കൂറുള്ളവര്‍ക്ക്‌ വോട്ട്‌

Monday 31 March 2014 9:57 pm IST

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികള്‍ ന്യൂനപക്ഷ പ്രീണനത്തിനു മത്സരിക്കുകയാണെന്ന്‌ എസ്‌എന്‍ഡിപി യോഗം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിലെ നിലപാട്‌ സ്വീകരിക്കാന്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം ഇതുസംബന്ധിച്ച്‌ പ്രമേയം പാസാക്കി.
ജാതി, മത-രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി എസ്‌എന്‍ഡിപിയെ സ്നേഹിക്കുകയും കൂറു പുലര്‍ത്തുകയും നിലപാടുകളോട്‌ സഹകരിക്കുന്നവരുമായ സ്ഥാനാര്‍ഥികളെ അതത്‌ മണ്ഡലങ്ങളില്‍ തിരിച്ചറിഞ്ഞ്‌ സഹായിക്കുന്നതിനാവശ്യമായ നിലപാടുകള്‍ സ്വീകരിക്കാന്‍ താലൂക്ക്‌ യൂണിയനുകള്‍ക്ക്‌ നിര്‍ദേശം നല്‍കാനും ഡയറക്ടര്‍ ബോര്‍ഡ്‌ തീരുമാനിച്ചു.
എസ്‌എന്‍ഡിപിക്ക്‌ ഇത്തവണ സമദൂരമല്ല, ശരിദൂരമായിരിക്കും ഉണ്ടായിരിക്കുകയെന്ന്‌ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഇവിടെ ഇരുമുന്നണികളായി മത്സരിക്കുകയും കേന്ദ്രത്തിലെത്തുമ്പോള്‍ ഒരു മുന്നണിയെ പിന്തുണയ്ക്കുകയുമാണ്‌ കോണ്‍ഗ്രസും സിപിഎമ്മും ചെയ്യാന്‍ പോകുന്നത്‌. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ നോക്കി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നതില്‍ കാര്യമില്ല. കേന്ദ്രത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന്‌ ഉറപ്പാണ്‌. ദേശിയതലത്തില്‍ ബിജെപിക്ക്‌ പിന്തുണ നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇവിടെ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനും മത്സരിപ്പിക്കാനും ഇടതു-വലതു മുന്നണികള്‍ തമ്മില്‍ മത്സരമാണ്‌. ഈഴവരടക്കമുള്ള ഭൂരിപക്ഷ സമുദായങ്ങള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ ആരുമില്ല. ഇത്തവണ സീറ്റുകള്‍ നല്‍കിയതില്‍ പോലും വിവേചനം കാട്ടി മികച്ച എംപിയെന്ന പേരുകേട്ട പി.ടി.തോമസിനെ പോലും മതമേധാവികളെ പ്രീണിപ്പിക്കാന്‍ യുഡിഎഫ്‌ നാടുകടത്തി.
സമുദായത്തെ സഹായിച്ചവരും നിലപാടുകളെ പിന്തുണയ്ക്കുന്നവരും ആരെന്ന്‌ സമുദായംഗങ്ങള്‍ക്ക്‌ അറിയാം. ഇത്തവണ ആരെയും തോല്‍പിക്കുമെന്ന്‌ പ്രഖ്യാപനം നടത്താന്‍ എസ്‌എന്‍ഡിപിയില്ല. രാഷ്ട്രീയത്തിനല്ല, വ്യക്തിത്വത്തിനായിരിക്കും എസ്‌എന്‍ഡിപി പരിഗണന നല്‍കുകയെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. എസ്‌എന്‍ഡിപി യോഗം പ്രസിഡന്റ്‌ ഡോ.എം.എന്‍.സോമന്‍, വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.