ഇനി ഐപിഎല്‍ പൂരത്തിന്റെ നാളുകള്‍

Monday 14 April 2014 5:41 pm IST

ദുബായ്‌: ഇനി ലോകം കുട്ടിക്രിക്കറ്റിന്റെ ആരവത്തില്‍. എട്ട്‌ ടീമുകള്‍, 60 പോരാട്ടങ്ങള്‍, ഇന്ത്യയിലും വിദേശത്തുമായി 13 വേദികള്‍..... ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാമത്‌ എഡിഷന്‌ നാളെ അബുദാബിയില്‍ തുടക്കം. അബുദാബിയില്‍ നാളെ ഇന്ത്യന്‍ സമയം രാത്രി എട്ടിന്‌ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്‌ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സുമായി ഏറ്റുമുട്ടും. മുന്‍ എഡിഷനുകളെ അപേക്ഷിച്ച്‌ കടുത്ത വിവാദങ്ങള്‍ക്കിടയിലാണ്‌ ഇത്തവണ ടൂര്‍ണമെന്റ്‌ നടക്കുന്നത്‌.
പ്രവചനം അസാധ്യമാകുന്ന ഇരുപതോവറുകളാണ്‌ കുട്ടി ക്രിക്കറ്റിനെ ഹരം പിടിപ്പിക്കുന്നത്‌. അട്ടിമറിയും വിവാദങ്ങളും കൂടെപ്പിറപ്പായ ഐപിഎല്ലിന്റെ ഈ സീസണ്‍ തുടങ്ങുന്നതും കാറും കോളും നിറഞ്ഞ ആകാശത്തിലാണ്‌. കഴിഞ്ഞ സീസലെ ഒത്തുകളി സംബന്ധിച്ച കേസ്‌ സുപ്രീംകോടതി പരിഗണിക്കുന്ന ദിവസം തന്നെയാണ്‌ ഐപിഎല്‍ ഏഴാം പതിപ്പ്‌ ആരംഭിക്കുന്നതും. എന്നാല്‍ എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഐപിഎല്ലിന്റെ ജനപ്രിയതക്ക്‌ യാതൊരു കുറവും ഇതുവരെ സംഭവിച്ചിട്ടില്ല.
ഏപ്രില്‍ 16 മുതല്‍ ജൂണ്‍ 1 വരെയാണ്‌ ഇത്തവണത്തെ ഐപിഎല്‍ മത്സരം നടക്കുന്നത്‌. ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ നടന്ന താരലേലത്തില്‍ എട്ട്‌ ടീമുകളാണ്‌ പങ്കെടുത്തത്‌. ആദ്യഘട്ടത്തിലെ ഇരുപത്‌ മത്സരങ്ങള്‍ യുഎഇയിലെ അബുദാബി, ദുബായ്‌, ഷാര്‍ജ എന്നിവിടങ്ങളിലാണ്‌ നടക്കുന്നത്‌. ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്‌ ആദ്യഘട്ട പോരാട്ടങ്ങള്‍ കടല്‍കടന്നത്‌. മെയ്‌ രണ്ട്‌ മുതല്‍ രണ്ടാം ഘട്ട മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടക്കും. ജൂണ്‍ ഒന്നിന്‌ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ്‌ ഫൈനല്‍. മൊഹാലി, ദല്‍ഹി, റാഞ്ചി, കൊല്‍ക്കത്ത, അഹമ്മദാബാദ്‌, കട്ടക്ക്‌, മുംബൈ, ഹൈദരാബാദ്‌, ബംഗളൂരു, ചെന്നൈ എന്നീ പത്ത്‌ നഗരങ്ങളാണ്‌ ഇന്ത്യയില്‍ നടക്കുന്ന രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക്‌ വേദിയാവുന്നത്‌.
2008-ല്‍ ആരംഭിച്ച ആദ്യ പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ ഫൈനലില്‍ കീഴടക്കി രാജസ്ഥാന്‍ റോയല്‍സ്‌ കിരീടമുയര്‍ത്തി. 2009-ല്‍ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്‌ കാരണം വേദി ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റി. ഇത്തവണ ഡക്കാന്‍ ചാര്‍ജേഴ്സായിരുന്നു ജേതാക്കള്‍. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെയാണ്‌ ഡക്കാന്‍ ഫൈനലില്‍ കീഴടക്കിയത്‌. 2010ലെ മൂന്നാം എഡിഷനില്‍ ചെന്നൈ സൂപ്പര്‍കിംഗ്സ്‌ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായപ്പോള്‍ 2011ലെ നാലാം പതിപ്പില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ തകര്‍ത്ത്‌ ചെന്നൈ കിരീടം നിലനിര്‍ത്തി. 2012-ല്‍ ഹാട്രിക്ക്‌ കിരീടം തേടിയിറങ്ങിയ ചെന്നൈ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനോട്‌ പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം മുംബൈ ഇന്ത്യന്‍സിനോടും ചെന്നൈ കലാശപ്പോരാട്ടത്തില്‍ പരാജയപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.