രോഹിതിേ‍ന്‍റത്‌ കൊലപാതകം, അന്വേഷിക്കണം

Friday 4 April 2014 9:48 pm IST

മംഗലാപുരം: മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി രോഹിത്‌ രാധാകൃഷ്ണന്റെ മരണത്തെക്കുറിച്ച്‌ ഗൗരവമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ രക്ഷിതാക്കള്‍ കര്‍ണാടക ആഭ്യന്തരമന്ത്രിയും മലയാളിയുമായ കെ.ജെ.ജോര്‍ജിന്‌ പരാതി നല്‍കി. രോഹിതിന്റെത്‌ അപകടമരണമല്ലെന്നും കൊലപാതകമാണെന്നും പരാതിയില്‍ പറയുന്നു. ഇതിനു കാരണക്കാരെ വെളിച്ചത്തുകൊണ്ടുവരാന്‍ സത്യസന്ധമായ അന്വേഷണം വേണമെന്നാണ്‌ രക്ഷിതാക്കളുടെ ആവശ്യം. ഇതേ വിഷയം ഉന്നയിച്ച്‌ കേരള ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും കര്‍ണാടക ആഭ്യന്തരമന്ത്രിയെ വിളിച്ച്‌ സംസാരിച്ചിട്ടുണ്ട്‌.
മാര്‍ച്ച്‌ 23ന്‌ രാവിലെയാണ്‌ തണ്ണീര്‍ബാവിയില്‍ റോഡരികില്‍ രോഹിത്‌ രാധാകൃഷ്ണെന്റ മൃതദേഹം തലയും ഉടലും വേര്‍പെട്ട നിലയില്‍ കിടക്കുന്നതുകണ്ടത്‌. രോഹിത്‌ സഞ്ചരിച്ച ബൈക്കും തൊട്ടപ്പുറത്തായി കേടായിക്കിടന്നിരുന്നു.
ആദ്യം കൊലപാതകമെന്നു സംശയിച്ചെങ്കിലും പോലീസെത്തി അന്വേഷണം നടത്തിയതിനുശേഷം അത്‌ അപകടമരണമെന്ന്‌ സ്ഥിരീകരിക്കുകയായിരുന്നു. അതിവേഗത്തില്‍ വന്ന ബൈക്ക്‌ റോഡരികിലെ മരത്തിലിടിച്ച്‌ തെറിച്ചതിന്റെ ആഘാതത്തില്‍ തല വേറിട്ടതാണെന്നാണ്‌ പോലീസ്‌ ഭാഷ്യം.
എന്നാല്‍ ഇത്‌ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നാണ്‌ രോഹിതിന്റെ അച്ഛന്‍ പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല മേപ്പുറത്ത്‌ അഡ്വ. രാധാകൃഷ്ണനും അമ്മ ഡോ. ശ്രീദേവിയും പറയുന്നത്‌. ബൈക്ക്‌ രോഹിതിന്റെ സുഹൃത്തിന്റെതാണ്‌. ഇതിലുണ്ടായിരുന്ന സുഹൃത്തിനെക്കുറിച്ച്‌ പോലീസ്‌ ഒന്നും പറയുന്നില്ല. മറ്റാര്‍ക്കും അപകടമുണ്ടായതായും പറയുന്നില്ല. ആരൊക്കെയോ എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ടെന്നാണ്‌ രക്ഷിതാക്കളുടെ ആരോപണം. മംഗലാപുരം എ.ജെ.മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു രോഹിത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.