മൂലമറ്റം: കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സിപിഎം ഏരിയ സെക്രട്ടറി ഓടി രക്ഷപ്പെട്ടു. മൂലമറ്റം അറക്കുളം ഗവ. ഹൈസ്കൂളിലുള്ള 124-ാം നമ്പര്‍ ബൂത്തിലാണ് സിപിഎം മൂലമറ്റം ഏരിയ സെക്രട്ടറി കെ.എല്‍. ജോസഫ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്.
അറക്കുളം പഞ്ചായത്തില്‍ 128-ാം നമ്പര്‍ ബൂത്തില്‍ 364-ാം നമ്പരായി വോട്ട് ചെയ്ത ശേഷമായിരുന്നു ഇയാളുടെ മറിമായം. അറക്കുളം പഞ്ചായത്തിലെ വാര്‍ഡ് അഞ്ചിലും ആറിലും വോട്ടേഴ്സ് ലിസ്റ്റില്‍ ഇയാളുടെ പേരുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെയാണ് ഏരിയ സെക്രട്ടറി രണ്ടാമത്തെ ബൂത്തില്‍ കള്ളവോട്ടിന് എത്തിയത്. അസി. പ്രിസൈഡിംഗ് ഓഫീസര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സത്യവാങ്മൂലം എഴുതി നല്കാന് ആവശ്യപ്പെട്ടു.
സത്യവാങ്മൂലം എഴുതി നല്കിയ ജോസഫ് വോട്ട് ചെയ്യാനുള്ള അടുത്ത നടപടിയായി വിരലില്‍ മഷി പുരട്ടുന്നതിന് വിരല്‍ നീട്ടിയപ്പോള്‍ വിരലില്‍ മഷി പുരണ്ടിട്ടുള്ളതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വോട്ട് ചെയ്യാന്‍ സഹായിക്കുന്നതിനിടയില്‍ മകന്റെ കയ്യില്‍ പുരട്ടിയ മഷി പറ്റിയതാണെന്നായിരുന്നു മറുപടി. ഇതിനിടയില്‍ ബൂത്തിലെത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് പി.എ. വേലുക്കുട്ടന് പ്രശ്നത്തില്‍ ഇടപെട്ടതോടെ സിപിഎം ഏരിയ സെക്രട്ടറി ബൂത്തില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. സംഭവം ബിജെപി ജില്ലാ പ്രസിഡന്റ് ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജോസഫിന്റെ പേരില്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: