ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു

Friday 24 June 2011 11:49 pm IST

പത്തനംതിട്ട: സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു. തീരപ്രദേശത്തും വനമേഖലയിലുമായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയങ്ങളിലെ അധ്യാപകരുടെ കരാര്‍ ഇതുവരെയും പുതിക്കിയിട്ടില്ലെന്ന്‌ അധ്യാപകര്‍ പറയുന്നു. അതിനാല്‍ ഇവര്‍ക്ക്‌ ലഭിക്കുന്ന നാമമാത്രമായ വേതനം കഴിഞ്ഞ ഏപ്രില്‍ മുതല്‍ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്‌. ഒരു ദശകത്തിലേറെയായി ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കുപോലും ഇതുവരെയും സ്ഥിരനിയമനം ലഭിക്കാത്തതും ആശങ്ക ഉളവാക്കുന്നു.ഇതിനിടയില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കണമെന്നും ഇവിടെയുള്ള കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക്‌ മാറ്റണമെന്നുമുള്ള അഭിപ്രായവും ചില കോണുകളില്‍ നിന്നും ഉയരുന്നതും ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന നാനൂറിലേറെ അധ്യാപകരെ ഭയാശങ്കയിലാഴ്ത്തുന്നുണ്ട്‌. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ഏകാധ്യാപക വിദ്യാലയങ്ങളുള്ളത്‌ ഇടുക്കി ജില്ലയിലാണ്‌. ഏതാണ്ട്‌ തൊണ്ണൂറിന്‌ മേലാണ്‌ ഇടുക്കിയിലെ വിദ്യാലയങ്ങളുടെ എണ്ണം. ഇവിടെ വനവാസിമേഖലയിലാണ്‌ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. മലപ്പുറത്താകട്ടെ 50 ലേറെ വിദ്യാലയങ്ങള്‍ ഇത്തരത്തിലുണ്ട്‌. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അവസാന നിയമസഭയില്‍ ഇവരുടെ കരാര്‍ മൂന്നുവര്‍ഷത്തേക്ക്‌ നീട്ടുവാനും ആയിരംരൂപാ ശമ്പളവര്‍ധനവ്‌ നല്‍കുവാനും തത്വത്തില്‍ തീരുമാനമെടുത്തിരുന്നതായി അധ്യാപകര്‍ പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ്‌ വന്നതോടെ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതിനുള്ള ഉത്തരവ്‌ നല്‍കിയാല്‍ മതിയെന്ന്‌ തീരുമാനിക്കുകയായിരുന്നുവത്രേ. എന്നാല്‍ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്കൂളുകള്‍ നിലനിര്‍ത്താനല്ല അടച്ചുപൂട്ടാനാണ്‌ ശ്രമിക്കുന്നതെന്ന്‌ അധ്യാപകര്‍ പറയുന്നു. ഈ സ്കൂളുകളിലെ അധ്യയനവര്‍ഷം ആരംഭിക്കുന്നത്‌ ഏപ്രില്‍ മുതലാണ്‌. ഏപ്രില്‍ 1 മുതല്‍ അതത്‌ വിദ്യാഭ്യാസ ഉപജില്ലകളിലെ ബിആര്‍സികളുമായി ബന്ധപ്പെട്ടാണ്‌ അധ്യാപകരുടെ കരാര്‍ ഉറപ്പിക്കുന്നത്‌. എന്നാല്‍ ഈ വര്‍ഷം ഇതുവരെയും സംസ്ഥാനത്തെങ്ങും ഇത്തരത്തില്‍ അധ്യാപകരുമായി കരാര്‍ വച്ചിട്ടില്ലെന്നാണ്‌ സൂചന. സംസ്ഥാനത്തെ പത്തനംതിട്ടയൊഴികെയുള്ള ജില്ലകളില്‍ മുന്‍കാലങ്ങളിലേതുപോലെ ഇത്തരം സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക്‌ പാഠപുസ്തകങ്ങളും ഉച്ചക്കഞ്ഞിക്കുള്ള വകയും ലഭിക്കുന്നുണ്ട്‌. