ജനമൈത്രി പോലീസ്‌ ഭവനസന്ദര്‍ശനം ആരംഭിച്ചു

Wednesday 14 September 2011 11:25 pm IST

പൊന്‍കുന്നം : ജനമൈത്രി പോലീസ്‌ പദ്ധതിയുടെ ഭാഗമായി പൊന്‍കുന്നം പോലീസ്‌ സ്റ്റേഷണ്റ്റെ പരിധിയില്‍ ഭവനസന്ദര്‍ശനം ആരംഭിച്ചു. ചിറക്കടവ്‌ പഞ്ചായത്തിലായിരുന്നു തുടക്കം. അഞ്ച്‌ ബീറ്റുകളായാണ്‌ ഭവനസന്ദര്‍ശനം. ഒരു ബീറ്റിന്‌ 1200 വീടുകളാണുള്ളത്‌. ഒരു ബീറ്റില്‍ ഓരോ പുരുഷ, വനിത സിവില്‍ പോലീസ്‌ ഓഫീസര്‍മാരാണുള്ളത്‌. ഓരോ വീടുകളിലും എത്തുന്ന ഇവര്‍ കുടുംബത്തിലെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കും. സമീപത്ത്‌ താമസിക്കുന്ന അന്യസംസ്ഥാനക്കാര്‍ അവരുടെ തൊഴില്‍ എന്നിവയും അന്വേഷിക്കുന്നുണ്ട്‌. പ്രായമായവര്‍ ആരെങ്കിലും ഒറ്റയ്ക്ക്‌ താമസിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്‌. ഓരോ പ്രദേശത്തുമുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ കണ്ടെത്തുന്നതിനും ഈ പ്രവണത തുടക്കത്തിലെ തന്നെ ഉന്‍മൂലനം ചെയ്യുന്നതിനും പോലീസിന്‌ ഭവന സന്ദര്‍ശനത്തിലൂടെ സാധിക്കുന്നുണ്ട്‌. ഇത്തരം വിവരങ്ങള്‍ പോലീസിന്‌ വീട്ടുകാര്‍ നല്‍കിയാല്‍ നടപടിയെടുക്കും. ഇത്തരത്തില്‍ വിവരം നല്‍കുന്നതിനും മറ്റുമായി തങ്ങളുടെ ഫോണ്‍ നമ്പരുകളും പോലീസ്‌ ജനങ്ങള്‍ക്ക്‌ നല്‍കുന്നുണ്ട്‌. സാമൂഹ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും അടങ്ങുന്ന സമിതിക്കാണ്‌ ജനമൈത്രി പോലീസിണ്റ്റെ നിയന്ത്രണം. സേവന ബോധവല്‍ക്കരണ പ്രവര്‍ത്തികളും സമിതി നടത്തുന്നുണ്ട്‌.