വിഷു, വിഷുക്കണി

Monday 14 April 2014 6:33 pm IST

കേരളത്തില്‍ കാര്‍ഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. എന്നാല്‍ ഇത്തവണ മേടം രണ്ടിനാണ്‌ വിഷു. അടുത്ത ഒരു കൊല്ലത്തെ വര്‍ഷഫലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങള്‍ ചിന്തിക്കുന്നു. കേരളത്തില്‍ മാത്രമല്ല അയ ല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട്‌ ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്‌. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങള്‍ ഉണ്ട്‌. എല്ലായിടത്തും ഭാരതത്തില്‍ മുന്‍പ്‌ നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വര്‍ഷാരംഭമാണ്‌ ഈ ദിനം.
നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ്‌ വിഷുവായി ആഘോഷിക്കുന്നതെന്നാണ്‌ ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത്‌ രാവണന്‌ ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷം സൂര്യന്‍ നേരെ ഉദിച്ചതാണ്‌ വിഷുവായി ആഘോഷിക്കുന്നതെന്ന മറ്റൊരു വിശ്വാസവും ഉണ്ട്‌.

ആചാരങ്ങള്‍ കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്‌. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട്‌ അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്‌.

വിഷുക്കണി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്ക്കയും വെറ്റിലയും കണ്മഷി, ചാന്ത്‌, സിന്ദൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട്‌ തിരിയിട്ട്‌ കത്തിച്ച നിലവിളക്കും നാളികേരപാതിയും ശ്രീകൃഷ്ണന്റെ വിഗ്രഹവും വച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്‌. ഐശ്വര്യസമ്പൂര്‍ണമായ അതായത്‌ പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
ചിലയിടങ്ങളില്‍ കുറിക്കൂട്ടും ഗ്രന്ഥവും വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക്‌ വയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും വെള്ളം നിറച്ച ഓട്ടുകിണ്ടിയും പുതിയ കസവുമുണ്ടും അടുത്തുണ്ടാകണം എന്നാണ്‌ പറയുന്നത്‌.
പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന്‍ കിടക്കും. പുലര്‍ച്ചെ എഴുന്നേറ്റ്‌ കണികണ്ട്‌, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തില്‍ നിന്ന്‌ വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന്‌ പ്രകൃതിയെ കണികാണിക്കണം. അതിനു ശേഷം ഫലവൃക്ഷങ്ങളെയും വീട്ടുമൃഗങ്ങളെയും കണികാണിക്കുന്നു.

വിഷുക്കൈനീട്ടം കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക്‌ നല്‍കുന്ന സമ്മാനമാണ്‌ വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്‌. ആദ്യകാലങ്ങളില്‍ സ്വര്‍ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്ന്‌. വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന്‌ അനുഗ്രഹിച്ചുകൊണ്ടാണ്‌ കൈനീട്ടം. നല്‍കുന്നത്‌. പ്രായമായവര്‍ പ്രായത്തില്‍ കുറവുള്ളവര്‍ക്കാണ്‌ സാധാരണ കൈനീട്ടം നല്‍കുന്നത്‌ എങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.