ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു

Wednesday 2 April 2014 10:16 pm IST

തൃശൂര്‍: പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു. അദ്ദേഹത്തിന്‌ 81 വയസ്സായിരുന്നു. ചാവക്കാട്ടെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. സാഹിത്യ അക്കാദമി അവാര്‍ഡ്‌, പത്മപ്രഭാ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌.
കല്ലാത്ത്‌ ചുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായരുടേയും പുതൂര്‍ ജാനകിഅമ്മയുടേയും മകനായി 1933 ല്‍ തൃശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരിലാണ്‌ ജനനം. 1950കളില്‍ തന്നെ കവിതകളും കഥയും എഴുതിത്തുടങ്ങി. കരയുന്ന കാല്‍പാടുകള്‍ ആണ്‌ ആദ്യ കഥാസമാഹാരം. 1954 മുതല്‍ 1956 വരെ പാലക്കാട്‌ വിക്ടോറിയ കോളേജില്‍ പഠിച്ചെങ്കിലും ബിരുദം എടുക്കാതെ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകനായും തൊഴിലാളി പ്രവര്‍ത്തകനായും കഴിഞ്ഞു. 1957ല്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. 1987ല്‍ ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റിന്റെ വകുപ്പുമേധാവിയായി ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, നിര്‍വാഹകസമിതി അംഗം, സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം, പ്രസിഡന്റ്‌, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
എഴുന്നൂറോളം കഥകള്‍ എഴുതി. ആദ്യ കഥാസമാഹാരം കരയുന്ന കാല്‍പാടുകള്‍. 29 കഥാസമാഹാരങ്ങള്‍, 15 നോവലുകള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. ബലിക്കല്ല്‌(ഇംഗ്ലീഷിലും തമിഴിലും പരിഭാഷപ്പെടുത്തി), നാഴികമണി, മനസ്സേ ശാന്തമാകൂ, ആട്ടുകട്ടില്‍, പാവക്കിനാവ്‌, ആനപ്പക, ആത്മവിഭൂതി, അമൃതമഥനം, ജലസമാധി, വേദനകളും സ്വപ്നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഡെലന്‍തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, നക്ഷത്രക്കുഞ്ഞ്‌, ഗോപുരവെളിച്ചം, മകന്റെ ഭാഗ്യം, കംസന്‍, ഒരു ദേവാലയത്തിന്‌ ചുറ്റും, തള്ളവിരല്‍, പുതൂരിന്റെ കഥകള്‍, മറക്കാനും പൊറുക്കാനും, തിരഞ്ഞെടുത്ത കഥകള്‍, കാലത്തിന്റെ കളി, എന്റെ നൂറ്റൊന്ന്‌ കഥകള്‍ തുടങ്ങിയവ മുഖ്യകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌(ബലിക്കല്ല്‌), ജി. സ്മാരക അവാര്‍ഡ്‌(നാഴികമണി), പത്മപ്രഭാ പുരസ്കാരം(എന്റെ നൂറ്റൊന്ന്‌ കഥകള്‍) എന്നിവ ലഭിച്ചിട്ടുണ്ട്‌.
മാരിയില്‍ വെളളിത്തേരി തങ്കമണി അമ്മയാണ്‌ ഭാര്യ. മക്കള്‍: ഷാജി (അവണൂര്‍ സ്ക്കൂള്‍ അദ്ധ്യാപകന്‍), ബിജു (മാതൃഭൂമി തൃശൂര്‍). മരുമക്കള്‍: രശ്മി, ലത. ഏകസഹോദരി പുതൂര്‍ സരസ്വതിയമ്മ. മൃതദേഹം പൊതു ദര്‍ശനത്തിന്‌ വച്ചശേഷം ഇന്നുച്ചക്ക്‌ തറവാട്ട്‌ (ജാനകിസദനം) വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.