അങ്കമാലിയില്‍ സ്വകാര്യ ബസ്സുകള്‍ വണ്‍വേ ഉപേക്ഷിച്ച്‌ സമരം; ജനം വലയുന്നു

Thursday 15 September 2011 11:12 pm IST

അങ്കമാലി: അങ്കമാലി ടൗണിലെ ഗതാഗതപരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച്‌ സ്വകാര്യബസ്സുകള്‍ വണ്‍വേ ഉപേക്ഷിച്ചിരിക്കുന്നത്‌ കാലടി-പെരുമ്പാവൂര്‍ ഭാഗത്തുനിന്ന്‌ വരുന്ന ബസ്സുകള്‍ ടിബി ജംഗ്ഷന്‍ സര്‍ക്കാര്‍ ആശുപത്രി കെഎസ്‌ആര്‍ടിസി സ്റ്റാന്റ്‌ തുടങ്ങിയ സ്റ്റോപ്പുകളില്‍ ആളെ ഇറക്കിയാണ്‌ പോകേണ്ടത്‌. എന്നാല്‍ ഇത്‌ ഉപേക്ഷിച്ചത്‌ മഞ്ഞപ്ര, തുറവൂര്‍ മേഖലകളിലേക്കും കെഎസ്‌ആര്‍ടിസി ബസ്സില്‍ ദൂരയാത്രക്ക്‌ പോകുന്നവര്‍ക്കും സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ പോകുന്നവര്‍ക്കും വലിയ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു.
അനധികൃത പാര്‍ക്കിംഗ്‌ ട്രാഫിക്‌ അഡ്വൈസറി കമ്മറ്റി എല്ലാ വര്‍ഷവും അവസാനിപ്പിക്കുന്നതിന്‌ തീരുമാനമെടുക്കുമെങ്കിലും ഒരുവര്‍ഷവും നടപ്പിലാവാറില്ല. ഇതുമൂലം ടൗണില്‍ ഗതാഗതക്കുരുക്കാണ്‌ അനുഭവപ്പെടുന്നതെന്ന്‌ സ്വകാര്യബസ്സുടമകള്‍ പറയുന്നു. ഇന്നലെ കൂടിയ ട്രാഫിക്‌ അഡ്വൈസറി കമ്മറ്റി തീരുമാനമെടുക്കാതെ പിരിഞ്ഞിരിക്കുകയാണ്‌. ബസ്സുകള്‍ വണ്‍വേ ബഹിഷ്ക്കരിക്കുന്നതുമൂലം വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ പോകുന്നവര്‍, രോഗികള്‍ തുടങ്ങിയ വലിയ ജനവിഭാഗത്തിന്‌ ദുരിതമനുഭവപ്പെടുന്നു. ആയിരക്കണക്കിന്‌ ബസ്‌ യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിടുന്നത്‌ വന്‍ ജനരോഷത്തിന്‌ ഇടയായിട്ടുണ്ട്‌.