അണക്കെട്ടുകള്‍ വറ്റിവരളുന്നു; പാലക്കാട്ടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍

Sunday 13 April 2014 9:42 pm IST

കൊച്ചി: സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ഡാമുകള്‍ ഉള്ള ജില്ലയെന്നറിയപ്പെടുന്ന പാലക്കാട്ടെ കര്‍ഷകര്‍ എരിതീയില്‍നിന്ന്‌ വറചട്ടിയിലേക്ക്‌ എടുത്തെറിയപ്പെടുന്ന അവസ്ഥയിലാണ്‌. ജില്ലയിലെ ഏതാണ്ട്‌ എല്ലാ ഡാമുകളും കടുത്ത വേനലിന്‌ മുമ്പുതന്നെ വരണ്ടു കഴിഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ ഡാമാണ്‌ മലമ്പുഴ. ഇവിടെ നിന്നുള്ള വെള്ളമാണ്‌ കര്‍ഷകര്‍ക്ക്‌ നല്‍കുന്നത്‌. എന്നാല്‍ ഇത്തവണ മലമ്പുഴയും കര്‍ഷകനെ കൈവിടുകയാണ്‌. മീങ്കര, ചുള്ളിയാര്‍, കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി, വാളയാര്‍ ഡാമുകളാകട്ടെ വേനലിന്‌ മുമ്പു തന്നെ വറ്റിവരണ്ടു കഴിഞ്ഞു. ഇത്തരമൊരു സ്ഥിതിവിശേഷം അടുത്തകാലത്തൊന്നും ജില്ലയില്‍ ഉണ്ടായിട്ടില്ല. നെല്‍കര്‍ഷകരുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുന്നതിന്റെ മറ്റൊരു കാരണമായി ഇതുമാറുകയാണ്‌.
ശിരുവാണി ഡാമില്‍ വെള്ളം ഉണ്ടെങ്കിലും അതിന്റെ പ്രയോജനം തമിഴ്‌നാടിനാണ്‌. കൊല്ലങ്കോട്ടെ പലകപ്പാണ്ടി പദ്ധതിയാകട്ടെ ഇപ്പോഴും പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനുവേണ്ടി കോടിക്കണക്കിന്‌ രൂപ ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. എന്നിട്ടും പണി പാതി വഴിയിലാണ്‌.
രാഷ്ട്രീയഭേദമില്ലാതെ വിവിധ കര്‍ഷക സംഘടനകളും നാട്ടുകാരും അണിനിരന്ന്‌ തുടര്‍ച്ചയായ പ്രക്ഷോഭം സംഘടിപ്പിച്ചെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പരിഗണനയും ഉണ്ടായില്ല. ജനപ്രതിനിധികളും പ്രസംഗിച്ചു പോയതല്ലാതെ, ഒരു ഗുണവും കര്‍ഷകര്‍ക്കുണ്ടായില്ല.
മലമ്പുഴയില്‍ നിന്നും ഒന്നാംവിളയ്ക്കാവശ്യമായ വെള്ളം നല്‍കാറില്ല. മലമ്പുഴ ആയക്കെട്ടു പ്രദേശത്ത്‌ ഇപ്പോള്‍ രണ്ടുവിളയില്‍ കൂടുതല്‍ എടുക്കാന്‍ കഴിയാറുമില്ല. ജില്ലയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കിയാണ്‌ മലമ്പുഴ ഡാം നിര്‍മിച്ചത്‌. എന്നാല്‍ ഇപ്പോള്‍ നഗരത്തിലെയും സമീപത്തെ ഏഴ്‌ പഞ്ചായത്തുകളിലേയും ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്‌ ആവശ്യമായ കുടിവെള്ളവും കഞ്ചിക്കോടു വ്യവസായ മേഖലയിലെ വ്യവസായങ്ങള്‍ക്ക്‌ വേണ്ട വെള്ളവും ഇവിടെനിന്നാണ്‌ കൊടുക്കുന്നത്‌. ഇത്തവണ ഭാരതപ്പുഴയില്‍ വെള്ളം കുറവായതിനാല്‍ രണ്ടുപ്രാവശ്യം മലമ്പുഴയില്‍നിന്നും വെള്ളം പുഴയിലേക്ക്‌ തുറന്നുവിട്ടു. അതിനാല്‍ ഡാമിലെ വെള്ളത്തിന്റെ അളവ്‌ കടുത്ത വേനലില്‍ കുറഞ്ഞിരിക്കുകയാണ്‌.
