കേരളത്തിന്‌ പരാജയം

Thursday 10 April 2014 8:18 pm IST

മുംബൈ: സയിദ്‌ മുഷ്ഠാഖ്‌ അലി ട്രോഫിക്കായുള്ള സൂപ്പര്‍ ലീഗ്‌ പോരാട്ടത്തില്‍ കേരളത്തിന്‌ പരാജയം. ഗ്രൂപ്പ്‌ ബിയില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാനാണ്‌ ഒരു പന്ത്‌ ബാക്കിനില്‍ക്കേ മൂന്നുവിക്കറ്റിന്‌ കേരളത്തെ പരാജയപ്പെടുത്തിയത്‌. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ദല്‍ഹിയെ കീഴടക്കിയ കേരളത്തിന്റെ ആദ്യ പരാജയമാണിത്‌. ആദ്യം ബാറ്റ്‌ ചെയ്ത കേരളം 20 ഓവറില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 172 റണ്‍സെന്ന മികച്ച സ്കോര്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 19.5 ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 173 റണ്‍സെടുത്ത്‌ ലക്ഷ്യം മറികടന്നു. രാജസ്ഥാന്റെ രണ്ടാം വിജയമാണിത്‌. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ ബംഗാളിനെ പരാജയപ്പെടുത്തിയിരുന്നു.
നേരത്തെ ടോസ്‌ നേടിയ രാജസ്ഥാന്‍ ഫീല്‍ഡിംഗ്‌ തെരഞ്ഞെടുത്തു. 39 പന്തില്‍ നിന്ന്‌ ആറ്‌ ഫോറും നാല്‌ സിക്സറുമടക്കം 68 റണ്‍സ്‌ നേടിയ സഞ്ജു വി. സാംസന്റെയും 33 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറികളോടെ പുറത്താകാതെ 48 റണ്‍സെടുത്ത റോഹന്‍ പ്രേമിന്റെയും മികച്ച പ്രകടനമാണ്‌ കേരളത്തിന്‌ മികച്ച സ്കോര്‍ സമ്മാനിച്ചത്‌. എട്ട്‌ പന്തില്‍ നിന്ന്‌ 14 റണ്‍സെടുത്ത ജാഫര്‍ ജമാലും പുറത്താകാതെ നിന്നു. ജഗദീഷ്‌ 15ഉം രാകേഷ്‌ 16 റണ്‍സെടുത്തും പുറത്തായി.
173 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന രാജസ്ഥാന്‍ അഞ്ച്‌ റണ്‍സെടുക്കുന്നതിനിടെ രണ്ട്‌ വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പിന്നീട്‌ സ്കോര്‍ 47ലും 49ലും നില്‍ക്കേ രണ്ട്‌ വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ നാലിന്‌ 49 എന്ന നിലയില്‍ തകര്‍ന്നു. ഇതോടെ കേരളം വിജയം ഉറപ്പിച്ചെങ്കിലും 42 റണ്‍സ്‌ നേടിയ നരേഷ്‌ ഗെഹ്ലോട്ടിന്റെയും 36 പന്തില്‍ നിന്ന്‌ 5 ഫോറും ആറ്‌ സിക്സറുമടക്കം 75 റണ്‍സെടുത്ത രാജേഷ്‌ ബിഷ്ണോയിയും ചേര്‍ന്ന്‌ ടീമിനെ മത്സരത്തിലേക്ക്‌ മടക്കിക്കൊണ്ടുവന്നു. പിന്നീട്‌ 27 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ദിവ്യപ്രതാപ്‌ സിംഗിന്റെ മികച്ച പ്രകടനം കൂടിയായപ്പോള്‍ ഒരു പന്ത്‌ ബാക്കിനില്‍ക്കേ രാജസ്ഥാന്‍ ലക്ഷ്യം മറികടന്നു. കേരളത്തിന്‌ വേണ്ടി വിനോദ്കുമാര്‍ രണ്ട്‌ വിക്കറ്റുകള്‍ വീഴ്ത്തി.
ഗ്രൂപ്പ്‌ ബിയിലെ മറ്റൊരു മത്സരത്തില്‍ ബംഗാളിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി ദല്‍ഹി ആദ്യ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ്‌ ചെയ്ത ബംഗാള്‍ 20 ഓവറില്‍ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 119 റണ്‍സെടുത്തു. മറുപടിബാറ്റിംഗിനിറങ്ങിയ ദല്‍ഹി ഒരു ഒാ‍വര്‍ ബാക്കിനില്‍ക്കേ മൂന്ന്‌ വിക്കറ്റ്‌ നഷ്ടപ്പെടുത്തി 122 റണ്‍സെടുത്ത്‌ ലക്ഷ്യം മറികടന്നു. 41 റണ്‍സെടുത്ത മോഹിത്‌ ശര്‍മ്മയും 39 റണ്‍സെടുത്ത സമര്‍ഥ്‌ സിംഗും ദല്‍ഹിക്കായി മികച്ച ബാറ്റിംഗ്‌ കാഴ്ചവെച്ചു.
ഗ്രൂപ്പ്‌ എയില്‍ നടന്ന മത്സരത്തില്‍ ഗോവയുടെ അപരാജിത കുതിപ്പിന്‌ ഉത്തര്‍പ്രദേശ്‌ കടിഞ്ഞാണിട്ടു. ഗ്രൂപ്പ്‌ ഘട്ടത്തില്‍ ഒരു മത്സരവും പരാജയപ്പെടാതെ സൂപ്പര്‍ ലീഗിലെത്തിയ ഗോവയെ ഇന്നലെ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ്‌ ഉത്തര്‍പ്രദേശ്‌ കീഴടക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഉത്തര്‍പ്രദേശ്‌ 20 ഓവറില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 186 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗോവക്ക്‌ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 138 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഹരിയാന ആറ്‌ വിക്കറ്റിന്‌ ഝാര്‍ഖണ്ഡനെ പരാജയപ്പെടുത്തി.
ഇന്ന്‌ നടക്കുന്ന മൂന്നാം മത്സരത്തില്‍ കേരളം ബംഗാളിനെയും ബറോഡ രാജസ്ഥാനെയും നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.