'കുരുതിക്കളങ്ങളാകുന്ന റോഡുകള്‍'മെഡിക്കല്‍ ട്രസ്റ്റില്‍ സെമിനാര്‍

Wednesday 14 September 2011 10:43 pm IST

കൊച്ചി: റോഡുകള്‍ കുരുതിക്കളങ്ങളാകുന്ന സാഹചര്യങ്ങളും അനന്തരഫലങ്ങളും വിലയിരുത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയും എറണാകുളം പ്രസ്‌ ക്ലബ്ബും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന സെമിനാര്‍ ശനിയാഴ്ച പനമ്പിള്ളി നഗര്‍ ഹോട്ടല്‍ അവന്യൂ സെന്ററില്‍ നടക്കും. റോഡ്‌ സുരക്ഷയുമായി ബന്ധപ്പെട്ട്‌ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും നിയമ, ചികിത്സാ, മാധ്യമരംഗങ്ങളിലെ വിദഗ്ധരും സെമിനാറിലെ സെഷനുകളില്‍ പങ്കെടുത്ത്‌ സംസാരിക്കും. ജാഗ്രത 2011 എന്ന്‌ നാമകരണം ചെയ്തിരിക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം രാവിലെ പത്തിന്‌ എക്സൈസ്‌, തുറമുഖ വകുപ്പ്‌ മന്ത്രി കെ. ബാബു നിര്‍വഹിക്കും. കേരള പത്രപ്രവര്‍ത്ത യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ.സി. രാജഗോപാല്‍ അധ്യക്ഷത വഹിക്കും. സിറ്റി പോലീസ്‌ കമ്മീഷണര്‍ ഡി.ഐ.ജി എം.ആര്‍. അജിത്‌ കുമാര്‍, മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രി മാനേജിങ്‌ ഡയറക്ടര്‍ പി.വി. ആന്റണി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന്‌ നടക്കുന്ന സെമിനാറില്‍ സുപ്രീം കോടതി മുന്‍ ജഡ്ജിയും നിയമ കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ. ജസ്റ്റിസ്‌ എ.ആര്‍. ലക്ഷ്മണന്‍, 'റോഡപകടങ്ങള്‍ നേരിടുന്നതില്‍ നിയമപരിഷ്കരണം' എന്ന വിഷയം അവതരിപ്പിക്കും. റോഡപകടങ്ങളിലെ നഷ്ടപരിഹാര ബാധ്യത, സര്‍ക്കാരിന്റെ പങ്ക്‌ എന്ന വിഷയം ജസ്റ്റിസ്‌ ബഞ്ചമിന്‍ കോശിയും, ഡ്രൈവിങ്‌ പെരുമാറ്റ നിയന്ത്രണത്തില്‍ നിയമപാലകരുടെ പങ്ക്‌ എന്ന വിഷയം തുറമുഖ വകുപ്പ്‌ ഡയറക്ടര്‍ അഡീഷണല്‍ ഡി.ജി.പി ഡോ. ജേക്കബ്‌ തോമസും അവതരിപ്പിക്കും. റോഡപകടങ്ങളുടെ കാര്യത്തില്‍ കരുതലിനുള്ള പ്രാധാന്യം വ്യക്തമാക്കുകയും അടിസ്ഥാന സൗകര്യങ്ങളില്‍ വരുത്തേണ്ട പരിഷ്കരണങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതോടൊപ്പം ചികിത്സാരംഗത്തിന്റെ പ്രാധാന്യം കൂടി അടിവരയിടുന്നതായിരിക്കും സെമിനാറെന്ന്‌ മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രി മാനേജിങ്‌ ഡയറക്ടര്‍ പി.വി. ആന്റണി പറഞ്ഞു. ഇക്കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ 35082 വാഹനാപകടങ്ങളില്‍ 3950 ജീവനുകളാണ്‌ നഷ്ടമായത്‌. തൊട്ടുമുമ്പത്തെ വര്‍ഷം ഇത്‌ 3831 ആയിരുന്നു.