ഉറക്കം കെടുത്തിയ പുള്ളിപ്പുലി ഒടുവില്‍ കിണറ്റില്‍വീണു

Monday 7 April 2014 9:55 pm IST

ചാലക്കുടി: പൂലാനി-കുറുപ്പം നിവാസികളുടെ ഉറക്കം കെടുത്തി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പുള്ളിപുലി കിണറ്റില്‍ വീണു. ഇന്നലെ ഉച്ചതിരിഞ്ഞ്‌ 3മണിയോടെയാണ്‌ കുറുപ്പം എടയപ്പുറം സതീശന്റെ ആള്‍മറയില്ലാത്ത കിണറ്റില്‍ പുലി കുടുങ്ങിയത്‌. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടെത്തിയ അയല്‍വാസികളാണ്‌ പുലി കിണറ്റില്‍ വീണതുകണ്ടത്‌. പുലി കുടുങ്ങിയതോടെ നാട്ടുകാര്‍ക്കും വലിയ ആശ്വാസമായി. തുടര്‍ന്ന്‌ കൊരട്ടി പോലീസ്‌, വനം വകുപ്പുദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സ്‌ എന്നിവര്‍ സ്ഥലത്തെത്തി. പുലിയെ കിണറ്റില്‍ നിന്നും ചാടിച്ച്‌ കൂട്ടിലാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്‌. എന്നാല്‍ പ്രദേശത്ത്‌ മതിയായ സുരക്ഷയില്ലെന്ന്‌ കണ്ട ഉദ്യോഗസ്ഥര്‍ ആ പദ്ധതി ഉപേക്ഷിച്ചു. മയക്കുവെടിവച്ച്‌ മയക്കി പുലിയെ പിടികൂടാനാണ്‌ ഇപ്പോഴത്തെ നീക്കം. പുലിയെ മയക്കുവെടി വയ്ക്കാനുള്ള കളക്ടറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ പ്രദേശത്ത്‌ തിങ്ങികൂടിയ ജനകൂട്ടവും കനത്ത മഴയും ഇതിന്‌ തടസ്സമാവുകയാണ്‌. മയക്കുവെടിവയ്ക്കാനുള്ള ശ്രമം ഏറെ വൈകിയും തുടരുകയാണ്‌. ഞായറാഴ്ച വൈകീട്ടാണ്‌ പ്രദേശത്ത്‌ പുലി സാന്നിധ്യം ഉണ്ടായത്‌. പനങ്ങത്തുകുടി സുകുമാരനും ഭാര്യയുമാണ്‌ വീടിന്‌ സമീപം പുലിയെ ആദ്യം കണ്ടത്‌.പിന്നീട്‌ പലരും പുലിയെ കണ്ടു. ഭയന്ന നാട്ടുകാര്‍ വീടിന്‌ പുറത്ത്‌ ഇറങ്ങാതായി. പോലീസും വനംവകുപ്പും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. നാട്ടുകാര്‍ പുലിയുടെ കാല്‍പാടുകള്‍ കാണിച്ചു കൊടുത്തെങ്കിലും പുലിയുടേതല്ല എന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ്‌. കാല്‍പാട്‌ പുലിയുടേതല്ല എന്ന്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ തറപ്പിച്ച്‌ പറഞ്ഞു. ഇതിന്റെ പേരില്‍ ഇന്നലെ പുലിയെ പിടിക്കാനെത്തിയ വനംവകുപ്പുദ്യോഗസ്ഥരുമായി നാട്ടുകാര്‍ തര്‍ക്കത്തിലായി. പുലിയുടെ കാല്‍പാട്‌ പോലും തിരിച്ചറിയാന്‍ പറ്റാത്തവരെ കൊണ്ട്‌ ആര്‍ക്കെന്ത്‌ പ്രയോജനമെന്നാണ്‌ നാട്ടുകാരുടെ ചോദ്യം. വാഗ്വാദം രൂക്ഷമായതോടെ പോലീസ്‌ പ്രദേശവാസികളെ അനുനയിപ്പിച്ച്‌ പറഞ്ഞയച്ചു. പുലിയെ മയക്കുവെടി വച്ച്‌ പിടികൂടാനുള്ള ശ്രമം രാത്രിയിലും തുടരുകയാണ്‌. ബി.ഡി.ദേവസ്സി എം.എല്‍.എ, മേലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹൈമാവതി ശിവന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.