മുഹമ്മദ് അസറുദ്ദീന്റെ മകന്‍ മുഹമ്മദ് അയാസുദ്ദീന്‍ അന്തരിച്ചു

Friday 16 September 2011 3:06 pm IST

ഹൈദരാബാദ്‌: ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും കോണ്‍ഗ്രസ് എം.പിയുമായ മുഹമ്മദ് അസറുദ്ദീന്റെ മകന്‍ മുഹമ്മദ് അയാസുദ്ദീന്‍ (19) അന്തരിച്ചു. ഇന്നു രാവിലെ ജൂബിലി ഹില്‍സിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന അസറുദ്ദീന്റെ സഹോദരി പുത്രന്‍ അജ്‌മല്‍ റഹ്‌മാന്‍ (16) സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഹൈദരാബാദ് ഔട്ടര്‍ റിങ് റോഡില്‍ പൊപ്പലഗുഡയിലാണ് അപകടം. അയാസുദ്ദീന്‍ ഓടിച്ചിരുന്ന ജി.എസ്.എക്സ് ആര്‍ 1000 സ്പോര്‍ട്സ് ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഇരുചക്രവാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള പാതയാണ് ഔട്ടര്‍ റിങ്റോഡ്. അപകടത്തില്‍ തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റ അയാസുദീനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു‍. അപകടത്തെ തുടര്‍ന്ന്‌ അയാസുദീന്റെ ഇടതുവൃക്ക രണ്ടു ദിവസം മുമ്പ്‌ നീക്കം ചെയ്‌തിരുന്നു. അഷറിന്‌ ആദ്യ ഭാര്യ നൗറീനിലുള്ള രണ്ടാമത്തെ മകനാണ്‌ അയാസുദീന്‍. ഹൈദരാബാദ് സെന്റ് മേരീസ് കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ അയാസുദ്ദീന്‍ ക്രിക്കറ്റില്‍ അസറിന്റെ പിന്‍ഗാമിയെന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. ബൈക്ക് റേസില്‍ താത്പര്യമുള്ള അയാസുദ്ദീന്‍ ഇത്തരം മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്.