ആരുടെ കൊട്ടിക്കലാശം?

Tuesday 8 April 2014 9:47 pm IST

തൃശ്ശൂര്‍ പൂരം കൊടിയേറുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പ് മാമാങ്കം കൊട്ടിക്കലാശിക്കുകയാണ്. ടിവിയിലെ വിശകലനങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യത ചര്‍ച്ചാവിഷയമാക്കി, വാഗ്ദാനപ്പെരുമഴയുമായി, മേളക്കൊഴുപ്പോടെ രാഷ്ട്രീയ രംഗം സജീവമാകുമ്പോള്‍ ഉയര്‍ന്നുവരുന്ന പ്രസക്തമായ ചോദ്യം ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് (അവരില്‍ നല്ലൊരു ശതമാനം ക്രിമിനലുകളുമാണ്) അവര്‍ ഭരണത്തിലേറി അഴിമതിയില്‍ ആറാടി കോടീശ്വരന്മാരാകുമ്പോള്‍ പാവപ്പെട്ട ജനങ്ങള്‍ക്കെന്തു കിട്ടുമെന്നാണ്. കോരന് കഞ്ഞി കുമ്പിളില്‍ തന്നെയാവുമോ? ഓരോ തെരഞ്ഞെടുപ്പിലും ആസ്തി പ്രഖ്യാപിക്കുന്ന മുന്‍ മെമ്പര്‍മാര്‍ അവരുടെ കാലയളവില്‍ എത്രയധികം സമ്പന്നരായെന്ന് ആരും പരിശോധിക്കുന്നില്ല. യുപിഎ ഭരണകാലത്ത് എട്ട് ലക്ഷം കോടിയോളം രൂപയുടെ അഴിമതി നടന്നിട്ടും നമ്മുടെ പാവപ്രധാനമന്ത്രി പറയുന്നത് അഴിമതി തുടച്ചുനീക്കപ്പെട്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ മാത്രം സാധിച്ചില്ലെന്നുമാണ്. 2 ജി സ്‌പെക്ട്രം കേസില്‍ ജയിലില്‍ പോയ എ.രാജ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് രംഗത്തുണ്ട്.  വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിച്ചത് മന്‍മോഹന്‍സിംഗ് പെട്രോള്‍-ഡീസല്‍ വില നിര്‍ണയാവകാശം ഓയില്‍ കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നതുകൊണ്ടായിരുന്നില്ലേ? പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമ്മതിദായകര്‍ ബൂത്തിലേക്ക് പോകുമ്പോള്‍ ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യം കഴിഞ്ഞ ലോക്‌സഭ എന്തുകൊണ്ടാണ് നിരന്തരം സ്തംഭിപ്പിക്കപ്പെട്ടു എന്നതാണ്. നാം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നത് പാര്‍ട്ടിയുടെ അടിസ്ഥാനത്തിലാണ്, സ്ഥാനാര്‍ത്ഥിയുടെ യോഗ്യത കണക്കാക്കിയല്ല. ''വോട്ടിന് നോട്ട്'' രീതി പാടില്ല എന്നാണ് നിയമമെങ്കിലും നിയമം പാലിക്കപ്പെടുന്നുണ്ടോ? എല്ലാ തെരഞ്ഞെടുപ്പുകളിലും വാഗ്ദാനപ്പെരുമഴകളാണ് പെയ്‌തൊഴിയുക. ഇപ്പോള്‍ കോണ്‍ഗ്രസ് ഓരോ കരങ്ങള്‍ക്കും ശക്തി, ഓരോ കരങ്ങള്‍ക്കും പുരോഗതി, സ്ത്രീകള്‍ക്ക് ഒരുലക്ഷം രൂപയുടെ അനായാസ ലോണ്‍, പോലീസ് സേനയില്‍ 25 ശതമാനം സ്ത്രീകള്‍ എന്നീ വാഗ്ദാനങ്ങള്‍ നല്‍കുന്നു. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കുന്നു. പക്ഷേ പോലീസുകാരിയായ പദ്മിനിക്ക് പോലും ഇവിടെ നീതി കിട്ടിയില്ലെന്നോര്‍ക്കണം. നിരന്തരം വികസനം വാഗ്ദാനം ചെയ്ത് മെട്രോ റെയില്‍, സ്മാര്‍ട്ട് സിറ്റി, സ്‌കൈസിറ്റി എന്നിവയൊക്കെ വാഗ്ദാനം ചെയ്തപ്പോള്‍, ''നിങ്ങള്‍ പറയുന്ന വികസനങ്ങള്‍ വരുമായിരിക്കും. പക്ഷേ എന്റെ മുന്നിലുള്ള ടാപ്പില്‍ ശുദ്ധജലം എപ്പോള്‍ വരുമെന്ന് പറയാനാകുമോ'' എന്ന് ഒരു വീട്ടമ്മ ചോദിച്ചതായി സി.