സ്പെക്ട്രം അഴിമതി : ചിദംബരത്തെയും പ്രതിയാക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി

Thursday 15 September 2011 6:00 pm IST

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെക്കൂടി പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടു ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി ഹര്‍ജി നല്‍കി. കേസുമായി ബന്ധപ്പെട്ട്‌ തന്റെ പുതിയ മൊഴി രേഖപ്പെടുത്തണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ടെലികോം മന്ത്രിയും കേസില്‍ പ്രതിയുമായ എ. രാജയ്ക്കെതിരെയും ചിദംബരത്തിനെതിരെയും കൂടുതല്‍ തെളിവുകളും ഹര്‍ജിക്കൊപ്പം സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ചിട്ടുണ്ട്. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സയ്നിക്കു മുന്‍പാകെയാണു ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സ്‌പെക്‌ട്രത്തിന്‌ വില നിശ്ചയിച്ചതില്‍ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനും മുന്‍ ടെലികോം മന്ത്രി എ.രാജയ്ക്കും പങ്കുണ്ടെന്നും ഇതു സംബന്ധിച്ച്‌ ഒരുപാട്‌ കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനുണ്ടെന്നും സ്വാമി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. സ്പെക്ട്രം വിതരണത്തിന്‍റെ ഉത്തരവാദിത്വം രാജയ്ക്കു മാത്രമല്ലെന്നും ഇക്കാര്യത്തില്‍ നിന്നു അക്കാലത്തു ധനമന്ത്രിയായിരുന്ന ചിദംബരത്തിന് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നും സ്വാമി വ്യക്തമാക്കുന്നു. 2001ലെ രീതിയനുസരിച്ച്‌ സ്‌പെക്‌ട്രത്തിന്റെയും, ലേലത്തില്‍ പങ്കെടുക്കാനുള്ള തുകയും ഒരുമിച്ച്‌ വാങ്ങുകയും, 2007-08ലെ വിപണി വിലയെക്കാള്‍ കുറച്ച്‌ നല്‍കുകയും ചെയ്‌തുവെന്ന്‌ സ്വാമി അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം ഫെബ്രുവരി 24ന്‌ പ്രധാനമന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു.