കൊച്ചി മെട്രോയ്ക്ക് ആസൂത്രണ കമ്മിഷന്റെ അനുമതി

Thursday 15 September 2011 1:21 pm IST

ന്യൂദല്‍ഹി: കൊച്ചി മെട്രോയ്ക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്‍ അനുമതി നല്‍കി. പദ്ധതിയുമായി മുന്നോട്ടു പോകാമെന്നു കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ അറിയിച്ചു. കൊച്ചി മെട്രോയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കായി വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയ സാമ്പത്തിക പഠന വിഭാഗത്തിന് വിട്ടതായും അദ്ദേഹം അറിയിച്ചു. പദ്ധതിക്ക് ആസൂത്രണ കമ്മിഷന്‍ തടസം നില്‍ക്കില്ലെന്ന് അലുവാലിയ അറിയിച്ചു. നടപടികള്‍ എത്രയും വേഗം മുന്നോട്ടു നീക്കാനാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് മാതൃകയിലാകണം പദ്ധതി നടപ്പാക്കേണ്ടതെന്ന് സാമ്പത്തിക പഠന വിഭാഗമായിരിക്കും തീരുമാനിക്കുക. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ ദല്‍ഹിയില്‍ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെട്രോ പദ്ധതിയുടെ മാതൃക ആസൂത്രണ കമ്മിഷന് സമര്‍പ്പിച്ചിരുന്നു. എത്രയും വേഗത്തില്‍ പദ്ധതിക്ക് അനുമതി നല്‍കുമെന്ന് അലുവാലിയ അന്ന് അറിയിച്ചു. പിന്നീട് കമ്മിഷനിലുണ്ടായ ചില ചര്‍ച്ചകളുടെ ഭാഗമായി അനുമതി വൈകുകയായിരുന്നു. ദല്‍ഹി, ചെന്നൈ മാതൃകകളില്‍ പദ്ധതി നടപ്പാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ ആസൂത്രണ കമ്മീഷനിലെ ചിലര്‍ തന്നെ സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കണമെന്ന വാദമുയര്‍ത്തുന്നവരാണ്. അടുത്തയാഴ്ച ദല്‍ഹി സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂടിക്കാഴ്ചയിലായിരിക്കും മിക്കവാറും ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.