ആര്‍.നീലകണ്ഠന്‍ പറയുന്നു. പതിനാറാം ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴും കുമരകം പോലുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ പൈപ്പ് തുറന്നിട്ട്, ടാങ്കര്‍ വരുന്നത് കാത്ത് ക്യൂവില്‍ നില്‍ക്കുന്നു. ആദിവാസികള്‍ക്ക് ഇന്നും പട്ടയമോ ശുദ്ധജലമോ വിളര്‍ച്ചാ രോഗം ബാധിക്കാതെ ഭക്ഷണമോ നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. മൂലമ്പിള്ളിയില്‍നിന്നും വികസനത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ക്ക് ഇന്നും കിടപ്പാടമില്ല. പെരിയാര്‍ തീരത്തുപോലും കുടിവെള്ള ലഭ്യതയില്ല. ആദിവാസി സ്ത്രീകള്‍ ഇന്നും ലൈംഗിക ചൂഷണത്തിന് ഇരകളാണ്. ഇന്നലെ പോലും കൂട്ടബലാത്സംഗത്തിനിരയായ ആദിവാസി സ്ത്രീ റോഡില്‍ കിടക്കുന്ന വാര്‍ത്തയാണ് വരുന്നത്. ഓരോ കരങ്ങള്‍ക്കും പുരോഗതിയെന്ന് വാഗ്ദാനം ചെയ്യുമ്പോഴും ഓരോ കരങ്ങളും ജോലി അന്വേഷിച്ച് മറുനാട്ടില്‍ പോകേണ്ടിവരുന്നു. അവര്‍ അയയ്ക്കുന്ന പണമാണ് ഇന്ത്യയുടെ സാമ്പത്തികഭദ്രത കുറച്ചെങ്കിലും ഉറപ്പാക്കുന്നത്. പക്ഷേ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള പല രാഷ്ട്രീയ നേതാക്കളുടെയും വിശ്വാസം പൊതുജനം കഴുതയാണെന്നാണ്. വാഗ്ദാനങ്ങള്‍ വിഴുങ്ങി അവര്‍ ബൂത്തിലെത്തുമെന്നാണ്. അത് ശരിയാണു താനും. ഇന്ത്യന്‍ ജനത ഇനിയും രാഷ്ട്രീയപ്രബുദ്ധത നേടിയിട്ടില്ല; പ്രത്യേകിച്ച് സ്ത്രീകള്‍. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ അവബോധമുണ്ടോ? സാക്ഷര കേരളത്തിലെ സ്ത്രീകള്‍ പോലും ഭര്‍ത്താവ് പറയുന്നവര്‍ക്ക് വോട്ട് നല്‍കും. കേരളം സാക്ഷര കേരളമായത് ഇവിടുത്തെ പ്രാചീന സംസ്‌ക്കാരം മൂലമാണ്. വളരെ കഴിഞ്ഞപ്പോഴാണ് ആഭിജാതരായ കേരള സ്ത്രീകള്‍ തങ്ങള്‍ അടുക്കളപ്പണിക്കാരികളാകേണ്ടവരോ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടവരോ അല്ലെന്നും തിരിച്ചറിഞ്ഞത്. വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇവിടെ നിലനിന്ന അയിത്തം കണ്ടാണ് കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയും മറ്റുമാണ് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പഠിപ്പിച്ചത്. ഇന്ന് മഹാഗായകന്‍ യേശുദാസ് തന്റെ ഗാനങ്ങളിലൂടെ ഇത് നിരന്തരം ഉദ്‌ബോധിപ്പിക്കുന്നു. വിദ്യാഭ്യാസംകൊണ്ട് മാനസിക അടിമത്തമോ കീഴാള മനോഭാവമോ മാറുകയില്ല. സ്ത്രീശാക്തീകരണമെന്നാല്‍ തന്റെ നേര്‍ക്കുവരുന്ന അക്രമികളെ ചെറുക്കാനുള്ള ധൈര്യം സംഭരിക്കല്‍ മാത്രമല്ല, തങ്ങളും മാനുഷികമായി സമ്പന്നരാണെന്ന തിരിച്ചറിയുക