മാറ്റത്തിനാവട്ടെ ജനവിധി

Wednesday 9 April 2014 9:51 pm IST

മാറ്റത്തിനായി ഉറ്റുനോക്കുന്ന ഭാരതീയ ജനതയുടെ മനസ്സില്‍ നരേന്ദ്ര മോദി നിറഞ്ഞുനില്‍ക്കുമ്പോള്‍ കേരളവും ഇന്ന്‌ ജനവിധി രേഖപ്പെടുത്തുകയാണ്‌. നരേന്ദ്ര മോദി ചരിത്രം സൃഷ്ടിക്കുമെന്ന്‌ എല്‍.കെ. അദ്വാനി പ്രവചിക്കുന്നു. ഇതിനെ ശരിവെക്കുന്നതാണ്‌ രാജ്യത്തെ ജനവികാരവും. കേരളം ഭീകരവാദത്തിന്റെ നഴ്സറിയാണെന്ന്‌ അടുത്തിടെ മോദി പ്രസ്താവിച്ചത്‌ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്‌. ഇടുക്കി ജില്ലയിലെ വാഗമണില്‍ ആയിരുന്നല്ലോ ആദ്യം ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗങ്ങളെ കണ്ടെത്തിയത്‌. വാഗമണ്‍ അവരുടെ പരിശീലനകേന്ദ്രമായിരുന്നുവെന്നും മോദി വ്യക്തമാക്കുന്നു. വാഗമണില്‍ പരിശീലനം ലഭിച്ച മലയാളി ഭീകരന്‍ അഫ്സലിനെ കാശ്മീര്‍ അതിര്‍ത്തിയില്‍വച്ചാണ്‌ അറസ്റ്റ്ചെയ്തതെന്ന കാര്യം മറക്കാനാവില്ല. മതന്യൂനപക്ഷ പ്രീണനത്തില്‍ ജാഗരൂകരായ യുഡിഎഫ്‌ സര്‍ക്കാര്‍ ഇസ്ലാംമത ഭീകരവാദത്തോട്‌ അനുഭാവം കാണിക്കുന്നു. ഇത്‌ തെളിയിക്കുന്നത്‌ ന്യൂനപക്ഷപ്രീണനം മാത്രമല്ല, കേരളം ഭീകരവാദികളുടെ നഴ്സറിയാണെന്നുതന്നെയാണ്‌. വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായ കേരളത്തില്‍ ടൂറിസത്തിന്‌ പകരം ടെററിസമാണ്‌ പ്രോത്സാഹിപ്പിക്കപ്പെടുന്നത്‌.
ഇതിനാലാണ്‌ ഭീകരവാദികളെ സൃഷ്ടിക്കുന്ന നഴ്സറിയായി ദൈവത്തിന്റെ സ്വന്തം നാട്‌ മാറിയിരിക്കുന്നത്‌. കടലിനാല്‍ ചുറ്റപ്പെട്ട കേരളം കരയില്‍നിന്നും കടലില്‍നിന്നും ആക്രമണഭീഷണി നേരിടുന്നു എന്ന വസ്തുത പണ്ടേ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്‌. വിശാലമായ കടലോരം ഉണ്ടായിട്ടും ഉപ്പുപോലും ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനമാണ്‌ കേരളം എന്നും മോദി പരിഹസിക്കുകയുണ്ടായി.
