മയക്കുമരുന്ന്‌ ആംപ്യൂളുകളുമായി ഒരാള്‍ പിടിയില്‍

Wednesday 14 September 2011 10:54 pm IST

കൊച്ചി: നഗരത്തിലെ പ്രധാന മയക്കുമരുന്ന്‌ വില്‍പ്പനക്കാരനായ ആലുവ ചുണങ്ങം വേലിസ്വദേശി ഡെന്നി എന്നുവിളിക്കുന്ന ബെന്നിസെബാസ്റ്റ്യന്‍ (40)നെ 12 ആംപ്യൂളുമായി സിറ്റിഷാഡോ പോലീസും ഹാര്‍ബര്‍ പോലീസും ചേര്‍ന്ന്‌ പിടികൂടി. ആവശ്യക്കാരനെന്ന വ്യാജേന ഷാഡോ പോലീസ്‌ ഇയാളെ സമീപിച്ച്‌ സ്വിഫ്റ്റ്‌ ജംഗ്ഷനില്‍ വച്ച്‌ തന്ത്രപൂര്‍വം വലയിലാക്കുകയായിരുന്നു. ആലുവ, എറണാകുളം, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന്‌ വില്‍പ്പന നടത്തിയിരുന്ന സംഘത്തില്‍പ്പെട്ടയാളാണ്‌ പിടിയിലായ ഡെന്നി. ഇയാളുടെ മറ്റൊരു കൂട്ടാളിയായ ലിജോയെ 750 ആംപ്യൂള്‍ മയക്കുമരുന്നുമായി ഷാഡോ പോലീസും, ആലുവ പോലീസും ചേര്‍ന്ന്‌ പിടികൂടിയിരുന്നു. പിടിയിലായ ഡെന്നി ആലുവയില്‍ 4 മോഷണകേസുകളിലും, കളമശ്ശേരി, ഹാര്‍ബര്‍ എന്നീ പോലീസ്‌ സ്റ്റേഷനുകളില്‍ മയക്കുമരുന്നു കേസുകളിലും പ്രതിയാണ്‌. രണ്ടുമാസത്തിനുള്ളില്‍ തന്നെ 20ല്‍ അധികം മയക്കുമരുന്ന്‌ വില്‍പ്പനക്കാരെ വലയിലാക്കാന്‍ ഷാഡോപോലീസിന്‌ കഴിഞ്ഞിട്ടുണ്ട്‌. മയക്കുമരുന്ന്‌ വേട്ടക്കായുള്ള ഷാഡോപാലീസിന്റെ പ്രത്യേക വിംഗാണ്‌ പ്രതിയെ പിടികൂടിയത്‌. വില്ലിംഗ്ടണ്‍ ഐലന്റ്‌ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന്‌ വില്‍പന നടക്കുന്നതായി സിറ്റിപോലീസ്‌ കമ്മീഷണര്‍ ഡിഐജി എം.ആര്‍.അജിത്കുമാര്‍ ഐപിഎസിന്‌ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്‌ ഡിസിപി ഗോപാലകൃഷ്ണപിള്ള ഷാഡോ പോലീസിനോട്‌ സ്ഥലം നിരീക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച്‌ അസി.കമ്മീഷണര്‍ എം.എന്‍.രമേഷിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്‌ഐ മുഹമ്മദ്‌ നിസാര്‍, ഹാര്‍ബര്‍ എസ്‌ഐ ബിജോയ്‌ ചന്ദ്രന്‍, ഷാഡോപോലീസ്‌ അംഗങ്ങളായ ഹുസൈന്‍, ഉമ്മര്‍ മനാഫ്‌, അമിതാഫ്‌, അനൂപ്‌, നസീര്‍ എന്നിവരും, ഹാര്‍ബര്‍പോലീസ്‌ സ്റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ഉദയന്‍, സന്തോഷ്‌, സജിത്‌ എന്നിവരും ചേര്‍ന്നാണ്‌ തെരച്ചില്‍ നടത്തിയത്‌.