സ്വവര്‍ഗ്ഗ രതി: തിരുത്തല്‍ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി

Thursday 3 April 2014 3:44 pm IST

ന്യൂദല്‍ഹി: സ്വവര്‍ഗ്ഗ രതി കുറ്റകരമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ തിരുത്തല്‍ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. എന്‍ജിഒ സംഘടനയാണ് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ കോടതി വിശദമായി വാദം കേള്‍ക്കും. സ്വവര്‍ഗരതി നിയമവിധേയമാക്കി മാറ്റിയ 2009ലെ ദല്‍ഹി ഹൈക്കോടതി വിധി റദ്ദ് ചെയ്താണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജസ്റ്റിസ് ജി.എസ്. സിംഗ് വി അദ്ധ്യക്ഷനായ സുപ്രീംകോടതി സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റമാണെന്ന വിധി പുറപ്പെടുവിച്ചത്. സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലാതാകണമെങ്കില്‍ നിയമപരമായ ഇടപെടല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത് എന്നും വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റവും നിയമവിരുദ്ധവും ആണെന്നാണ് സുപ്രീംകോടതി വിധിച്ചത്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് സ്ഥാപിക്കുന്ന ഐപിസി സെക്ഷന്‍ 377 നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യമാകെ അലയടിച്ചത്. വിധിക്കെതിരെ സമര്‍പ്പിച്ച കേന്ദ്രസര്‍ക്കാരിന്റേതടക്കമുള്ള എട്ട് പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിധി പ്രസ്താവത്തില്‍ വ്യാപകമായ പിഴവുകള്‍ ഉണ്ടെന്നും മൗലികാവകാശ ലംഘനമാണെന്നും കാണിച്ച് എന്‍ജിഒ സംഘടനയായ നാസ് ഫൗണ്ടേഷന്‍ തെറ്റ് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.