സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ വലയുന്നു

Saturday 12 April 2014 9:35 pm IST

തിരുവനന്തപുരം: ഈ മാസം 10 വരെ ഏര്‍പ്പെടുത്തിയിരുന്ന ട്രഷറി നിയന്ത്രണം എടുത്തകളയാത്തതിനാല്‍ സാമ്പത്തികപ്രതിസന്ധി നേരിടാനാവാതെ സര്‍ക്കാര്‍ വലയുന്നു. പലവകുപ്പുകളിലും ഇതുവരെ ജീവനക്കാര്‍ക്ക്‌ ശമ്പളം കിട്ടിയിട്ടില്ല. ജീവനക്കാരുടെ ലീവ്‌ സറണ്ടറും വെട്ടിക്കുറച്ചിരുന്നു. 16 ഇനം ചെലവുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന്‌ ധനകാര്യ അഡീഷനല്‍ ചീഫ്‌ സെക്രട്ടറി ട്രഷറി ഡയറക്ടര്‍ക്ക്‌ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാര്‍ച്ച്‌ 31ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഏപ്രിലിലും തുടരുന്നതാണ്‌ ശമ്പളവിതരണം മുടങ്ങാന്‍ കാരണം. തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ 10വരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം തെരഞ്ഞെടുപ്പ്‌ ഫലം വരെ തുടരുമെന്നാണറിയുന്നത്‌.
ലീവ്‌ സറണ്ടര്‍ മരവിപ്പിച്ചു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ലീവ്‌ സറണ്ടര്‍ ബില്ലുകള്‍ ട്രഷറിയില്‍ സ്വീകരിക്കുന്നുണ്ടെന്നും തുക ഏപ്രില്‍ 11 മുതല്‍ നല്‍കി തുടങ്ങുമെന്നും ധനമന്ത്രി കെ.എം. മാണി അവകാശപ്പെട്ടിരുന്നു. എന്നാല്‍ബില്ലുകള്‍ ഇതുവരെയും സ്വീകരിച്ച്‌ തുടങ്ങിയിട്ടില്ല. ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും തടഞ്ഞു വച്ചിരിക്കുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല സമരത്തിനൊരുങ്ങിക്കഴിഞ്ഞു. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരേ ഇടതുപക്ഷ യൂണിയനുകളാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്തിരിക്കുന്നത്‌.
ഏപ്രില്‍ അവസാന വാരം സമരം ആരംഭിക്കും. സംസ്ഥാന ജീവനക്കാരുടെ ലീവ്‌ സറണ്ടറും, പിഎഫ്‌ ആനുകൂല്യവും നിഷേധിച്ചിരിക്കുകയാണ്‌. സര്‍ക്കാര്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌, മാര്‍ച്ച്‌ മാസത്തെ ശമ്പളം ഇത്‌ വരെ പൂര്‍ണമായി നല്‍കിയിട്ടില്ല. വിഷുവിന്‌ മുമ്പ്‌ ശമ്പളം കിട്ടുകയുമില്ല. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌, സര്‍ക്കാര്‍ ജീവനക്കാര്‍ നടത്താന്‍ തീരുമാനിച്ച അനിശ്ചിതകാല പണിമുടക്കിന്‌ ഇടതു തൊഴിലാളി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.
ക്ഷേമനിധി സ്കീം അനുസരിച്ച്‌ തൊഴിലാളികള്‍ക്ക്‌ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മുടങ്ങി. പെന്‍ഷന്‍ വിതരണവും മുടങ്ങി. വിഷു ആഘോഷ കാലത്ത്‌, സംസ്ഥാനത്തെ പൊതു വിതരണം താറുമാറായി. കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രവര്‍ത്തനം നിശ്ചലമായി. കണ്‍സ്യൂമര്‍ഫെഡിന്‌ ഇത്തവണ സാമ്പത്തിക സഹായം നല്‍കാനാവില്ലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സഹകരണ സ്ഥാപനങ്ങളെ, പൊതു വിതരണത്തില്‍ പങ്കാളികളാക്കുന്നതും നിര്‍ത്തലാക്കിയിരിക്കുകയാണ്‌. ട്രഷറി നിയന്ത്രണം മൂലം പഴയ ബില്ലുകള്‍ പാസാക്കാത്തതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കരാറുകാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള സഹായവിതരണം, നിയമസഭാംഗങ്ങളുടെ യാത്രാബത്ത എന്നിവയുടെയെല്ലാം വിതരണം മുടങ്ങി. ലോട്ടറിയിലെ സമ്മാനവിതരണവും പലവിധ കാരണങ്ങളാല്‍ തടസ്സപ്പെട്ടിട്ടുണ്ട്‌. വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കരാറുകാര്‍ക്ക്‌ ബില്ലിനത്തില്‍ നല്‍കാനുള്ള തുക നല്‍കിയാല്‍ ട്രഷറി അടച്ചു പൂട്ടേണ്ടി വരും.
കെ.വി.വിഷ്ണു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.