സംസ്ഥാനത്തിന്റെ കടം 7900 കോടി: ഗവര്‍ണര്‍

Friday 24 June 2011 11:45 pm IST

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കടം 77900 കോടി രൂപയായി ഉയര്‍ന്നെന്ന്‌ ഗവര്‍ണര്‍ ആര്‍എസ്‌ ഗവായി. കേരളം ഇന്ന്‌ കടക്കെണിയിലാണ്‌. ധനകമ്മി 6913 കോടിയും റവന്യൂകമ്മി 4522 കോടിയിലുമെത്തിയെന്ന്‌ യുഡിഎഫ്‌ സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ നടപടിസ്വീകരിക്കാനും ലോട്ടറി മാഫിയകളില്‍ നിന്നും കേരളത്തെ രക്ഷിക്കാനും മുന്‍സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന വിമര്‍ശനവും ഗവര്‍ണര്‍ നടത്തി. ലോട്ടറി മാഫിയ 80000 കോടിരൂപ കൊള്ളയടിച്ചതായി സര്‍ക്കാര്‍തന്നെ സമ്മതിച്ചതാണ്‌. ലോട്ടറിയില്‍ നിന്ന്‌ 5000 കോടിരൂപയുടെ കുടിശ്ശിക ഉണ്ടായിരുന്നു എന്നാക്ഷേപിച്ചവര്‍ ഒരു രൂപപോലും പിരിച്ചെടുത്തില്ല. മൂന്നാറില്‍ ടാറ്റയുടെ കൈവശമുള്ള 50000 ഏക്കര്‍ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കുമെന്ന്‌ പറഞ്ഞവര്‍ക്ക്‌ വാക്കുപാലിക്കാനായില്ല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കുട്ടനാട്‌, വയനാട്‌, ഇടുക്കി പാക്കേജുകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കാത്തത്‌ കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്ക്‌ വഴിവച്ചതായും ഗവര്‍ണര്‍ ആരോപിച്ചു. ഇടതുമുന്നണി സര്‍ക്കാര്‍ അവരുടെ പരാജയങ്ങള്‍ മറച്ചു വയ്ക്കുന്നതിന്‌ നിരന്തരം കേന്ദ്രസര്‍ക്കാരിനെ പഴിചാരിക്കൊണ്ടിരുന്നു. അതേ സമയം കേന്ദ്രത്തില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പോലും നേടിയെടുക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. എന്നാല്‍ കേന്ദ്രം അനുവദിച്ച തുക മുഴുവന്‍ ചെലവഴിക്കാതെ പാഴാക്കി കളഞ്ഞ സംഭവങ്ങളുമുണ്ട്‌. കേന്ദ്രമന്ത്രിമാരുടെ പ്രത്യേകിച്ച്‌ പ്രതിരോധ മന്ത്രാലയത്തിന്റെ താത്പര്യ പ്രകാരമാണ്‌ സംസ്ഥാനത്ത്‌ വന്‍ നിക്ഷേപം ഉണ്ടായിട്ടുള്ളത്‌. കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ സംഭവം നമ്മുടെ ഭരണ സംവിധാനത്തിന്‌ കളങ്കം ചാര്‍ത്തിയതായും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ ഏറെ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങളും ഗവര്‍ണറുടെ നയപ്രസംഗത്തില്‍ അടങ്ങിയിട്ടുണ്ട്‌. പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്കും താളത്തിനും അനുസരിച്ചുള്ള സുസ്ഥിര വികസനത്തിന്‌ യുഡിഎഫ്‌ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു പറഞ്ഞ ഗവര്‍ണര്‍ പാവങ്ങളുടെ താത്പര്യം ബലി കഴിക്കാതെ കരുതലോടെയുള്ള വികസനപദ്ധതികള്‍ക്ക്‌ രൂപം നല്‍കുമെന്ന്‌ ഉറപ്പു നല്‍കി. കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ക്രമസമാധാന നില മെച്ചപ്പെടുത്തും. വിലവര്‍ധനവ്‌ നിയന്ത്രിക്കും. മദ്യം മൂലമുള്ള സാമൂഹിക വിപത്തിന്‌ ഘട്ടം ഘട്ടമായി അറുതി വരുത്തും. അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്‌ മുന്‍ഗണന നല്‍കും. ഗവര്‍ണര്‍ അടിവരയിട്ടു പറഞ്ഞു. കുട്ടനാട്‌ പാക്കേജിന്റെ കീഴില്‍ കര്‍ഷക സമൂഹവുമായി കൂടിയാലോചിച്ച്‌ പെട്ടിയും പറയും സെറ്റുകളും കൊയ്ത്തു മെതി യന്ത്രങ്ങളും അനുബന്ധ സാമഗ്രികളോടു കൂടിയ ട്രാക്ടറുകളും പവര്‍ ട്രില്ലറുകളും വാങ്ങുമെന്ന്‌ ഗവര്‍ണര്‍ അറിയിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കര്‍ഷകര്‍ക്ക്‌ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കുന്നതിന്‌ പ്രാധാന്യം നല്‍കുമെന്നറിയിച്ച ഗവര്‍ണര്‍ സോയില്‍ ഹെല്‍ത്ത്‌ കാര്‍ഡ്‌ ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കി. പൊതുവിതരണ സംവിധാനം മെച്ചമാക്കും. വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന്‌ സമഗ്രപദ്ധതി ഏര്‍പ്പെടുത്തും. പോലീസ്‌ സേനയിലെ ക്രിമിനല്‍ പ്രവണത ശക്തമായി കൈകാര്യം ചെയ്യും. കസ്റ്റഡി മരണങ്ങള്‍ തടയാന്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തും. പൊതുമേഖലാ സ്ഥാനങ്ങള്‍ സ്വകാര്യവത്കരിക്കില്ലെന്ന്‌ വ്യക്തമാക്കിയ ഗവര്‍ണര്‍ പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഐ.ടി. മേഖല പരിപോഷിപ്പിക്കുമെന്നും പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.