രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കരുത്‌

Thursday 15 September 2011 11:12 pm IST

കൊച്ചി: രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട്‌ സാമൂഹ്യനീതി ജില്ലാ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ബിഎസ്‌എന്‍എല്‍ ഓഫീസിന്‌ മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി. ഹിന്ദുഐക്യവേദി വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ കെ.എന്‍. രവീന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്‌ ഇപ്പോഴുള്ള സംവരണാനുകൂല്യങ്ങള്‍ ദളിത്‌ ക്രിസ്ത്യാനികള്‍ക്കും ദളിത്‌ മുസ്ലീങ്ങള്‍ക്കും പങ്കുവെക്കണമെന്നാവശ്യപ്പെടുന്ന ജസ്റ്റിസ്‌ രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളിക്കളയണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയാല്‍ അവശവിഭാഗങ്ങള്‍ക്ക്‌ ഇപ്പോഴുള്ള എല്ലാ പുരോഗതിയും അതോടെ തടയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമതത്തില്‍ നിന്നും മറ്റ്‌ മതങ്ങളിലേക്ക്‌ മതപരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന്‌ വേണ്ടിയാണ്‌ ഈ ബില്ല്‌ കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹൈക്കോടതി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച്‌ ഓള്‍ ഇന്ത്യാ പട്ടികജാതി സംവരണ സംരക്ഷണ ഫോറം അധ്യക്ഷന്‍ കെ.വി. മദനന്‍ ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണയില്‍ കെപിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ കെ.കെ. ഗോപാലന്‍ മാസ്റ്റര്‍, സാംബവ മഹാസഭ ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ഗോപിനാഥ്‌, ഹരിജന്‍ സമാജം ജില്ലാ സെക്രട്ടറി എം.കെ. അംബേദ്ക്കര്‍, ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന ഓര്‍ഗനൈസര്‍ പി.എസ്‌. ശശിധരന്‍, തെലുങ്കുചെട്ടിയാര്‍ ജില്ലാ ജോ. സെക്രട്ടറി പി.വി. രാജു, വിഎച്ച്പി വിഭാഗ്‌ സെക്രട്ടറി എന്‍.ആര്‍. സുധാകരന്‍, ഹിന്ദുഐക്യവേദി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.എന്‍. മോഹന്‍ദാസ്‌, ക്യാപ്റ്റന്‍ സുന്ദരം, എം.പി. അപ്പു, കെ.പി. സുരേഷ്‌, കെ.പി. ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.