കേരളത്തിലെ മുഖ്യ കയറ്റുമതി ചെറുപ്പക്കാരാണെന്നും ഈ പ്രവാസികളാണ്‌ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ നിലനിര്‍ത്തുന്നതെന്നുമുള്ള യാഥാര്‍ത്ഥ്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ജന്മനാടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത, പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റം തടയാന്‍ സാധിക്കാത്ത പ്രതിരോധമന്ത്രിയാണ്‌ എ.കെ. ആന്റണി. ബിജെപിയുടെ പ്രകടനപത്രിക വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയ അജണ്ടയാണെന്നാണ്‌ രാജ്യത്തിന്റെ സൈനികമികവ്‌ പോലും നഷ്ടപ്പെടുത്തിയ ആന്റണിക്ക്‌ വെളിപാടുണ്ടായിരിക്കുന്നു. സൗഹൃദമത്സരത്തിലേര്‍പ്പെടുന്ന ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ക്ക്‌ ഒരു കോടിയിലേറെ വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ വോട്ട്‌ രേഖപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലും കഴിഞ്ഞില്ല. പ്രവാസികളില്‍ ഭൂരിപക്ഷവും മോദി പറഞ്ഞപോലെ രാജ്യം കയറ്റുമതി ചെയ്ത മലയാളികളാണ്‌. ഇന്ത്യന്‍ സൈന്യത്തെ കഴിവുകെട്ടതാക്കിയും വ്യോമസേനാ ആയുധങ്ങള്‍ പോലും കാലഹരണപ്പെടുത്തിയും മറ്റും ആന്റണിയുടെ ഭരണത്തില്‍ പ്രതിരോധവകുപ്പ്‌ നശിപ്പിച്ചത്‌ ശതകോടികളാണ്‌. ഇപ്പോള്‍ മോദിയുടെ പ്രസ്താവനയില്‍ ഉമ്മന്‍ചാണ്ടി പ്രകോപിതനായിട്ട്‌ കാര്യമില്ല. മാറിമാറി കേരളം ഭരിച്ച മുന്നണികളോ തുടര്‍ച്ചയായി കേന്ദ്രം ഭരിച്ച യുപിഎയോ രാജ്യത്തിനോ ജനങ്ങള്‍ക്കോ പുരോഗതിയുണ്ടാക്കിയില്ലെന്ന്‌ മാത്രമല്ല, അടിസ്ഥാനസൗകര്യങ്ങള്‍ പോലും സാധുക്കള്‍ക്ക്‌ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു.
ഇന്ത്യയും കേരളവും രാഷ്ട്രീയ കാലാവസ്ഥ വിശകലനംചെയ്ത്‌, പാര്‍ട്ടിക്കൂറിനതീതമായി ജനനന്മക്കുവേണ്ട നടപടികള്‍ എടുക്കുന്നവര്‍ക്ക്‌ വോട്ടുചെയ്യാനാണ്‌ തയ്യാറാകേണ്ടത്‌. നരേന്ദ്ര മോദി ഗുജറാത്തില്‍ കാഴ്ചവെച്ച വികസനവും ജനക്ഷേമവും മറ്റ്സംസ്ഥാനങ്ങളിലും ഉറപ്പാക്കാന്‍ സാധിക്കും. കോര്‍പ്പറേറ്റ്‌ പ്രീണനം മുഖമുദ്രയാക്കി, പൈതൃകനഗരമായ ആറന്മുള പോലും നശിപ്പിക്കാന്‍ അനുവാദം നല്‍കി എങ്ങനെയെങ്കിലും ഭരണത്തില്‍ കടിച്ചുതൂങ്ങി സ്വന്തം അനന്തരാവകാശികളെയും കുടുംബത്തെയും രക്ഷിക്കാന്‍ മാത്രം ശ്രദ്ധചെലുത്തുന്ന ഒരു സര്‍ക്കാരല്ല കേരളത്തിനു വേണ്ടത്‌. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കൊലപാതക രാഷ്ട്രീയത്തിന്‌ വിത്തിറക്കുന്ന പാര്‍ട്ടികളല്ല വേണ്ടത്‌. രാഷ്ട്രീയപാര്‍ട്ടികള്‍ സ്വന്തം നിലനില്‍പ്പിനുവേണ്ടി വ്യാജപ്രചാരണം നടത്തുകയാണെന്ന്‌ തിരിച്ചറിയാനുള്ള കഴിവ്‌ വോട്ടര്‍മാര്‍ ആര്‍ജിക്കണം. നരേന്ദ്ര മോദിയെ കോടതി പോലും കുറ്റവിമുക്തനാക്കിയിട്ടും അതേ കുപ്രചാരണം നടത്തുന്ന അധികാരമോഹികള്‍ക്ക്‌ പെന്‍ഷന്‍ നല്‍കി പുതിയൊരു നേതാവിനും ഭരണത്തിനും വികസനമാതൃകയ്ക്കും അവസരമൊരുക്കാനാണ്‌ ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ടത്‌. സോളാര്‍ സരിതയുടെ നിഴല്‍ വീണവരെയും ജോപ്പന്‍മാരുടെ ഭൂമിതട്ടിപ്പിന്‌ കൂട്ടുനില്‍ക്കുന്നവരെയും അര്‍ഹതയില്ലാത്തവര്‍ക്ക്‌ പട്ടയം നല്‍കുന്നവരെയും തിരസ്ക്കരിക്കുവാനുള്ള ധൈര്യവും തന്റേടവും കാണിക്കാന്‍ ഈ തെരഞ്ഞെടുപ്പിലെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്ക്‌ കഴിയണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.