ചിറ്റൂര്‍ പുഴ പദ്ധതിപ്രദേശത്തെ 45,000 ഏക്കര്‍ സ്ഥലത്ത്‌ കൃഷി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്‌ നിലവിലുള്ളതെന്ന്‌ കര്‍ഷകര്‍ പറയുന്നു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം സംസ്ഥാനത്ത്‌ യഥാസമയം ലഭിക്കേണ്ട വെള്ളം കിട്ടാത്തതിനാലാണ്‌ ഈ തകര്‍ച്ച. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവമാണിതിന്‌ കാരണം. കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത്‌ ജലസേചന മന്ത്രിയായിരുന്ന എന്‍.കെ.പ്രേമചന്ദ്രന്‍ മാത്രമാണ്‌ ഇക്കാര്യത്തില്‍ അല്‍പ്പമെങ്കിലും ശുഷ്ക്കാന്തി കാണിച്ചത്‌. സര്‍ക്കാരുകള്‍ യഥാസമയം ക്രിയാത്മകമായി ഇടപെട്ടിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക്‌ രക്ഷയാകുമായിരുന്നു.
നെല്ല്‌ കൂടാതെ തെങ്ങ്‌, കവുങ്ങ്‌, മാവ്‌, വാഴ, കരിമ്പ്‌, പച്ചക്കറി എന്നിവയും വ്യാപകമായ തോതില്‍ കൃഷി ചെയ്യുന്നുണ്ട്‌. എന്നാല്‍ സംസ്ഥാനത്ത്‌ ഏറ്റവുംകൂടുതല്‍ നെല്ല്‌ ഉല്‍പ്പാദിപ്പിക്കുന്ന ജില്ലയെന്ന വിശേഷണമുള്ള പാലക്കാടിനെ കാലാവസ്ഥ തുടര്‍ച്ചയായി ചതിച്ചുകൊണ്ടിരിക്കുകയാണ്‌. കേരളത്തില്‍ പല ഭാഗത്തും സാമാന്യം നല്ല തോതില്‍ വേനല്‍ മഴ ലഭിച്ചപ്പോള്‍ പാലക്കാട്ട്‌ അതുമുണ്ടായില്ല. വേണ്ടത്ര തൊഴിലാളികളെ കിട്ടാത്ത അവസ്ഥയും കൂടിയാകുമ്പോള്‍ കര്‍ഷകര്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്‌. കിട്ടുന്ന തൊഴിലാളികളുടെ വേതന വര്‍ധനവ്‌, രാസവളത്തിന്റെ വിലക്കയറ്റം, കാര്‍ഷിക യന്ത്രങ്ങളുടെ അമിതമായ വാടക എന്നിവകൂടിയാകുമ്പോള്‍ ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച സ്ഥിതിയിലാണ്‌ കര്‍ഷകര്‍.
സര്‍ക്കാരുകളുടെ ഈ നയംമൂലം കര്‍ഷകര്‍ എന്തുചെയ്യണമെന്ന ആശങ്കയിലാണ്‌. കാര്‍ഷിക വിളകള്‍ക്കുപകരം നാണ്യവിളകളെ പ്രോത്സാഹിപ്പിക്കുവാനാണ്‌ സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കുന്നതെന്നും നെല്‍കര്‍ഷകര്‍ക്ക്‌ പരാതിയുണ്ട്‌.
ഏപ്രില്‍-മെയ്‌ മാസങ്ങളില്‍ വേണ്ടത്ര വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ അടുത്ത വിളയിറക്കുവാന്‍ കഴിയില്ലെന്ന ആശങ്കയിലാണ്‌ അവര്‍. ശനിയാഴ്ച രാത്രി ജില്ലയുടെ ചില ഭാഗങ്ങളില്‍ ലഭിച്ച മഴ കര്‍ഷകര്‍ക്ക്‌ തത്കാലം ആശ്വാസം പകരുന്നുണ്ട്‌. വിഷുവിന്‌ ചാലുകീറാനെങ്കിലും കഴിയുമല്ലൊ എന്ന ആശ്വാസത്തിലാണവര്‍.
കെ.കെ. പത്മഗിരീഷ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.