പ്രകാശനരംഗത്തെ പുതിയ ചരിത്രം

Thursday 15 September 2011 9:54 pm IST

കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഭാഷാഇന്‍സ്റ്റിറ്റിയൂട്ടിന്റെ സമീപകാല പ്രവര്‍ത്തനങ്ങളെകുറിച്ച്‌ നല്ലതൊന്നുമല്ല ഭാഷാ സ്നേഹികള്‍ക്ക്‌ ഓര്‍ക്കാനുള്ളത്‌. ഏതൊരു സര്‍ക്കാര്‍ സ്ഥാപനവും പോലെ കുത്തഴിഞ്ഞ ഭരണ സംവിധാനമായിരുന്നു അവിടെ തുടര്‍ന്നു വന്നിരുന്നത്‌. ആധുനിക വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും ആധികാരിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച്‌ ഒരു വൈജ്ഞാനിക ഭാഷയെന്ന നിലയില്‍ മലയാള ഭാഷയുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ടാണ്‌ ഭാഷാഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രവര്‍ത്തിക്കേണ്ടതെന്നാണ്‌ ലിഖിതപ്പെട്ട പദ്ധതിയെങ്കിലും അവിടെ നടന്നുവന്നിരുന്നത്‌ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമൊക്കെയായിരുന്നു.
കേരളത്തിലെ സാംസ്കാരിക രംഗമാകെ, മൊത്തമായി സമുദ്ധരിക്കാന്‍ ലക്ഷ്യമിട്ട്‌ രംഗത്തിറങ്ങിയ ആളായിരുന്നു മുന്‍ സാംസ്കാരിക വകുപ്പു മന്ത്രി എം.എ.ബേബി. അദ്ദേഹത്തിന്റെ താല്‍പര്യത്താലാണ്‌ സിപിഎമ്മിലെ മുസ്ലീം തീവ്രവാദിയായിരുന്ന പി.കെ.പോക്കറെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറാക്കി അവരോധിച്ചത്‌. ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും, സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടമായിരുന്നു പോക്കറുടെ നിയമനവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമെന്ന്‌. പോക്കറെ മുന്നില്‍ നിര്‍ത്തി ഭാഷാഇന്‍സ്റ്റിറ്റിയൂട്ട്‌ ഭരിച്ചിരുന്നത്‌ മറ്റൊരു മുസ്ലീംമത തീവ്രവാദിയായിരുന്ന കെ.ഇ.എന്‍.കുഞ്ഞഹമ്മദായിരുന്നു എന്നത്‌ ഭാഷാഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെട്ടിരുന്നവര്‍ക്കെല്ലാം അറിയാവുന്നതാണ്‌.
പോക്കറുടെ ഭരണകാലത്ത്‌ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭാഷാഇന്‍സ്റ്റിറ്റിയൂട്ടിനെയാണ്‌ കാണാന്‍ കഴിഞ്ഞത്‌. മലയാള ഭാഷയെ വൈജ്ഞാനിക സമ്പന്നമാക്കേണ്ട ഒരു സ്ഥാപനം പണം വെട്ടിപ്പിന്റെയും കെടുകാര്യസ്ഥതയുടെയും പഴിപേറി വാര്‍ത്തകളില്‍ ഇടം നേടി. കോഴിക്കോട്‌ പുസ്തകമേള നടത്തിയപ്പോള്‍ ലക്ഷങ്ങളുടെ വെട്ടിപ്പും തിരിമറിയും നടന്നുവെന്ന്‌ ആരോപണം ഉണ്ടായി. ഇതിന്റെ പേരില്‍ അന്നത്തെ ഡയറക്ടറായിരുന്ന പോക്കറുടെ പേരില്‍ വിജിലന്‍സ്‌ അന്വേഷണവും ഉണ്ടായി. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തെ കഥ മാത്രമാണിവിടെ പറഞ്ഞത്‌. അഴിമതിക്കാര്യത്തില്‍ ഇടതും വലതും മത്സരിക്കുമ്പോള്‍ ഭാഷാഇന്‍സ്റ്റിറ്റിയൂട്ടിലും അതുതന്നെയാണ്‌ സംഭവിച്ചത്‌. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സര്‍ക്കാരുവന്നാലും സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരു വന്നാലും അഴിമതിക്കാര്യത്തില്‍ ഒട്ടും മാറ്റം വന്നില്ല. സാംസ്കാരിക ബോധമുള്ളവരെന്ന്‌ സ്വയം മേനി നടിച്ചു നടന്നവര്‍ ഒട്ടും ഉളുപ്പില്ലാതെ ചക്കരക്കുടത്തില്‍ കയ്യിട്ടുവാരി.
