ഇന്ത്യ ഫൈനലില്‍

Friday 4 April 2014 9:28 pm IST

മിര്‍പൂര്‍: ദക്ഷിണാഫ്രിക്കയെ ആറ്‌ വിക്കറ്റുകള്‍ക്ക്‌ തകര്‍ത്തെറിഞ്ഞ്‌ ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ്‌ ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 172 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ നേടി. 58 റണ്‍സെടുത്ത ഡുപ്ലെസിസിന്റെയും 45 റണ്‍സുമായി പുറത്താകാതെ നിന്ന ഡുമ്നിയുടെയും 23 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന മില്ലറുടെയും മികച്ച ബാറ്റിംഗാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ നല്ല സ്കോര്‍ സമ്മാനിച്ചത്‌. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ച്‌ പന്തുകള്‍ ശേഷിക്കെ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 176 റണ്‍സെടുത്ത്‌ ലക്ഷ്യം മറികടന്നു. ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്‌. 2007-ല്‍ ഇന്ത്യക്കായിരുന്നു ലോകകിരീടം. അതിനുശേഷം ഇപ്പോഴാണ്‌ ഇന്ത്യ ട്വന്റി 20യുടെ ഫൈനലില്‍ പ്രവേശിക്കുന്നത്‌. 44 പന്തില്‍ നിന്ന്‌ അഞ്ച്‌ ഫോറും രണ്ട്‌ സിക്സറുമടക്കം പുറത്താകാതെ 72 റണ്‍സെടുത്ത വിരാട്‌ കോഹ്ലിയാണ്‌ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചത്‌. കോഹ്ലിക്ക്‌ പുറമെ രഹാനെ (32), രോഹിത്‌ ശര്‍മ്മ (24), സുരേഷ്‌ റെയ്ന (21) എന്നിവരും മികച്ച ബാറ്റിംഗ്‌ കാഴ്ചവെച്ചു.
നേരത്തെ ടോസ്‌ നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡു പ്ലെസിസ്‌ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. എന്നാല്‍ മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ ഡി കോക്കിന്‌ കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ 9 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ 6 റണ്‍സെടുത്ത ഡി കോക്കിനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ധോണി പിടികൂടി. പിന്നീട്‌ ആംലയും ക്യാപ്റ്റന്‍ ഡുപ്ലെസിസും ചേര്‍ന്ന്‌ സ്കോര്‍ 44-ല്‍ എത്തിച്ചു. എന്നാല്‍ 16 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറികളോടെ 22 റണ്‍സെടുത്ത ആംലയെ അശ്വിന്‍ ബൗള്‍ഡാക്കി. ആംലക്ക്‌ പകരം ക്രീസിലെത്തിയ ജെ.പി. ഡുമ്നി ഡുപ്ലെസിസിന്‌ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ 12.3 ഓവറില്‍ സ്കോര്‍ 100 കടത്തി. ഇതിനിടെ ഡുപ്ലെസിസ്‌ അര്‍ദ്ധസെഞ്ച്വറിയും തികച്ചു. 36 പന്തുകളില്‍ നിന്ന്‌ അഞ്ച്‌ ഫോറും ഒരു സിക്സറുമുള്‍പ്പെടെയാണ്‌ ക്യാപ്റ്റന്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്‌. ഒടുവില്‍ സ്കോര്‍ 13.5 ഓവറില്‍ 115-ല്‍ എത്തിയപ്പോള്‍ ഡുപ്ലെസിസ്‌ മടങ്ങി. 41 പന്തില്‍ നിന്ന്‌ 58 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനെ അശ്വിന്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ എ.