അയ്യോ! എന്തൊരു ചൂട്‌

Monday 7 April 2014 8:56 am IST

കേരളം വെന്തുരുകുകയാണ്‌. കഴിഞ്ഞ വര്‍ഷത്തെ ഈ കാലഘട്ടത്തിലെ ചൂടിനേക്കാള്‍ രണ്ട്‌ ഡിഗ്രി സെല്‍ഷ്യസ്‌ കൂടുതല്‍. ഫാന്‍, എസി, മറ്റ്‌ ശീതീകരണ ഉപകരണങ്ങള്‍ക്ക്‌ വന്‍ ഡിമാന്റാണിപ്പോള്‍. എങ്ങനെയെങ്കിലും ഒന്നുറങ്ങണമെന്ന്‌ ഓരോ കേരളീയനും ആഗ്രഹിക്കുന്നു. പകല്‍ ചൂടും രാത്രി പുഴുക്കവും ഉറക്കം കെടുത്തുകയാണ്‌. വെളുപ്പിനെങ്കിലും കിട്ടിയിരുന്ന തണുത്തകാറ്റില്ലാതായിരിക്കുന്നു. ആയിരത്തിന്‌ മുകളില്‍ രൂപ കറന്റ്‌ ബില്ല്‌ കിട്ടാത്തവര്‍ വിരളം. വീടുകളില്‍ ഒട്ടുമിക്ക ഫാനുകളും കറങ്ങുകയാണ്‌. കള്ളന്മാരെ പേടിയാണെങ്കിലും ജനലുകള്‍ തുറന്നിടാതെ ഉറങ്ങുക ദുഷ്ക്കരമാണ്‌. വന്‍തുക ചെലവഴിച്ചുണ്ടാക്കിയ വീട്ടിലെ കോണ്‍ക്രീറ്റ്‌ ടെറസ്സില്‍ വെള്ളം നിര്‍ത്തുന്നവരും ഓലവെട്ടി പുരപ്പുറത്തിടുന്നവരും ടറസ്സിന്‌ മുകളില്‍ ഇരുമ്പ്‌ ഷീറ്റ്‌ മേയുന്നവരും വിരളമല്ല. എസിയില്‍ ഉറങ്ങുന്നവര്‍ രാത്രി കറന്റ്‌ പോകുമ്പോള്‍ ഞെട്ടി ഉണരുകയാണ്‌. അയ്യോ എന്തൊരു ചൂടെന്ന്‌ ദിവസത്തില്‍ പലതവണ പറയാത്തവര്‍ ചുരുക്കം. നഗരവും ഗ്രാമവും സംസ്ഥാനത്ത്‌ ഒരേപോലെ ചൂടനുഭവിക്കുകയാണ്‌. മുന്‍വര്‍ഷത്തെ പോലെ വേനല്‍ മഴ കിട്ടുമെന്ന പ്രതീക്ഷയുണ്ടെങ്കിലും മഴ ചൂടുവര്‍ധിക്കുകയേ ഉള്ളൂ എന്ന്‌ വിശ്വസിക്കുന്നവരാണേറെയും രാവിലെ മുതല്‍ വൈകിട്ടുവരെ ട്രാഫിക്‌ ഡ്യൂട്ടി നോക്കുന്ന പോലീസുകാര്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സൂര്യാഘാത മേല്‍ക്കുന്നു. ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരുടെ മുഖവും കൈകളും കറുത്തുപോയിരിക്കുന്നു. ട്രെയിന്‍ യാത്രക്കാരുടെ യാത്ര ചുടുകാറ്റടിച്ച്‌ ദുരിതപൂര്‍ണമായിരിക്കുന്നു. കാലാവസ്ഥ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഉന്നത ഊഷ്മാവിലേക്ക്‌ കൂപ്പുകുത്തുകയാണ്‌. ഇതിന്റെയൊപ്പം കുടിവെള്ള ദൗര്‍ലഭ്യവും മാലിന്യം നിറഞ്ഞ ലഭ്യമായ ജലവും. ഇത്‌ കൂടുതല്‍ ജലജന്യരോഗങ്ങള്‍ക്ക്‌ ഇടവരുത്തുകയാണ്‌. പുറമെ നിന്ന്‌ ശീതളപാനീയങ്ങള്‍ കുടിക്കുന്നത്‌ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കാലം. വെയിലത്ത്‌ കെട്ടിതൂക്കിയിട്ട്‌ വില്‍പ്പന നടത്തുന്ന കുപ്പിവെള്ളത്തില്‍ പോലും ആരോഗ്യത്തകര്‍ച്ച വരുത്തുന്ന ബിസ്ഫീനോളും ഫത്താലേറ്റുകളും. കിഡ്നിയും കരളും കളയുന്ന കുടിവെള്ളത്തിലെ രാസപദാര്‍ത്ഥങ്ങള്‍ അര്‍ബുദത്തിനുപോലും വഴിവയ്ക്കുന്നുവെന്നറിയുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍ പകച്ചുനില്‍ക്കുകയാണ്‌. ലോറിവെള്ള ബിസിനസ്സ്‌ കൊഴുക്കുകയാണ്‌. വൃത്തിഹീനമായ ടാങ്കര്‍ ലോറികളില്‍ പോലും കുടിവെള്ള വിതരണം നടക്കുകയാണ്‌. വേനലിലെ കുടിവെള്ള കച്ചവടം ചാകരയായി കാണുന്ന പഞ്ചായത്ത്‌ മെമ്പര്‍മാര്‍ ഏറെയാണ്‌. വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണമേന്മ ഉറപ്പാക്കാതെയും വിതരണത്തിനെടുക്കുന്ന ജലസ്രോതസ്സുകളിലെ മലിനീകരണം തടയാതെയും കക്കൂസ്‌ നിറയ്ക്കുന്ന ടാങ്കറുകളില്‍ പോലും കുടിവെള്ളം വിതരണം ചെയ്ത്‌ ലാഭം കൊയ്യുന്ന ജനദ്രോഹികള്‍ ഈ വേനലില്‍ പെരുകുകയാണ്‌. ജനങ്ങളുടെ ഉറക്കവും ആരോഗ്യവും സ്വസ്ഥതയും നഷ്ടപ്പെടുത്തുന്ന വേനലാണ്‌ 2014 നമുക്ക്‌ സമ്മാനിക്കുന്നത്‌. എന്തുകൊണ്ടാണ്‌ കേരളത്തിലെ അന്തരീക്ഷ ഊഷ്മാവ്‌ പിടിച്ചാല്‍ കിട്ടാത്തവിധം, ഒരു പ്രവചനത്തിനുപോലും കഴിയാത്തവിധം മാറിക്കൊണ്ടിരിക്കുന്നത്‌? കേരളം ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഒന്നായി ഒരൊറ്റ നഗരമായി വളരുകയാണ്‌. റോഡുകളും അംബരചുംബികളായ കെട്ടിടങ്ങളുംകൊണ്ട്‌ സംസ്ഥാനത്തെ പാടശേഖരങ്ങളും മലനാടും തീരപ്രദേശവും നിറയുകയാണ്‌. കേരളത്തിലെ വാഹനപ്പെരുപ്പം വര്‍ഷാവര്‍ഷം ലക്ഷങ്ങളില്‍ നിന്നും കോടികളിലേക്ക്‌ ഉയരുന്നു. ജലസ്രോതസ്സുകളെല്ലാം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. ഇത്‌ ശരാശരി അന്തരീക്ഷ ഈര്‍പ്പം കുറയ്ക്കുന്നതില്‍ വലിയ പങ്കാണ്‌ വഹിക്കുന്നത്‌. ഊഷരമായ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈയോക്സൈഡ്‌, മീഥേന്‍, ഹൈഡ്രോ കാര്‍ബണുകള്‍, പുക, പൊടിപടലം എന്നിവയുടെ സാന്നിദ്ധ്യം സൂര്യനില്‍നിന്ന്‌ വളരുന്ന ചെറിയ ചൂട്‌ പോലും ഉയര്‍ത്തിക്കൊണ്ടുവരും. സംസ്ക്കരിക്കാതെ നാടുനീളെ ദ്രവ-ഖരമാലിന്യം കെട്ടിക്കിടക്കല്‍ മീഥേന്‍ വാതകത്തിന്റെ അളവ്‌ അന്തരീക്ഷത്തില്‍ ഉയര്‍ത്തുകയാണ്‌. കാലാവസ്ഥാ വ്യതിയാനം പഠിക്കുന്ന അന്തര്‍ദ്ദേശീയ പാനല്‍ പറയുന്നത്‌ കാര്‍ബണ്‍ഡൈയോക്സൈഡ്‌ ഉണ്ടാക്കുന്നതിനേക്കാള്‍ ഇരുപത്തിയൊന്ന്‌ ഇരട്ടി കാലാവസ്ഥാ പ്രശ്നങ്ങളാണ്‌ മീഥേന്‍ ഉണ്ടാക്കുകയെന്നാണ്‌. സംസ്ഥാനത്ത്‌ ഇന്ന്‌ കാലാവസ്ഥാ പ്രവചനം അസാധ്യമായിരിക്കയാണ്‌. തിരുവാതിര ഞാറ്റുവേല നാളുകളില്‍ കനത്ത ചൂടും നിനച്ചിരിക്കാത്ത