കനത്തമഴ: ആലുവയില്‍ നൂറോളം വീടുകള്‍ വെള്ളത്തിലായി

Wednesday 14 September 2011 10:50 pm IST

ആലുവ: ദിവസങ്ങളായി തുടരുന്ന കനത്തമഴയെതുടര്‍ന്ന്‌ ആലുവ നഗരത്തില്‍ നൂറോളം വീടുകള്‍ വെള്ളത്തിലായി. വെള്ളമൊഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ ഒരാഴ്ചയായി വീടും പരിസരങ്ങളുമെല്ലാം വെള്ളക്കെട്ടിലാണ്‌. നഗര പരിധിയിലുള്ള നൂറോളം വീടും പരിസരങ്ങളുമാണ്‌ ഒരാഴ്ചയായി വെള്ളക്കെട്ടിലമര്‍ന്നത്‌. ഷാഡിഭാഗത്ത്‌ വെള്ളമൊഴുകിപോകാനുള്ള കാനനിര്‍മിക്കാത്തതുമൂലമാണ്‌ പ്രദേശമൊന്നാകെ വെള്ളക്കെട്ടിലമര്‍ന്നത്‌. വെള്ളക്കെട്ടുമൂലം ജീവിതം ദുസ്സഹമായതോടെ വീട്ടുകാര്‍ പലരും ബന്ധുക്കളുടെ വീടുകളിലേക്ക്‌ താമസംമാറി. ഓണത്തിന്‌ പൂക്കളമിടാനോ ആഘോഷിക്കുവാനോ കഴിയാത്ത ദുഖത്തിലായിരുന്നു നാട്ടുകാര്‍. ഈ ഭാഗത്ത്‌ ശാസ്ത്രീയമായ വിധത്തില്‍ കാനനിര്‍മ്മിക്കണമെന്ന്‌ വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്‌. നഗരപരിധിയിലുള്ള ഈ ഭാഗത്തുനിന്ന്‌ പ്രവേശിക്കുന്ന സമീപറോഡുകളിലെ സ്ഥിതിയും വ്യത്യസതമല്ല. ഇവിടെനിന്ന്‌ 200 മീറ്ററോളം മാറി പുഴയും കനാലുമുള്ളപ്പോഴാണ്‌ വെള്ളമൊഴുക്കിവിടാന്‍ സംവിധാനമൊരുക്കാത്തത്‌. നഗരസഭയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പമ്പ്‌ ചെയ്ത്‌ വെള്ളം വറ്റിക്കാനും ശ്രമം നടത്തി.