വയനാട്ടില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി

Friday 16 September 2011 11:31 am IST

വയനാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വയനാട്ടില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. എം. വി. ശ്രേയാംസ് കുമാര്‍ കൈവശപ്പെടുത്തിയ ആദിവാസി ഭൂമി ഏറ്റെടുക്കാനുള്ള കോടതിവിധി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ്‌ ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. വൈത്തിരിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവെ റോഡിനിരുവശവും നിന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ കല്‍പറ്റയില്‍ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാഹനം എത്തിയത്‌. ഇതോടെ സി.പി.എം ജില്ലാ സെക്രട്ടറി സി. കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന്‌ മുന്നിലേക്ക്‌ ചെല്ലുകയായിരുന്നു. മുഖ്യമന്ത്രിയുടെ കാറിനു നേരെ ചാടിവീണ പ്രവര്‍ത്തകര്‍ കരിങ്കൊടി കൊണ്ടു ഗ്ലാസിലടിച്ചു. പൊലീസ് ഇവരെ പിടിച്ചുമാറ്റി രംഗം ശാന്തമാക്കി. ഉടന്‍ തന്നെ പൊലീസ്‌ സംഘം ഇടപെട്ട്‌ പ്രവര്‍ത്തകരെ മാറ്റി മുഖ്യമന്ത്രിക്ക്‌ യാത്രയ്ക്കുള്ള വഴിയൊരുക്കുകയായിരുന്നു. ഗോബാക്ക് വിളികളും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധ പ്രകടനം. മുഖ്യമന്ത്രിയോടൊപ്പം ആറ് മന്ത്രിമാരും വയനാട്ടിലെത്തിയിട്ടുണ്ട്. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്‌ ശേഷം ആദ്യമായാണ്‌ ഇത്രയും മന്ത്രിമാര്‍ ഒരുമിച്ച്‌ ജില്ലയിലെത്തുന്നത്‌. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, പനമരം എന്നിവിടങ്ങളിലായി വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.