സമയങ്ങളില്‍ മഴയുമാണിവിടെ. ചൂട്‌ വര്‍ധിച്ചതുമുതല്‍ കൂടുതല്‍ എസികള്‍ പ്രവൃത്തിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. കാറുകളിലും ബസ്സുകളിലും ഓഫീസുകളിലും സിനിമാ തിയേറ്ററുകളിലും സ്വര്‍ണക്കടകളിലും തുണിക്കടകളിലും എന്തിനേറെ കച്ചവടസ്ഥാപനങ്ങളിലൊക്കെ എസി പ്രവൃത്തിപ്പിക്കുകയാണ്‌. ഇത്‌ സാധാരണയില്‍ കവിഞ്ഞ്‌ 10 ഇരട്ടി താപമാണ്‌ ഭൂമിയ്ക്കടുത്ത പ്രതല അന്തരീക്ഷത്തില്‍ വര്‍ധിപ്പിക്കുന്നത്‌. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലെ എസി പ്രവൃത്തി മൂലം കൂടുതല്‍ ഭാഗങ്ങളിലേക്ക്‌ കൂടുതല്‍ താപം പരത്തുകയാണ്‌. എന്നാല്‍ ഇതോടൊപ്പം റോഡു വശങ്ങളിലുള്ള മരങ്ങളും പച്ചപ്പും നശിപ്പിച്ചു കളഞ്ഞത്‌ വാഹനമലിനീകരണം മൂലമുണ്ടാകുന്ന താപവര്‍ധനവിന്‌ ആക്കം കൂട്ടി. സാധാരണ റോഡില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചൂട്‌ കാറ്റുമൂലം അന്തരീക്ഷത്തില്‍ കൂടുതല്‍ ഭാഗത്തേക്ക്‌ പരക്കുകയാണ്‌ പതിവ്‌. എന്നാല്‍ റോഡിനിരുവശവുമുള്ള അംബരചുംബികളായ കെട്ടിടങ്ങള്‍ കാറ്റിന്റെ ഗതി പോലും നിയന്ത്രിക്കുകയാണ്‌. ഇതുമൂലം "താപദ്വീപ്‌" പോലെ കൂടുതല്‍ ഊഷ്മാവുള്ള വായുവിന്റെ പടലങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ മനുഷ്യവാസ മേഖലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്നതിന്‌ ഇട നല്‍കുന്നു. ഇത്‌ പ്രാദേശിക കാലാവസ്ഥയില്‍ പ്രത്യേകിച്ചും ശരാശരി അന്തരീക്ഷ ഊഷ്മാവില്‍ വര്‍ധനവുണ്ടാക്കുന്നു. പാടശേഖരങ്ങള്‍, വനങ്ങള്‍, ജലസ്രോതസ്സുകള്‍, കോള്‍നിലങ്ങള്‍, ചതുപ്പുകള്‍, പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കാവുകള്‍, കായലുകള്‍ എന്നിവയില്‍ പതിക്കുന്ന സൂര്യ രശ്മികള്‍ പ്രതിബിംബിക്കുമ്പോള്‍ ജലം ബാഷ്പീകരിക്കുന്നതിനും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുന്നതിനും ചൂട്‌ കുറയുന്നതിനും താപത്തിന്റെ തീഷ്ണത ലഘൂകരിക്കുന്നതിനും ഇടവരുത്തും. എന്നാല്‍ കേരളത്തില്‍ നടക്കുന്ന 'വികസനം' മൂലം പ്രകൃതിവിഭവങ്ങള്‍ ഓരോന്നായി അപ്രത്യക്ഷമാവുകയും കുന്നുകള്‍ വനങ്ങള്‍ സഹിതം അപ്രത്യക്ഷമായതുമൂലവും പാടശേഖരങ്ങള്‍ മണ്ണടിച്ച്‌ നികത്തിയെടുത്തതുമൂലവും ഭൂമിയിലെത്തുന്ന സൂര്യതാപം ഭൂമിയെ കൂടുതല്‍ ചൂടാക്കുന്നതിനും കൂടുതല്‍ താപതരംഗം സൃഷ്ടിക്കുന്നതിനും