ഭക്തിയുടെ നിറവില്‍ പഞ്ചലോഹ ഗുരുദേവ പ്രതിമ സ്ഥാപിച്ചു

Wednesday 14 September 2011 10:45 pm IST

പള്ളുരുത്തി: പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങവെ പള്ളുരുത്തി ശ്രീഭവാനീശ്വര മഹാക്ഷേത്രാങ്കണത്തില്‍ പഞ്ചലോഹ ഗുരുദേവ പ്രതിമ സ്ഥാപിച്ചു. ശ്രീനാരായണ ധര്‍മസംഘം അദ്ധ്യക്ഷന്‍ പ്രകാശാനന്ദ സ്വാമികളാണ്‌ പ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചത്‌. മുപ്പതുലക്ഷത്തോളം രൂപ ചെലവില്‍ പണികഴിപ്പിച്ച ഗുരുമണ്ഡപത്തിന്റെ ഉദ്ഘാടനം ചാലക്കുടി ഗുരുദേവ ആശ്രമം മഠാധിപതി സച്ചിദാനന്ദ സ്വാമികള്‍ നിര്‍വഹിച്ചു. ചന്തിരൂര്‍ ശാന്തിഗിരി ആശ്രമം മഠാധിപതി ഗുരുമിത്രജ്ഞാന തപസ്വിയും ചടങ്ങില്‍ പങ്കെടുത്തു. പൂഞ്ഞാര്‍ കാര്‍ത്തികേയന്‍ തന്ത്രികള്‍ മുഖ്യകാര്‍മികനായി. പ്രതിമ നിര്‍മിച്ച്‌ സംഭാവനയായി നല്‍കിയ പി.എ.സച്ചിത്‌, പി.എ.അജിത്‌ എന്നിവര്‍ക്ക്‌ ഗുരുമിത്രജ്ഞാന തപസ്വി ഉപഹാരങ്ങള്‍ നല്‍കി. ശ്രീധര്‍മപരിപാലനയോഗം ഭാരവാഹികളായ അഡ്വ.കെ.ജി.സരസകുമാര്‍, വി.കെ.പ്രദീപ്‌, പി.കെ.അയ്യപ്പന്‍, ശില്‍പ്പി പ്രദീപ്‌ ശശി എന്നിവരെ സംഗീതസംവിധായകന്‍ എം.കെ.അര്‍ജ്ജുനന്‍ ആദരിച്ചു. ഗുരുമണ്ഡപ നിര്‍മാണ ജോലികള്‍ക്ക്‌ മേല്‍നോട്ടം വഹിച്ച സ്ട്രക്ചറല്‍ എഞ്ചിനീയര്‍ ബി.ഒ.രതീഷ്‌, വിജയന്‍, കണ്ണന്‍, കെ.ടി.സുജിത്ത്‌, സി.പി.അനില്‍കുമാര്‍, പ്രദീപ്‌, ഗിരീഷ്‌ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. ഗുരുദേവന്റെ നേരത്തെയുണ്ടായ പ്രതിമ ജീര്‍ണിച്ച്‌ തകര്‍ന്ന നിലയിലായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ പുതിയ പ്രതിമ സ്ഥാപിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.