ഇടശ്ശേരിമലക്കും വന്‍മഴിക്കും മന്നം ട്രോഫി

Wednesday 14 September 2011 11:15 pm IST

ആറന്മുള : ആറന്മുളയപ്പന്‌ തിരുമുല്‍ക്കാഴ്ചയൊരുക്കി നടന്ന ഉത്തൃട്ടാതിജലമേളയില്‍ എ ബാച്ചില്‍ ഇടശ്ശേരിമലയും ബി ബാച്ചില്‍ വന്‍മഴി പള്ളിയോടവും മന്നം ട്രോഫി നേടി. 46 പള്ളിയോടങ്ങള്‍ മാറ്റുരച്ച ജലമാമാങ്കത്തില്‍ ഏറ്റവും ഭംഗിയായി ആടയാഭരണങ്ങള്‍ അണിഞ്ഞ്‌ പരമ്പരാഗത രീതിയില്‍ പാടിത്തുഴഞ്ഞ പള്ളിയോടത്തിനുള്ള ആര്‍.ശങ്കര്‍ മെമ്മോറിയല്‍ ട്രോഫി ചെന്നിത്തല പള്ളിയോടത്തിന്‌ ലഭിച്ചു. നന്നായി പാടിത്തുഴഞ്ഞ്‌ മത്സരിച്ച പള്ളിയോടങ്ങളുടെ ഗ്രൂപ്പിനുള്ള പാരിതോഷികം എ ബാച്ചില്‍ കുറിയന്നൂര്‍, തെക്കേമുറി, തെക്കേമുറി കിഴക്ക്‌, ഇടപ്പാവൂര്‍ പേരൂര്‍ എന്നീ പള്ളിയോടങ്ങള്‍ക്കും ബി ബാച്ചില്‍ മുതവഴി, ഇടപ്പാവൂര്‍, കോടിയാട്ടുകര പള്ളിയോടങ്ങള്‍ക്കും ലഭിച്ചു. എ ബാച്ചില്‍ രണ്ടാം സ്ഥാനത്തിനുള്ള ദേവസ്വം ബോര്‍ഡ്‌ ട്രോഫി മാരാമണ്‍ പള്ളിയോടത്തിന്‌ ലഭിച്ചപ്പോള്‍ ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടം രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ദേവസ്വം ബോര്‍ഡ്‌ ട്രോഫി നേടി. ഇരുകരയൊത്തു കുതിച്ചുപാഞ്ഞ പമ്പയുടെ ജലസമൃദ്ധിയില്‍ അടനയമ്പും പങ്കായങ്ങളുംകൊണ്ട്‌ കവിത രചിച്ച്‌ ഇരുകരകളിലും തിങ്ങിനിറഞ്ഞ കാണികളില്‍ അത്ഭുതവും ആഹ്ലാദവും ഉണര്‍ത്തി ജല രാജാക്കന്മാര്‍ പങ്കെടുത്ത ജലഘോഷയാത്ര വര്‍ണ്ണാഭമായി. എ ബാച്ചില്‍ 33 ഉം ബി ബാച്ചില്‍ 13 ഉം പള്ളിയോടങ്ങളാണ്‌ ജലഘോഷയാത്രയില്‍ അണിചേര്‍ന്നത്‌. കേന്ദ്ര ടൂറിസം വകുപ്പ്‌ മന്ത്രി സുബോദ്‌ കാന്ത്‌ സഹായ്‌ ജലമേള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം ജലഘോഷയാത്രയ്ക്ക്‌ പതാക വീശി തുടക്കംകുറിച്ചു. സംസ്ഥാന ജലവിഭവ വകുപ്പ്‌ മന്ത്രി പി.ജെ.ജോസഫ്‌ മത്സരവള്ളംകളി ഫ്ലാഗ്‌ഓഫ്‌ ചെയ്തു. ചടങ്ങില്‍ പി.ജെ.കുര്യന്‍ എം.പി അദ്ധ്യക്ഷതവഹിച്ചു. ആന്റോ ആന്റണി എം.പി സുവനീര്‍ പ്രകാശനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ.എം.രാജഗോപാലന്‍നായര്‍ ദേവസ്വം ട്രോഫികള്‍ സമര്‍പ്പിച്ചു. ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി മേനോന്‍, ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മര്‍ത്തോമ്മാവലിയ മെത്രാപ്പൊലീത്ത, മന്ത്രി എ.പി അനില്‍കുമാര്‍, എം.പി.മാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്‌ , എം.എല്‍.എമാരായ കെ.ശിവദാസന്‍നായര്‍, രാജു ഏബ്രഹാം, പി.സി.വിഷ്ണുനാഥ്‌, ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ വി.എന്‍.ഉണ്ണി, കലാമണ്ഡലം വൈസ്‌ ചാന്‍സലര്‍ പി.എന്‍.സുരേഷ്‌, ഫോക്കാനാ പ്രസിഡന്റ്‌ ജി.കെ.പിള്ള, ദേവസ്വം ബോര്‍ഡ്‌ അംഗങ്ങളായ കെ.വി.പത്മനാഭന്‍, കെ.സിസിലി, ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.വിജയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. പള്ളിയോടസേവാസംഘം പ്രസിഡന്റ്‌ കെ.വി.സാംബദേവന്‍ സ്വാഗതവും, സെക്രട്ടറി രതീഷ്‌ ആര്‍.മോഹന്‍ നന്ദിയും പറഞ്ഞു. കെ.അജികുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.