വേനല്‍മഴയില്‍ ജില്ലയില്‍ വ്യാപക നാശം

Monday 7 April 2014 9:59 pm IST

കോട്ടയം: വേനല്‍മഴയില്‍ ജില്ലയില്‍ പരക്കെ നാശം. മരം കടപുഴകിയും ഇടിമിന്നലിലുമാണ് നാശം സംഭവിച്ചത്. റയില്‍ഗുഡ്‌സ് ഷെഡിനു സമീപം വന്‍മരം കടപുഴി വീണു മിനി ലോറി തകര്‍ന്നു. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് മരം കടപുഴകിയത്. ലോറിയുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.കാറ്റില്‍ നിരവധി വൈദ്യതി പോസ്റ്റുകളും നിലംപതിച്ചതിനാല്‍ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധവും താറുമാറായി. പട്ടണം മണിക്കുറുകളോളം ഇരുട്ടിലായത് ഏറെ ദുരിതത്തിലാഴ്ത്തി. കോട്ടയം മുട്ടമ്പലം റോഡിലും ചവിട്ടുവരി റോഡിലും മരം കടപുഴി ഗതാഗതം തടസപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത വേനല്‍ മഴയിലും കാറ്റിലും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പരക്കെ നാശം സംഭവിച്ചിട്ടുണ്ട്. വീടിനു കേടുപാടുകളും കൃഷിക്ക് നാശവും ഉണ്ടായിട്ടുണ്ട്. തോട്ടയ്ക്കാട്, കറുകച്ചാല്‍, മീനടം, വാകത്താനം, പിച്ചനാട്ടുകുളം തുടങ്ങിയ സ്ഥലങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. തോട്ടയ്ക്കാട്ട് വീടിനു മുകളില്‍ മരം വീണ് വീടുതര്‍്ന്ന വീട്ടിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. വാകത്താനം പഞ്ചായത്തിലെ എഴുവന്താനം കൊച്ചാലുങ്കല്‍ റെജിയുടെ മക്കളായ രശ്മി (11), ജിത്തു (ഒന്‍പത്), റെജിയുടെ അമ്മ മേരി (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറ്റിലും മഴയിലും തെങ്ങ് വീടിനു മുകളിലേക്ക് വീണു വീടു തകര്‍ന്നാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഷീറ്റിട്ട വീട് പൂര്‍ണമായി തകര്‍ന്നു. ഇന്നലെയുണ്ടായ കാറ്റിലും മഴയിലും കറുകച്ചാലില്‍ വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് നാലു വീടുകള്‍ക്ക് ഭാഗികമായി തകരാറുണ്ടായി. ചമ്പക്കര മുണ്ടന്‍കുന്നേല്‍ ഭാഗത്ത് ഏതാനും വീടുകള്‍ക്കു മുകളില്‍ മരം വീണ് വീടിന് ഭാഗികമായ തകര്‍ച്ചയുണ്ടായി. കാറ്റിനെ തുടര്‍ന്നു കൊല്ലാട് പാറയ്ക്കല്‍കടവ് ഭാഗത്ത് തണല്‍ മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെയാണ് മരം വീണത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു. വീടിനു മുകളിലേക്ക് മരംവീണ് ഒരാള്‍ക്ക് പരിക്ക് ചങ്ങനാശേരി: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വാഴപ്പള്ളിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വാഴപ്പള്ളി പത്മാനിവാസില്‍ ഗുരുനാഥന്റെ വീടിനുമുകളിലേക്കാണ് മരം മറിഞ്ഞുവീണത്. ഈ സമയം വീട്ടുലുണ്ടായിരുന്ന കണ്ണന്റെ (35) തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. വില്ലേജ് ഓഫീസ് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വാഴൂര്‍ റോഡില്‍ തെങ്ങണയ്ക്കു സമീപം പെരുമ്പനച്ചിയില്‍ മരം കടപുഴകി വീണ് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നശമനസേനയും പോലീസും എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.