്കൂട്ടിയത്‌. അവയില്‍ പലതും വിമാനങ്ങളില്‍ ഘടിപ്പിക്കുകയും ചെയ്തു. എന്‍ജിനീയര്‍മാര്‍ക്ക്‌ ചിപ്പിലെ പ്രശ്നം നേരത്തേ അറിമായിരുന്നെന്നും അവര്‍ ചര്‍ച്ചചെയ്തിരുന്നതായും സെനറ്റ്‌ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. സി- 130ജെ സൂപ്പര്‍ ഹെര്‍ക്കുലീസിലെ സാങ്കേതിക പ്രശ്നത്തെപ്പറ്റി കമ്പനി യുഎസ്‌ വ്യോമസേനയെ അറിയിച്ചിരുന്നില്ല. അഥവാ കമ്പനിക്ക്‌ വിവരം നല്‍കിയിട്ടുണ്ടെങ്കില്‍ തന്നെ യുഎസ്‌ എയര്‍ഫോഴ്സ്‌ കാര്യമാക്കിയില്ല.വ്യാജ ചിപ്പുവെച്ച ഭാഗം വിമാനത്തിന്റെ ഉപഭോക്താക്കളില്‍ നിന്ന്‌ തിരിച്ചുവാങ്ങി പുതിയതു നല്‍കാനുള്ള നിര്‍ദേശവും ബന്ധപ്പെട്ടവരുടെ ഭാഗത്തുണ്ടായിട്ടില്ല. അതിനാല്‍ത്തന്നെ കുഴപ്പക്കാരനായ ചിപ്പ്‌ ഘടിപ്പിച്ച നൂറുകണക്കിന്‌ ഡിസ്പ്ലേ യൂണിറ്റുകള്‍ സി-130ജെ, സി-27 ജെ വിമാനങ്ങളില്‍ പിടിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആറ്‌ സൂപ്പര്‍ ഹെര്‍ക്കുലീസ്‌ വിമാനങ്ങള്‍ വാങ്ങിയത്‌ സംബന്ധിച്ച്‌ ഇന്ത്യന്‍ വ്യോമസേനയ്ക്കു കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടിവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.