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെക്കുറിച്ചുള്ള പൊതു അറിവുകളാണിതൊക്കെ. നല്ല കാര്യങ്ങള്‍ നിരവധി നടന്നാലും ഇത്തരം കെട്ടകാര്യങ്ങളാകും എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുക. 1968ല്‍ എന്‍.വി.കൃഷ്ണവാര്യര്‍ അധ്യക്ഷനായാണ്‌ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപിതമായത്‌. ആധുനിക വിജ്ഞാന പ്രചാരണത്തോടൊപ്പം വ്യത്യസ്ത ഭാരതീയ ഭാഷകള്‍ക്കിടയിലുള്ള സമ്പര്‍ക്കവും ഭരണ ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ പ്രയോഗവും ലക്ഷ്യമായി ഭാഷാഇന്‍സ്റ്റിറ്റിയൂട്ട്‌ ഏറ്റെടുക്കണമെന്നായിരുന്നു ചട്ടം. സര്‍വ്വകലാശാലാ തലത്തില്‍ അധ്യയന മാധ്യമമായി ഭാഷയെ സജ്ജമാക്കുന്നതിന്‌ പാഠപുസ്തകങ്ങള്‍, നിരൂപണ ഗ്രന്ഥങ്ങള്‍, നിഘണ്ടുക്കള്‍, ശബ്ദതാരാവലികള്‍, വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുക എന്ന ദൗത്യവും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനത്തില്‍ പെടുന്നതായിരുന്നു. എന്നാല്‍ ഇത്തരം കര്‍മ്മങ്ങളിലെല്ലാം എങ്ങനെ കയ്യിട്ടുവാരി നേട്ടമുണ്ടാക്കാം എന്നതാണ്‌ തലപ്പത്തിരുന്നവര്‍ ചിന്തിച്ചത്‌.
സാംസ്കാരിക രംഗത്തെക്കുറിച്ച്‌ അത്രയൊന്നും പരിചയമുള്ളയാളല്ല നമ്മുടെ ഇപ്പോഴത്തെ സാംസ്കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫെന്ന്‌ അദ്ദേഹത്തെ അറിയുന്നവര്‍ക്കറിയാം. നല്ല കോണ്‍ഗ്രസ്സുകാരന്‍. ഇതുവരെ അഴിമതിയുടെ ചക്കരഭരണിയില്‍ കയ്യിട്ടുവാരാന്‍ അദ്ദേഹം മുതിര്‍ന്നിട്ടില്ല. ഒരു വകുപ്പിനെ നന്നായി മുന്നോട്ടു നയിക്കാന്‍ സാംസ്കാരിക നായകനോ, സാഹിത്യപ്രവര്‍ത്തകനോ ആകണമെന്നില്ലെന്ന്‌ അദ്ദേഹത്തിനു തെളിയിക്കാനാകുമെന്ന പ്രതീക്ഷയാണ്‌ എല്ലാവര്‍ക്കുമുള്ളത്‌. അദ്ദേഹത്തിന്റെ കീഴില്‍ ഭാഷാഇന്‍സ്റ്റിറ്റിയൂട്ടിന്റെ സല്‍പ്പേരു തിരികെ എത്തുമെന്നും പ്രതീക്ഷിക്കാം.
ഒരു സാംസ്കാരിക സ്ഥാപനത്തെക്കുറിച്ച്‌ ഇത്രയൊക്കെ പറഞ്ഞത്‌ വായനക്കാരുടെ ശ്രദ്ധ മറ്റൊന്നിലേക്കു ക്ഷണിക്കാനാണ്‌. പൊതു സമൂഹത്തില്‍ വളരെയധികം അപമാനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന സ്ഥാപനം അതിന്റെ പേരുമാറ്റിയെഴുതാന്‍ പാകത്തില്‍ നല്ലതെന്നു പറയാവുന്ന, ശ്രദ്ധേയമായൊരു ചുവടുവയ്പ്പ്‌ നടത്തിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നൂറു ദിനംകൊണ്ട്‌ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ നടപ്പിലാക്കിയിരിക്കുകയാണ്‌. അതിന്റെ ഭാഗമായി ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും അവര്‍ക്കാവുന്നതിനുമപ്പുറം പ്രവര്‍ത്തിച്ചു. 141 പുസ്തകങ്ങള്‍ ഒറ്റ ദിവസം പ്രകാശനം ചെയ്ത്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ അതിന്റെ നിയോഗം നിര്‍വ്വഹിച്ചിരിക്കുന്നു. ഒരു വേദിയില്‍ 141 പുസ്തകങ്ങള്‍ ഒരേ സമയം പ്രകാശനം ചെയ്യുകവഴി ലിംക ബുക്ക്‌ ഓഫ്‌ റെക്കോഡ്സിലും ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാനം നേടി.
