ദല്‍ഹി കോടതികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും

Thursday 15 September 2011 8:30 pm IST

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിയുടെ പുറത്തുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ രണ്ടുകോടതി സമുച്ചയങ്ങള്‍ക്കും നൂറോളം നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ സുരക്ഷ ശക്തമാക്കാന്‍ പോലീസ്‌ നീക്കം തുടങ്ങി. ദല്‍ഹിയിലെ തെക്കുഭാഗത്തുള്ള സാകേത്‌ തെക്കു പടിഞ്ഞാറുള്ള ദ്വാരക കോടതി സമുച്ചയങ്ങളിലാണ്‌ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്‌. ഇതിനായി ദല്‍ഹി പോലീസ്‌ കരാറുകള്‍ ക്ഷണിച്ചിട്ടുണ്ട്‌. ഈയിടെയുണ്ടായ ഭീകരാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയുമുണ്ടായി. സാകേതിലെ കോടതിപരിസരത്ത്‌ 50 ഉം ദ്വാരകയില്‍ 48 ഉം നിരീക്ഷണ ക്യാമറകളാണ്‌ സ്ഥാപിക്കുന്നത്‌. 37 ഉറപ്പിക്കുന്ന ക്യാമറകളും ഏഴ്‌ പിടിഇസഡ്‌ ക്യാമറകളും 5 മെഗാ പിക്സല്‍ ക്യാമറകളും വാടകക്കെടുക്കും.
നിരീക്ഷണ ക്യാമറകള്‍ മുഴുവന്‍ പ്രദേശത്തിന്റെയും ദൃശ്യങ്ങള്‍ രേഖപ്പെടുത്തുന്നത്‌ ദിവസം മുഴുവന്‍ തുടരും. കോടതിയുടെ ചുറ്റുപാടുകള്‍ വീക്ഷിക്കണമെന്ന ആശയം ഉടലെടുത്തത്‌ കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ രണ്ടു സ്ഫോടനങ്ങള്‍ നടന്നതിനെത്തുടര്‍ന്നാണ്‌. ഇതിനു പുറമെ കോടതി പരിസരത്ത്‌ അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിരീക്ഷണ ക്യാമറകള്‍ ഇത്തരം ദുരന്തങ്ങളെ ഒരു പരിധിവരെ തടയാന്‍ സഹായിക്കുമെന്ന്‌ ഒരു ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സാകേതില്‍ 60 ഉം ദ്വാരകയില്‍ 45 ഉം കോടതികളാണുള്ളത്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.