കൂടിയാണ്. പുരുഷന്റെ സ്വേച്ഛാധികാരഭ്രമം സ്ത്രീകളെ പ്രാന്തവല്‍ക്കരിക്കുന്നു. കുടുംബഭദ്രത മാത്രം അന്തിമലക്ഷ്യമായുള്ള സ്ത്രീകള്‍ ഇതിന് വിധേയരായിത്തീരുന്നു. സ്ത്രീകള്‍ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുക്കപ്പെടുമ്പോള്‍, ഒതുങ്ങുമ്പോള്‍ രാജ്യത്തിന് നഷ്ടമാകുന്നത് മാനവവിഭവശേഷിയാണെന്ന സത്യം പുരുഷന്‍ തിരസ്‌ക്കരിക്കുന്നു. ഇപ്പോള്‍ സോണിയാഗാന്ധി കോണ്‍ഗ്രസുകാരുടെ ഹൈക്കമാന്റാണ്. വിദേശിയായ സോണിയാഗാന്ധിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി, സ്ത്രീകള്‍ക്ക് ന്യായമായ സ്ഥാനങ്ങളും പൗരാവകാശവും ഉറപ്പുവരുത്തണമെന്നുപദേശിക്കാനുള്ള ധൈര്യം തലപ്പാവിനടിയില്‍ ഒന്നുമില്ലാത്ത പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. സ്ത്രീ ശാക്തീകരണം എന്നാല്‍ രാഷ്ട്രീയ പങ്കാളിത്തമാണെന്ന് ഞാന്‍ പ്രസംഗിക്കാറുണ്ട്.  ഇപ്പോള്‍ പഞ്ചായത്തു തലത്തില്‍ 50 ശതമാനം സംവരണം കൊണ്ടുവന്നിട്ടും പഞ്ചായത്ത് വനിതകള്‍ ശാക്തീകരിക്കപ്പെട്ടവരോ പുരോഗമനവീക്ഷണമുള്ളവരോ അല്ല. കുടുംബശ്രീ സംവിധാനം താഴേക്കിടയിലെ സ്ത്രീകളെ സ്വയം പര്യാപ്തമാക്കിയെങ്കിലും രാഷ്ട്രീയവല്‍ക്കരണം അവരെ ജാഥാ തൊഴിലാളികളാക്കി. ഇതെല്ലാം ഞാന്‍ ചൂണ്ടിക്കാണിച്ചത് ഇപ്പോഴത്തെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. നമ്മുടെ നിയമസഭയില്‍ സ്ത്രീ പ്രാതിനിധ്യം അഞ്ച് ശതമാനം മാത്രമാണ്. ഈ തെരഞ്ഞെടുപ്പിലും വനിതകളെ സ്ഥാനാര്‍ത്ഥികളാക്കുന്നത് അവര്‍ക്ക് ജയിക്കാന്‍ സാധ്യതയില്ലാത്ത മണ്ഡലങ്ങളിലാണ്. ഷാനിമോള്‍ ഉസ്മാന് ഒരു തെരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്നത് വി.എസ്.അച്യുതാനന്ദനായിരുന്നല്ലോ. ഈ തെരഞ്ഞെടുപ്പിലും വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം പരിമിതമാണ്. ഷീബയ്ക്കും മറ്റും നല്‍കിയ മണ്ഡലവും വിജയസാധ്യതയില്ലാത്തതാണ്. സ്ത്രീ രാഷ്ട്രീയ പ്രവേശനത്തെ തടയുന്നതില്‍ ഇടതു-വലതു രാഷ്ട്രീയം ഒറ്റക്കെട്ടാണ്. സ്ത്രീ രാഷ്ട്രീയത്തെ പൊതുധാരയില്‍ ചേര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്‍പ്പര്യമില്ല എന്നല്ലേ ഇതു തെളിയിക്കുന്നത്. സ്ത്രീകളുടെ കാര്യശേഷിയോ പ്രവര്‍ത്തി ചാതുര്യമോ സര്‍ഗ്ഗാത്മകതയോ കണക്കിലെടുക്കാതെ  പതിനാറാം ലോക്‌സഭയിലേക്കും ഇവര്‍ തിരസ്‌ക്കരിക്കപ്പെടുന്നു. സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്താണ്? രാഷ്ട്രീയ അവബോധമോ ചാതുരിയോ അല്ല മറിച്ച് വിധേയത്വവും പ്രതിധ്വനിയാകാനുളള കഴിവുമാണ്. പിതൃമേധാവിത്വമാണ് ഇവിടെ പ്രതിഫലിക്കുന്നത്. ഇന്ന് സ്ത്രീകള്‍ അഭ്യസ്തവിദ്യരാണ്, സമൂഹത്തിന്റെ തലപ്പത്തെത്തിയവരുണ്ട്, വ്യവസായത്തില്‍ കഴിവ് തെളിയിച്ചവരുണ്ട്. പക്ഷേ സ്ത്രീ രാഷ്ട്രീയം എന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമമോ ആഗ്രമോ ഇല്ലാത്തവരാണ്. സ്ത്രീ സുരക്ഷയ്ക്കായി രൂപപ്പെടുത്തിയ ജാഗ്രതാ സമിതികള്‍ പോലും ഇവിടെ നിര്‍ജീവമാണ്. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്നതിന്റെ ഒടുവിലത്തെ തെളിവായിരുന്നു കേരളത്തെ ''നിര്‍ഭയ കേരള''മാക്കി ആദിവാസി സ്ത്രീയുടെ കൂട്ടബലാത്സംഗം. പക്ഷേ സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു എന്നത് അവരെ നിരുത്സാഹപ്പെടുത്തുകയല്ല വേണ്ടത്, ഒത്തൊരുമയോടെ അതിനെ ചെറുക്കുകയാണ് വേണ്ടത്. സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ അതവളുടെ സ്വഭാവദൂഷ്യമായി ചിത്രീകരിക്കുന്നത് പുരുഷന്മാരല്ല, സ്ത്രീകള്‍ തന്നെയാണ്. ഇപ്പോള്‍ മുംബൈയിലെ വനിതാ ഫോട്ടോഗ്രാഫറെ ആക്രമിച്ചവര്‍ക്ക് വധശിക്ഷ വിധിച്ചത് പരക്കെ സ്വാഗതം ചെയ്യപ്പെട്ട വിധിയാണ്. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഈ പ്രതിനിധികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. സാമൂഹിക അവബോധം ഉണര്‍ത്തുക, സ്ത്രീകള്‍ ഇരകളല്ല എന്ന സത്യം ഉറപ്പിക്കുക മുതലായവ അവര്‍ ചെയ്യേണ്ടതാണ്. ഇതെല്ലാം പറയുമ്പോഴും ദല്‍ഹിയില്‍ ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയായി നിര്‍ഭയ കൊല്ലപ്പെട്ടപ്പോള്‍ ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ചോദിച്ചത് സ്ത്രീകള്‍ ആറുമണിക്കുശേഷം എന്തിന് പുറത്തിറങ്ങണം എന്നായിരുന്നല്ലോ. ഇത് ഉദ്ധരിച്ച് നടി റിമാ കല്ലിങ്കല്‍ പറഞ്ഞതും ''വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആറുമണിക്കുശേഷം പുറത്തിറങ്ങണ്ട'' എന്നായിരുന്നു. ഷീലാ ദീക്ഷിതിന്റെ രാഷ്ട്രീയ പ്രവേശം നെഹ്‌റു കുടുംബവുമായുള്ള ബന്ധം മൂലമാണ്. ഒരു റാബ്‌റിയോ ഒരു ഷീലയോ അല്ല സ്ത്രീകള്‍ക്ക് വേണ്ടത് ഒരു വസുന്ധര രാജയോ മമതയോ ആണ്. ഇവരെപ്പോലെ സത്രീപക്ഷ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന കൂടുതല്‍ സ്ത്രീകള്‍ രംഗത്തുവന്നാല്‍ മാത്രമേ, സ്ത്രീ രാഷ്ട്രീയം രുപപ്പെടുകയുള്ളൂ. പക്ഷേ മറ്റൊരു സ്ത്രീയുടെ ഉയര്‍ച്ചയില്‍ അസൂയാലുക്കളാകരുത് എന്നുമാത്രം. ദൈവം ഏറ്റവും അവസാനം സൃഷ്ടിച്ചത് സ്ത്രീയെയാണ് എന്ന് പി.എന്‍.ഗോപികൃഷ്ണന്‍ പറയുന്നു. വേദപുസ്തകത്തില്‍ ''ദൈവം അവസാനമായി സ്ത്രീയെ സൃഷ്ടിച്ചു, പിന്നീടെല്ലാം അവള്‍ സൃഷ്ടിച്ചു'' എന്നാണ്. റഫീക് അഹമ്മദ് പറയുമ്പോലെ ''പെരുക്കത്തില്‍ പെട്ട് ചിതറിപ്പോയി ഞാന്‍ പെരുപ്പത്തില്‍ പെട്ട് ഞെരുങ്ങിയും പോയി എനിക്ക് മാത്രമായൊരര്‍ത്ഥമില്ലാതെ വെറും കാലില്‍ നില്‍ക്കാന്‍ കഴിവുമില്ലാതെ'' സ്ത്രീയുടെ യഥാര്‍ത്ഥ ചിത്രം ഇന്നിതാണ്. ലീലാ മേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.