ശാസ്ത്ര കുതുകികള്‍ക്കായി ശാസ്ത്ര പാര്‍ക്ക്

Saturday 6 January 2018 2:30 am IST

തിരുവനന്തപുരം: ജിജ്ഞാസ, കൗതുകം, അത്ഭുതം തുടങ്ങിയ ഭാവങ്ങളാണ് ജന്മഭൂമിയുടെ ശാസ്ത്ര പാര്‍ക്കില്‍ എത്തുന്ന ഓരോ വിദ്യാര്‍ത്ഥികളുടെയും മുഖത്ത് പ്രതിഫലിച്ചത്. ശാസ്ത്ര കുതുകികളെ ജിജ്ഞാസയുടെ മൂര്‍ദ്ധന്യാവസ്ഥയിലേക്കാണ് പ്രദര്‍ശനം കൂട്ടികൊണ്ടുപോയത്. പാഠപുസ്തകങ്ങളിലും മറ്റുംമാത്രം വായിച്ചു പഠിച്ച പരീക്ഷണങ്ങളും സിദ്ധാന്തങ്ങളും നേരിട്ട് മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുങ്ങി. തലസ്ഥാനം വിവിധ പ്രദര്‍ശനങ്ങള്‍ക്കും ഫെസ്റ്റിനും മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രത്തെ മുന്‍നിര്‍ത്തിമാത്രമുള്ള പ്രദര്‍ശനം ആദ്യമാണ്. 

കമ്പോണന്റ് പെന്റുലം മുതല്‍ ന്യൂട്ടന്റെ മൂന്നാം നിയമ സിദ്ധാന്തം വരെ പ്രതിപാദിക്കുന്ന 25 ഓളം സ്ലാബുകളാണ് ശാസ്ത്ര പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ളത്. പലനിറങ്ങള്‍ ചേരുമ്പോള്‍ ശുദ്ധമായ വെള്ളനിറം ഉത്പാദിപ്പിക്കപ്പെടും എന്ന് തെളിയിക്കുന്ന ന്യൂട്ടന്റെ കളര്‍ ഡിസ്‌ക് സിദ്ധാന്തം, ഭാരത്തിന്റെ റേഡിയസ് കൂടുന്നതിനനുസരിച്ച് ഭ്രമണം ചെയ്യുന്ന വസ്തുവിന്റെ വേഗത്തിന് വ്യത്യാസം സംഭവിക്കുന്ന ആങ്കുലാര്‍ മൂവ്‌മെന്റ്, ചുഴലിക്കാറ്റിന്റെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന വോര്‍ടെക്‌സ്, ഡിഎന്‍എയുടെ മാതൃക, ഒരാളുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന തുടര്‍പ്രവര്‍ത്തനം മറ്റൊരു വസ്തുവിനെ ചലിപ്പിക്കുന്ന സിംപതറ്റിക് സ്വിങ് തുടങ്ങിയവയുടെ മോഡലുകള്‍ വിദ്യാര്‍ത്ഥികളെ ഏറെ ആകര്‍ഷിച്ചു. ഡിനോസറുകള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഉത്പത്തി, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയവയുടെ ശാസ്ത്രീയമായ വശങ്ങള്‍ ശാസ്ത്ര പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.