സൈന ആദ്യ റൗണ്ടില്‍ വീണു

Wednesday 9 April 2014 8:41 pm IST

സിംഗപ്പൂര്‍: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യന്‍ സ്റ്റാര്‍ സൈന നെവാളിന്റെ ശനിദശ തുടരുന്നു. സിംഗപ്പൂര്‍ സൂപ്പര്‍ സീരിസിന്റെ ആദ്യ റൗണ്ടില്‍ സൈനയ്ക്ക്‌ അടിതെറ്റി. ജാപ്പനീസ്‌ പ്രതിയോഗി എറിക്കോ ഹിരോസെയാണ്‌ മൂന്നു ഗെയിം നീണ്ട അങ്കത്തിനൊടുവില്‍ സൈനയെ കെട്ടുകെട്ടിച്ചത്‌, സ്കോര്‍; 21-16, 15-21, 11-21. ആദ്യഗെയിമില്‍ സൈന ശരിക്കു നിറഞ്ഞുകളിച്ചു. 5-2ന്റെ മുന്‍തൂക്കം നേടിയ ലോക എട്ടാം നമ്പര്‍ അതു 13-4 ആയി ഉയര്‍ത്തി ഗെയിം പിടിച്ചെടുത്തു. രണ്ടാം ഗെയിമിന്റെ തുടക്കത്തിലും സൈന 4-2നു മുന്നില്‍ക്കയറി. എന്നാല്‍ ഒപ്പമെത്തിയ ഹിരോസെ ലീഡ്‌ 10-4 എന്ന നിലയില്‍ എത്തിച്ചു. പിന്നീടൊരിക്കലും സൈനയ്ക്കു താളംകണ്ടെത്താനായില്ല. അതേസമയം, സായി പ്രണീതും എച്ച്‌.എസ്‌. പ്രണോയ്‌യും പി.സി. തുളസിയും രണ്ടാം റൗണ്ടില്‍ കടന്നു.
കന്നിപ്പോരാട്ടത്തില്‍ പ്രണീത്‌ മലേഷ്യയുടെ മുഹമ്മദ്‌ ആരിഫ്‌ അബ്ദുള്‍ ലത്തീഫിനെ 21-13, 21-15ന്‌ തോല്‍പ്പിച്ചു. ഡെന്‍മാര്‍ക്കിന്റെ ഹാന്‍സ്‌ ക്രിസ്റ്റ്യന്‍ വിറ്റിങ്കസാവും പ്രണീതിന്റെ അടുത്ത എതിരാളി. പ്രണോയ്‌ തായ്‌ലന്റ്‌ സ്റ്റാര്‍ തമാസിന്‍ സിത്തിക്കോമിനെ മറികടന്നു, സ്കോര്‍: 21-17, 14-21, 21-11. വനിതാ വിഭാഗത്തില്‍ തുളസി ന്യൂസിലാന്റ്‌ പ്രതിനിധി അന്നാ റാന്‍കിനെ പുറത്തേക്കടിച്ചു (21-13, 21-16).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.