'ആത്മോപദേശശതക'ത്തിന്റെ വ്യാഖ്യാനം മുതല്‍ 'പഴങ്ങള്‍ ഭക്ഷണത്തില്‍' എന്നതു വരെയുണ്ട്‌ 141 പുസ്തകങ്ങളില്‍. മുഖ്യമന്ത്രിയും മന്ത്രിമാരും സാംസ്കാരിക നായകരും പങ്കെടുത്ത ലളിതമായ ചടങ്ങില്‍ സമൂഹത്തില്‍ പ്രശസ്തരായ 141 വ്യക്തികള്‍ സദസ്സിലിരുന്ന്‌ പുസ്തകം ഉയര്‍ത്തിക്കാട്ടിയാണ്‌ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്‌.
വെറുതെ കുറെ പുസ്തകങ്ങള്‍ ചടങ്ങിനായി പ്രസിദ്ധീകരിക്കുകയായിരുന്നില്ല ചെയ്തതെന്ന്‌ പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. എല്ലാം ഒന്നിനൊന്ന്‌ മെച്ചപ്പെട്ട പുസ്തകങ്ങള്‍. വൈജ്ഞാനികം, സാഹിത്യം, പത്രപ്രവര്‍ത്തനം, വൈദ്യശാസ്ത്രം, ആത്മീയം, ചരിത്രം, പരിസ്ഥിതി, കൃഷി, മതം, സാങ്കേതികം, കായികം, നിഘണ്ടു, ചിത്രകല, ഫോക്ലോര്‍.....തുടങ്ങിയ വിഭാഗങ്ങളിലെയെല്ലാം പുസ്തകങ്ങളുണ്ട്‌ പ്രസിദ്ധീകരിച്ചവയില്‍. 141 പുസ്തകങ്ങള്‍ ഒറ്റ വേദിയില്‍ പ്രകാശനം ചെയ്യുക വഴി പ്രകാശന രംഗത്ത്‌ പുതിയ ചരിത്രമാണ്‌ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ എഴുതിച്ചേര്‍ത്തിരിക്കുന്നത്‌.
പ്രകാശനം ചെയ്ത 141 എണ്ണത്തില്‍ നിന്ന്‌ ഒരെണ്ണം പിന്നീട്‌ പിന്‍വലിച്ചെന്നതും ശ്രദ്ധേയമാണ്‌. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച്‌ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അത്‌ ഉടനടി പിന്‍വലിക്കാനുള്ള ആര്‍ജ്ജവം കാട്ടിയത്‌ എടുത്തുപറയാതിരിക്കാനാവില്ല. 'മരണമില്ലാത്ത മഹാപ്രതിഭകള്‍' എന്ന പുസ്തകമാണ്‌ പിന്‍വലിച്ചത്‌. ഈ പുസ്തകത്തില്‍ മഹാത്മാഗാന്ധിയെയും കുമാരനാശാനെയും ഒഴിവാക്കിയെന്നതായിരുന്നു പ്രധാനമായി ഉയര്‍ന്നു വന്ന വിമര്‍ശനം.
ഡോ.പി.കെ.പോക്കറുടെ ഭരണകാലത്താണ്‌ ഈ പുസ്തകം പ്രസിദ്ധീകരണത്തിന്‌ തെരഞ്ഞെടുത്തതെന്നതാണ്‌ ഏറെ രസകരം. അന്ന്‌ നിലനിന്നിരുന്ന കെടുകാര്യസ്ഥതയിലേക്കാണിത്‌ വിരല്‍ചൂണ്ടുന്നത്‌. അപ്രശസ്തരായ ഗ്രന്ഥരചയിതാക്കളുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്‌ വിദഗ്ധര്‍ പരിശോധിക്കുന്ന സംവിധാനം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിലവിലുണ്ട്‌. 'വിദഗ്ധര്‍' പരിശോധന നടത്തിയിട്ടും ഈ പുസ്തകത്തില്‍ നിന്ന്‌ ഗാന്ധിജിയും കുമാരനാശാനും വിട്ടുപോയി. പുസ്തക രചയിതാവായ രാജേന്ദ്രന്‍ ചെറുപൊയ്കയെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുമുണ്ട്‌.
പുതിയ ഭരണത്തിന്‍ കീഴില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷ ഭാഷാ സ്നേഹികളില്‍ ജനിപ്പിക്കുവാന്‍ 141 പുസ്തകങ്ങളുടെ പ്രകാശനത്തിലൂടെ സാധ്യമായിട്ടുണ്ട്‌. പക്ഷേ, അതു നിലനിര്‍ത്താന്‍ ഭരണകര്‍ത്താക്കള്‍ക്ക്‌ കഴിയണം. കൂടുതല്‍ പണവും അധികാരവുമെല്ലാം വന്നു ചേരുമ്പോള്‍ ആരും 'പോക്കര്‍'മാരായി പോകുമെന്ന പൊതു തത്വമാണ്‌ നടപ്പാകുന്നതെങ്കില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ല. ഇനി 'പോക്കര്‍മാര്‍' ജനിക്കാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥന മാത്രമാണുള്ളത്‌.
-ആര്‍.പ്രദീപ്‌