മംഗലാപുരത്ത്‌ മത്സ്യബന്ധന ബോട്ട്‌ മുങ്ങി 6 പേരെ കാണാതായി

Thursday 15 September 2011 11:10 pm IST

മംഗലാപുരം: മത്സ്യബന്ധനത്തിന്‌ പോയ ബോട്ട്‌ കടലില്‍ മുങ്ങി ആറുപേരെ കാണാതായി. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മംഗലാപുരം തണ്ണീര്‍ബാവിയില്‍ നിന്ന്‌ ഒരാഴ്ച മുമ്പ്‌ മത്സ്യബന്ധനത്തിന്‌ പോയ ഓഷ്യന്‍ഫിഷര്‍ -2 എന്ന ബോട്ടാണ്‌ അപകടത്തില്‍പ്പെട്ടത്‌. ബോട്ടില്‍ മൊത്തം ഏഴുപേരാണുണ്ടായിരുന്നത്‌. ഇന്നലെ തിരിച്ചെത്തുമെന്ന്‌ കരുതി കാത്തിരിക്കെയാണ്‌ പുലര്‍ച്ചെ ബോട്ട്‌ അപകടത്തില്‍പ്പെട്ട വിവരം ലഭിച്ചത്‌. ബോട്ട്‌ മുങ്ങുകയാണെന്നും ഉടന്‍ ഏതെങ്കിലും ബോട്ട്‌ അയച്ചുതരണമെന്നും ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ബന്തറില്‍ നിന്ന്‌ 16 നോട്ടിക്കല്‍ മെയില്‍ അകലെയാണ്‌ ബോട്ട്‌ അപകടത്തില്‍പ്പെട്ടത്‌. രക്ഷാപ്രവര്‍ത്തനത്തിന്‌ നാട്ടുകാര്‍ ബോട്ടില്‍ പുറപ്പെട്ടപ്പോഴേക്കും കൈലാസ്‌ എന്ന മത്സ്യത്തൊഴിലാളിയെ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി കണ്ടു. കൈലാസിനെ ഉടന്‍ ബോട്ടില്‍ കരക്കെത്തിച്ച്‌ ആസ്പത്രിയിലാക്കി. അപകടത്തില്‍പ്പെട്ട ബോട്ടിനെയും അതിലുണ്ടായിരുന്ന ആറുപേരെയും കുറിച്ച്‌ ഒരു വിവരവുമില്ല. തണ്ണീര്‍ബാവിയിലെ നാസര്‍ എന്നൊരാളുടേതാണ്‌ ബോട്ട്‌. പോലീസും ഫയര്‍ഫോഴ്സും പോസ്റ്റല്‍ ഗാര്‍ഡും ഊര്‍ജ്ജിതമായി രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന്‌ തടസ്സം സൃഷ്ടിക്കുന്നുണ്ട്‌.