ഇടവരുത്തിയിരിക്കയാണ്‌. കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍, റോഡുകള്‍, ഇരുമ്പ്‌ നിര്‍മിതികള്‍, കോണ്‍ക്രീറ്റ്‌ വീടുകള്‍ക്ക്‌ മുകളിലെ തകരഷീറ്റ്‌, ഇരുമ്പ്‌ പാലങ്ങള്‍, അംബരചുംബികളായ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ എന്നിവയെല്ലാം ഭൂമിയിലെത്തുന്ന താപരശ്മികളുടെ ചൂട്‌ കുറയ്ക്കുന്നതിനു പകരം അത്‌ വര്‍ധിപ്പിച്ചു. പ്രത്യേകിച്ചും ജനവാസ മേഖലകളില്‍ വാഹനപ്പെരുപ്പം സൃഷ്ടിച്ച വായു മലിനീകരണം പ്രത്യേകിച്ചും ഹരിതവാതക ഉല്‍പ്പാദനം ഹരിതവാതക പ്രതിഭാസത്തിന്‌ ആക്കം കൂട്ടുകയും ഭൂപ്രതലത്തില്‍ നിയന്ത്രണാതീതമായ തോതില്‍ ഊഷ്മാവ്‌ വര്‍ധിപ്പിക്കുകയും ചെയ്തതാണ്‌ കേരളം നേരിടുന്ന ഈ ചൂടു വര്‍ധനവിന്‌ മുഖ്യ കാരണം. വികലവും അശാസ്ത്രീയവുമായ വികസന കാഴ്ചപ്പാടുകള്‍, ലോകരാജ്യങ്ങള്‍ പ്രത്യേകിച്ചും ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പ്രോഗ്രാം കഴിഞ്ഞ അരനൂറ്റാണ്ടായി നല്‍കുന്ന താക്കീതുകള്‍ തൃണവല്‍ക്കരിച്ച്‌ നമ്മെ ഭരിച്ച രാഷ്ട്രീയ നേതൃത്വം നടത്തിയ കുത്തഴിഞ്ഞ ഭരണമാണിന്നത്തെ ചൂടുവര്‍ധനവിന്‌ മറ്റൊരു കാരണം. ആഗോളതാപനത്തിന്‌ മരമാണ്‌ മറുപടിയെന്ന്‌ വിളിച്ചു പറയുകയും മരം മുറിക്കുന്നതിന്‌ ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്യുന്ന കപട രാഷ്ട്രീയത്തിന്‌ കേരളം നല്‍കുന്ന വലിയ വിലയാണ്‌ നാമനുഭവിക്കുന്ന സഹിക്കാന്‍ പറ്റാത്ത ചൂട്‌. കേരളീയ പൈതൃകം തമസ്ക്കരിക്കുകയും മരംമുറിക്കുന്നതിന്‌ മുമ്പ്‌ മരത്തോട്‌ അനുമതി വാങ്ങണമെന്ന തത്വശാസ്ത്രം തള്ളിക്കളയുകയും ഭാവിതലമുറയെ ദുരിത ജീവിതത്തിലേക്ക്‌ തള്ളിവിടുകയും ചെയ്യുന്ന ഭരണസംവിധാനങ്ങളാണ്‌ ഈ വേനലിലെ ചൂടുവര്‍ധനവിന്‌ മറുപടി പറയേണ്ടത്‌. ഒരു കിലോ പെട്രോള്‍, ഡീസല്‍, കല്‍ക്കരി, മണ്ണെണ്ണ തുടങ്ങിയ ഫോസില്‍ ഇന്ധനം എരിഞ്ഞുതീരുമ്പോള്‍ മൂന്ന്‌ കിലോ കാര്‍ബണ്‍ഡൈയോക്സൈഡ്‌ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്‌. ലോകത്ത്‌ ഒരുവര്‍ഷം 6.6 ബില്യണ്‍ മെട്രിക്‌ ടണ്‍ കാര്‍ബണ്‍ അടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ എരിഞ്ഞുതീരുന്നുണ്ട്‌. വാഹനപ്പെരുപ്പം കൊച്ചുകേരളത്തിലെ ചൂടുവര്‍ധനയ്ക്ക്‌ കാരണമാകുന്നത്‌ ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗം മൂലമാണ്‌. ഓരോ വര്‍ഷവും കാര്‍ബണ്‍ഡൈയോക്സൈഡ്‌ നാല്‌ ശതമാനം കണ്ടാണ്‌ വര്‍ധിക്കുന്നത്‌. സംസ്ഥാനത്തെ ചൂടുവര്‍ധനക്ക്‌ മറ്റൊരു കാരണം സര്‍ക്കാരിന്റെ നയവൈകല്യങ്ങളാണ്‌. കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടുകള്‍ വോട്ടിനുവേണ്ടി മാറ്റം വരുത്തുക, വനമേഖലയിലെ അനധികൃത വനങ്ങളുടെ ബഫര്‍സോണുകളില്‍ നിര്‍മാണങ്ങള്‍ക്ക്‌ ഇളവ്‌, പാടം നികത്തി ഫൈനടച്ചാല്‍ കരഭൂമി സ്റ്റാറ്റസ്‌ നല്‍കല്‍, മുതല്‍മുടക്കുകാരന്‌ നിലവിലെ നിയമങ്ങളില്‍ അനധികൃതമായി ഇളവ്‌ നല്‍കല്‍, കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഇളവ്‌ നല്‍കല്‍, തീരദേശ സംരക്ഷണ നിയമലംഘനങ്ങള്‍ക്ക്‌ വികസനമെന്ന പേരില്‍ കൂട്ടുനില്‍ക്കല്‍, ചെറുകിട ധാതുഖനനത്തിന്‌ നിയമം മറികടന്ന്‌ അനുവാദം നല്‍കല്‍, തണ്ണീര്‍ത്തട പാടശേഖരനിയമം നോക്കുകുത്തിയാക്കല്‍ തുടങ്ങിയവ അതില്‍ ചിലത്‌ മാത്രം. സുപ്രീംകോടതിയേയും ദേശീയഹരിത ട്രിബ്യൂണലിനെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തേയും മറികടക്കുവാന്‍ നിശ്ചിതയോഗ്യതയില്ലാത്തവരേയും പ്രവൃത്തിപരിജ്ഞാനമില്ലാത്തവരേയും അഭിരുചിയോ വൈദഗ്ദ്ധ്യമോ ഇല്ലാത്തവരെയും സ്വജനപക്ഷപാതത്തിന്റെ പേരില്‍ തിരുകിക്കയറ്റി സംസ്ഥാന പരിസ്ഥിതി പ്രത്യാഘാത പഠന അതോറിറ്റി രൂപീകരിക്കുക. നിയമം മറികടന്ന്‌ പാറമടകള്‍ക്കും വിമാനത്താവളങ്ങള്‍ക്കും അനുമതി നല്‍കുവാന്‍ ഇതിലൂടെ സാധ്യമാക്കുക. അതുകൊണ്ട്‌ തന്നെ കേരള പരിസ്ഥിതിക്ക്‌ പ്രതികൂലമായ മാറ്റങ്ങളാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇത്‌ കാലക്രമേണ താപവര്‍ധനവിന്‌ കാരണമാവുകയാണ്‌. സംസ്ഥാനത്തെ താപനില താങ്ങാവുന്നതിലേറെയായിരിക്കുന്നു. വൃദ്ധര്‍, ശിശുക്കള്‍, രോഗികള്‍ എന്നിവര്‍ ചൂടുകാലത്ത്‌ അത്യധികമായ ദുരിതമനുഭവിക്കുകയാണ്‌. എസി കാറിലും എസി മുറിയിലും വിമാനത്തിലുമിരുന്ന്‌ ഭരണം നടത്തുന്നവര്‍ക്ക്‌ സാധാരണക്കാരന്റെ ദുരിതം മനസ്സിലാകുന്നില്ല. പരിസ്ഥിതി സംരക്ഷണമില്ലാതെ നടത്തുന്ന വികസനപദ്ധതികള്‍ കേരളത്തിന്റെ കാലാവസ്ഥയെയാണ്‌ നിയന്ത്രണാതീതമായി മാറ്റിമറിച്ചിരിക്കുന്നത്‌. ജനങ്ങള്‍ കുടിവെള്ളക്ഷാമത്താലും രോഗങ്ങളാലും ഉറങ്ങാന്‍ കഴിയാത്ത വിധമുള്ള താപവര്‍ധനയാലും വീര്‍പ്പുമുട്ടുകയാണ്‌. സംസ്ഥാന സര്‍ക്കാരിന്റെ വികലമായ വികസനനയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ കേരളം തീച്ചൂളയാകുവാന്‍ നാളെറെ വേണ്ട. ഡോ. സി.എം. ജോയ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.