ഉപഭോഗം കുറഞ്ഞെങ്കിലും മദ്യ വിറ്റുവരവില്‍ വര്‍ധന

Saturday 5 April 2014 10:52 pm IST

തിരുവനന്തപുരം: ബീവറേജസ്‌ കോര്‍പ്പറേഷന്‍ വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത്‌ 9350 കോടി രൂപയുടെ മദ്യം. മദ്യത്തിന്റെ വിറ്റുവരവില്‍ ആറുശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ മദ്യഉപഭോഗത്തിന്റെ കാര്യത്തില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായെന്നാണ്‌ എക്സൈസ്‌ വകുപ്പിന്റെ അവകാശം. 2013 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 8841 കോടി രൂപയുടെ മദ്യമാണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ വഴി വിറ്റത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത്‌ 509 കോടി വര്‍ധിച്ച്‌ 9350 കോടിയായി.
2013ല്‍ 244 ലക്ഷം കേസ്‌ മദ്യമാണ്‌ ചെലവായതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 240 ലക്ഷം കേസ്‌ മദ്യം വിറ്റു. എന്നാല്‍ ബിയറിന്റെ ഉപഭോഗം ആറു ശതമാനം വര്‍ധിച്ചു. 2012-13സാമ്പത്തിക വര്‍ഷം 101 ലക്ഷം കേസായിരുന്നു ബിയര്‍ വില്‍പനയെങ്കില്‍ കഴിഞ്ഞ വര്‍ഷം 108 ലക്ഷം കേസ്‌ ബിയറാണ്‌ മലയാളികള്‍ കുടിച്ചത്‌. 2010 മുതല്‍ മദ്യ ഉപഭോഗത്തില്‍ ക്രമാനുഗതമായ കുറവുണ്ടായതായെന്നാണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്റെ അവകാശം.
നേരത്തേ ബ്രാന്‍ഡിക്കും റമ്മിനും ഒരുപോലെ ആവശ്യക്കാരുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്‌ ബ്രാന്‍ഡിയോടാണ്‌ പ്രിയം കൂടുതല്‍. ബിവറേജസ്‌ കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പനയിലൂടെ സംസ്ഥാന സര്‍ക്കാരിന്‌ ലഭിച്ചത്‌ 7500 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 250 കോടിയുടെ വര്‍ധന. 334 ഔട്ട്ലെറ്റുകളിലൂടെ ബിവറേജ്‌ കോര്‍പ്പറേഷന്‍ വിറ്റ മദ്യത്തിന്റെ മാത്രം കണക്കാണിത്‌. കണ്‍സ്യൂമര്‍ഫെഡിന്റെ 46 ഔട്ട്ലെറ്റുകള്‍ വഴിയും ബാറുകളിലൂടെയും വിറ്റ മദ്യത്തിന്റെ കണക്കു കൂടി പുറത്തു വന്നാല്‍ മാത്രമേ മലയാളിയുടെ മദ്യാസക്തിയുടെ യഥാര്‍ഥ ചിത്രമറിയൂ.
ഇപ്പോള്‍ തന്നെ നിലവാരമില്ലാത്ത ബാറുകള്‍ അടച്ചതോടെ ഔട്ട്ലെറ്റുകളിലെ കച്ചവടം റിക്കോര്‍ഡാകുകയാണ്‌. സംസ്ഥാനത്തെ 338 വിതരണകേന്ദ്രങ്ങളിലും വിറ്റുവരവ്‌ റെക്കോര്‍ഡ്‌ ഭേദിച്ചു. സാധാരണ ദിവസങ്ങളില്‍ ശരാശരി 18കോടി രൂപയാണ്‌ ബിവറേജസ്‌ ഔട്ട്ലെറ്റുകള്‍ വഴിയുള്ള മദ്യ വില്‍പന. ഇത്‌ 27.17 കോടി രൂപയില്‍ വരെയെത്തി. 35 ശതമാനത്തിലധികം വര്‍ധനയാണുണ്ടായത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.