യുവാവും ജ്വല്ലറി ഉടമയും അറസ്റ്റില്‍

Wednesday 2 April 2014 10:20 pm IST

ആലുവ: ആലുവ സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച്‌ ആറര പവനോളം സ്വര്‍ണ്ണാഭരണങ്ങളും 16,000 രൂപയും ഉള്‍പ്പടെ തട്ടിയെടുത്ത കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റിലായി. വാഴക്കുളം പോഞ്ഞാശ്ശേരി കരയില്‍ മിനി കവല ഭാഗത്ത്‌ പള്ളിപ്പറമ്പില്‍ വീട്ടില്‍ ബക്കര്‍ മകന്‍ ഫൈസലിനെയും (25) ഇയാളില്‍നിന്നു സ്വര്‍ണ്ണം വാങ്ങിയ ജ്വല്ലറി ഉടമ ഇടപ്പിള്ളി സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ വര്‍ഗീസ്‌ മകന്‍ ജെയിംസ്‌ (31) എന്നിവരെയാണ്‌ ആലുവ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.
വിവാഹിതനായ ഫൈസല്‍ രണ്ടു വര്‍ഷം മുമ്പ്‌ ഫെയ്സ്‌ ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി പിന്നീട്‌ പ്രണയത്തിലാവുകയും യുവതിയെ പ്രലോഭിപ്പിച്ച്‌ വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ എടുപ്പിച്ച്‌ സ്വന്തം ആവശ്യത്തിനായി പണം വെയ്ക്കുകയുമായിരുന്നു. പിന്നീട്‌ യുവതി അറിയാതെ 71,000 രൂപക്ക്‌ സ്വര്‍ണം വിറ്റു. കൂടാതെ യുവതിയുടെ എടിഎം കാര്‍ഡ്‌ ഉപയോഗിച്ച്‌ 12,000 രൂപാ ഉള്‍പ്പടെ 16,000 രൂപാ ഇയാള്‍ കൈവശപ്പെടുത്തിയിരുന്നു. യുവതിയുടെ വീട്ടില്‍ അറിയാതിരിക്കുന്നതിനായി ഇമിറ്റേഷന്‍ ആഭരണങ്ങള്‍ നല്‍കി പറ്റിക്കുകയായിരുന്നു. ആഭരണങ്ങളില്‍ സംശയം തോന്നിയ വീട്ടുകാരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. തുടര്‍ന്ന്‌ സ്വര്‍ണ്ണം വിറ്റ കടയുടെ വിവരങ്ങള്‍ പ്രതിയില്‍നിന്നു ലഭിച്ചു. പ്രതി ഫൈസല്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ കാക്കനാട്‌ പരിസരത്ത്‌ നിന്നും ബൈക്കുകളും ഗ്യാസ്‌ സിലിണ്ടറുകളും മോഷ്ടിച്ചെടുത്തതിന്‌ ഒമ്പത്‌ കേസ്സുകളിലെ കൂട്ടുപ്രതിയാണ്‌. പെയിന്റിംഗ്‌ പണിക്ക്‌ പോകുന്ന പ്രതി ആര്‍ഭാട ജീവിതത്തിന്‌ വേണ്ടിയാണ്‌ ഇത്തരത്തില്‍ ലഭിക്കുന്ന പണം വിനിയോഗിക്കുന്നത്‌. ആലുവ തോട്ടകകാട്ടുകരിയിലും, കൊച്ചിന്‍ ബാങ്കിന്‌ സമീപത്തുമുള്ള രണ്ട്‌ പെണ്‍കുട്ടികളേയും ഇയാള്‍ ഇത്തരത്തില്‍ വഞ്ചിച്ചതിന്‌ പരാതി ലഭിച്ചിട്ടുണ്ട്‌. കൂടുതല്‍ പെണ്‍കുട്ടികളെ ഇയാള്‍ ചതിച്ചിട്ടുണ്ടോ എന്ന്‌ പോലീസ്‌ അന്വേഷിച്ചുവരുന്നു.
ഇന്‍സ്പെക്ടര്‍ ബി. ഹരികുമാര്‍, ആലുവ പ്രിന്‍സിപ്പല്‍ എസ്‌ഐ സുധീര്‍ മനോഹര്‍, അഡീ. എസ്‌ഐ വര്‍ഗീസ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ താജ്‌ വര്‍ഗീസ്‌, അരുണ്‍, അനില്‍കുമാര്‍ എന്നിവരുടെ സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌. പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.