വി.എസ് കേസ് നടത്തുന്നത് പണം പിരിക്കാനാണോയെന്ന് വ്യക്തമാക്കണം - പി.സി ജോര്‍ജ്

Thursday 15 September 2011 3:59 pm IST

കാസര്‍ഗോഡ്: പണം പിരിക്കുന്നതിന്‌ വേണ്ടിയാണോ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ കേസ്‌ നടത്തുന്നതെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജ്‌ ചോദിച്ചു. കേസ് നടത്താനുള്ള വന്‍ തുക വി.എസിന് എവിടെ നിന്നാണ് ലഭിക്കുന്നതെന്നും ജോര്‍ജ് ചോദിച്ചു. ഓരോ സിറ്റിംഗിനും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന രാജ്യത്തെ അതിപ്രഗത്ഭരായ അഭിഭാഷകരെയാണ് കേസ്‌ നടത്തുന്നതിനായി വി.എസ് ഹാജരാക്കുന്നത്. ഇതിനുള്ള പണം വി.എസിന്‌ എവിടെ നിന്നു ലഭിച്ചുവെന്ന്‌ അദ്ദേഹം വ്യക്‌തമാക്കണം. വി.എസ്‌ പണം പിരിക്കുന്നത്‌ പാര്‍ട്ടി ഭരണഘടനയനുസരിച്ചാണോയെന്ന്‌ പോളിറ്റ്‌ ബ്യൂറോയും പ്രകാശ്‌ കാരാട്ടും പരിശോധിക്കണം. പൊതുജനങ്ങളില്‍ പിരിക്കുന്ന പണം അയ്യായിരം രൂപയില്‍ കൂടുതലാണെങ്കില്‍ ജില്ലാ കമ്മിറ്റിയുടെ അനുമതി വേണമെന്ന്‌ പാര്‍ട്ടി വ്യവസ്ഥയുണ്ടായിരിക്കേ ലക്ഷങ്ങള്‍ പിരിക്കാന്‍ വി.എസിന്‌ ആരാണ്‌ അനുമതി നല്‍കിയതെന്നും ജോര്‍ജ്ജ്‌ ചോദിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായ തെളിവുകള്‍ ഉള്ള നിരവധി കേസുകള്‍ അവഗണിച്ച് ആറ് അനുകൂല വിധികള്‍ വന്ന കുഞ്ഞാലിക്കുട്ടിക്കെതിരായ കേസിനു പുറകെ മാത്രം പോകുന്നതിന്റെ പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.