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളോ ഉച്ചക്കഞ്ഞിക്കുള്ള സംവിധാനമോ ഇതുവരെ ലഭിച്ചിട്ടില്ല. അധ്യാപകരുടെ കരാര്‍ പുതുക്കാത്തതിനാല്‍ ഡിഡി ഓഫീസില്‍നിന്നും ഇവ ന ല്‍കേണ്ടതില്ലെന്ന്‌ നിര്‍ദ്ദേശമുണ്ടന്നാണ്‌ ബിആര്‍സികളിലും എഇഒ ഓഫീസുകളിലുമുള്ളവര്‍ പറയുന്നത്‌. ഒന്നു മുതല്‍ നാലുവരെയാണ്‌ ഏകാധ്യാപക വിദ്യാലയങ്ങളിലെ ക്ലാസുകള്‍. പത്തനംതിട്ട ജില്ലയില്‍ റാന്നി വിദ്യാഭ്യാസ ഉപജില്ലയിലാണ്‌ ഏറ്റവുംകൂടുതല്‍ ഏകാധ്യാപക വിദ്യാലയങ്ങളുളളത്‌. മള്‍ട്ടിഗ്രേഡ്‌ ലേണിംഗ്‌ സെന്റര്‍ അഥവാ എംജിഎല്‍സി സ്കൂളുകളെന്നാണ്‌ ഇവയെ അറിയപ്പെടുന്നത്‌. ജില്ലയിലൊട്ടാകെ ഇത്തരത്തില്‍ 12 സ്കുളുകളാണ്‌ ഉള്ളത്‌. റാന്നി വിദ്യാഭ്യാസ ഉപജില്ലയില്‍ അട്ടത്തോട്‌ പടിഞ്ഞാറേക്കര, അട്ടത്തോട്‌ സെന്റര്‍, ആര്‍ടിസി പമ്പ, ചാലക്കയം, ളാഹ, ചിന്നക്കയം, വേലംപിലാവ്‌ എന്നിങ്ങനെ ഏഴും, പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയില്‍ കൊച്ചുപമ്പ, എട്ടുഷെഡ്ഡ്‌, പതിനാലാംവയല്‍, മീനാര്‍, എന്നിങ്ങനെ നാലും കോന്നി വിദ്യാഭ്യാസ ഉപജില്ലയില്‍ നെല്ലിക്കാപാറയിലുമാണ്‌ വിദ്യാലയങ്ങളുള്ളത്‌. ഈ 12 സ്കൂളുകളിലായി 150ഓളം വനവാസി വിദ്യാര്‍ത്ഥികളാണ്‌ പഠിക്കുന്നത്‌. ഈ വിദ്യാലയങ്ങളിലൊന്നും കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകമോ ഉച്ചക്കഞ്ഞിയോ ഇതുവരെ ലഭിച്ചിട്ടില്ല. ഉള്‍വനങ്ങളിലടക്കം സ്ഥിതിചെയ്യുന്ന ഈ സ്കുളുകളിലെ വിദ്യാര്‍ഥികളെല്ലാം വനവാസി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്‌. ഉച്ചക്കഞ്ഞികൂടി ലഭിക്കാതായതോടെ പല വിദ്യാലയങ്ങളിലും കുട്ടികള്‍ വരാന്‍ മടിക്കുകയാണ്‌. ഈവര്‍ഷം ഈ സ്കൂളുകളില്‍ എത്രകുട്ടികള്‍ പഠിക്കുന്നുണ്ട്‌ എന്നുള്ള കണക്കെടുപ്പുപോലും നടന്നിട്ടില്ല.ഇതുകൊണ്ടുതന്നെ കുട്ടികളുടെ എണ്ണത്തെപ്പറ്റി അധികൃതര്‍ക്കും അറിയില്ല. വര്‍ഷങ്ങളായി ഈ മേഖലയില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക്‌ കേവലം മൂവായിരം രൂപയാണ്‌ വേതനം. ഹില്‍ട്രാക്ക്‌ അലവന്‍സായി അഞ്ഞൂറുരൂപാ കൂടി ഇവര്‍ക്ക്‌ ലഭിക്കും. എന്നാല്‍ കരാര്‍ പുതുക്കാത്തതിനാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവര്‍ക്ക്‌ വേതനവും ലഭിക്കുന്നില്ല. ഒരു കുട്ടിക്ക്‌ 150 രൂപാ വീതം മാസം തോറും ലഭിക്കുന്ന സ്റ്റൈപ്പന്റും നിഷേധിക്കപ്പെട്ടിരിക്കുകയാണ്‌. വിദ്യാലയങ്ങളുടെ സ്ഥിതിയും ശോചനീയമാണ്‌ ഉള്‍ക്കാടുകളില്‍ പ്ലാസ്റ്റിക്ക്‌ ഷീറ്റുകള്‍കൊണ്ട്‌ കുടില്‍കെട്ടിയാണ്‌ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. വേണ്ടത്ര ഉറപ്പും മറയും ഇല്ലാത്തതിനാല്‍ മഴക്കാലമായാല്‍ കുടിലിനുള്ളിലേക്കും മഴയെത്തും. വേണ്ടത്ര ഇരിപ്പിടം പോലുമില്ലാത്ത സ്കൂളുകളും ഏറെയാണ്‌. ഇത്തരം വിദ്യാലയങ്ങ ള്‍ നിര്‍ത്തലാക്കിയാല്‍ വനത്തിനുള്ളില്‍ കഴിയുന്ന ഒരു വിഭാഗം ആളുകളെ വിദ്യാഭ്യാസത്തില്‍ നിന്നും പൂര്‍ണമായും തുടച്ചുമാറ്റുന്നതായിരിക്കും ഫലമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. കെ.ജി. മധുപ്രകാശ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.