ബി. ഡിവില്ലിയേഴ്സിന്‌ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 10 റണ്‍സെടുത്ത ഡിവില്ലിഗയഴ്സിനെ അശ്വിന്‍ രോഹിത്‌ ശര്‍മ്മയുടെ കൈകളിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്ക നാലിന്‌ 129 എന്ന നിലയിലായി. പിന്നീട്‌ ഡുമ്നിയും (പുറത്താകാതെ 45), മില്ലറും (23 നോട്ടൗട്ട്‌) ചേര്‍ന്നാണ്‌ സ്കോര്‍ 172-ല്‍ എത്തിച്ചത്‌. 40 പന്തില്‍ ഒരു ഫോറും മൂന്ന്‌ സിക്സറുമുള്‍പ്പെട്ടതായിരുന്നു ഡുമ്നിയുടെ ഇന്നിംഗ്സ്‌. 12 പന്തില്‍ നിന്ന്‌ രണ്ട്‌ ഫോറും ഒരു സിക്സറുമടക്കമാണ്‌ ഡേവിഡ്‌ മില്ലര്‍ 23 റണ്‍സെടുത്തത്‌. കഴിഞ്ഞ മത്സരങ്ങളില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ അമിത്‌ മിശ്രക്ക്‌ ഇന്നലെ ആ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. മൂന്ന്‌ ഓവറില്‍ നിന്ന്‌ 36 റണ്‍സാണ്‌ അമിത്‌ മിശ്ര വിട്ടുകൊടുത്തത്‌. നാല്‌ ഓവറില്‍ 22 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റ്‌ വീഴ്ത്തിയ അശ്വിന്‍ മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക്‌ ഓപ്പണര്‍മാരായ രോഹിത്‌ ശര്‍മ്മയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന്‌ ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. 3.5 ഓവറില്‍ സ്കോര്‍ 39-ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക്‌ ആദ്യ വിക്കറ്റ്‌ നഷ്ടമായി. 13 പന്തില്‍ നിന്ന്‌ നാല്‌ ഫോറും ഒരു സിക്സറുമടക്കം 24 റണ്‍സെടുത്ത രോഹിത്‌ ശര്‍മ്മയെ ഡുപ്ലെസിസിന്റെ കൈകളിലെത്തിച്ച്‌ ഹെന്‍ഡ്രിക്സാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. അഞ്ച്‌ ഓവറില്‍ ഇന്ത്യന്‍ ഓവര്‍ 50 കടന്നു. വെയ്ന്‍ പാര്‍ണലിനെ രഹാനെ സിക്സറിന്‌ പറത്തി. പിന്നീട്‌ 9.3 ഓവറില്‍ സ്കോര്‍ 77-ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക്‌ രണ്ടാം വിക്കറ്റ്‌ നഷ്ടമായി. 30 പന്തുകളില്‍ നിന്ന്‌ രണ്ട്‌ ഫോറും ഒരു സിക്സറുമടക്കം 32 റണ്‍സെടുത്ത രഹാനെയെ പാര്‍ണലിന്റെ പന്തില്‍ ഡിവില്ലിയേഴ്സ്‌ പിടികൂടി. തുടര്‍ന്നെത്തിയ യുവരാജും കോഹ്ലിലും ചേര്‍ന്ന്‌ 12.3 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 100 കടത്തി. പിന്നീട്‌ 16-ാ‍ം ഓവറിലെ അവസാന പന്തില്‍ ഇന്ത്യക്ക്‌ മൂന്നാം വിക്കറ്റ്‌ നഷ്ടമായി. 18 റണ്‍സെടുത്ത യുവരാജിനെ ഇമ്രാന്‍ താഹിറിന്റെ പന്തില്‍ ഡിവില്ലിയേഴ്സ്‌ ഉജ്ജ്വലമായ ക്യാച്ചിലൂടെ മടക്കി. ഇതിനിടെ കോഹ്ലി അര്‍ദ്ധസെഞ്ച്വറി തികച്ചിരുന്നു. 35 പന്തുകളില്‍ നിന്ന്‌ ഒരു ഫോറും രണ്ട്‌ സിക്സറുമടക്കമാണ്‌ കോഹ്ലി 50ലെത്തിയത്‌. പിന്നീട്‌ കോഹ്ലിയും സുരേഷ്‌ റെയ്നയും ചേര്‍ന്ന്‌ സ്കോര്‍ 167-ല്‍ എത്തിച്ചു. എന്നാല്‍ വിജയത്തിന്‌ 6 റണ്‍സ്‌ അകലെവച്ച്‌ റെയ്നയെ ഇന്ത്യക്ക്‌ നഷ്ടമായി. 10 പന്തില്‍ നിന്ന്‌ 21 റണ്‍സെടുത്ത റെയ്നയെ ഹെന്‍ഡ്രിക്സിന്റെ പന്തില്‍ ഡുപ്ലെസിസ്‌ കയ്യിലൊതുക്കി. പിന്നീട്‌ ധോണിയെ കൂട്ടുപിടിച്ച്‌ വിരാട്‌ കോഹ്ലി ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.