അംബേദ്കര്‍ ജയന്തി അധ:സ്ഥിത ജനതയുടെ ക്രിസ്മസെന്ന്‌ ഡോ.സെബാസ്റ്റ്യന്‍പോള്‍

Monday 14 April 2014 8:48 pm IST

കൊച്ചി: ഇന്ത്യയിലെ അധ:സ്ഥിത ജനതയുടെ ക്രിസ്മസാണ്‌ ഡോ.ബി.ആര്‍.അംബേദ്കറുടെ ജന്മജയന്തി ദിനമായ ഏപ്രില്‍ 14 എന്ന്‌ ഡോ.സെബാസ്റ്റ്യന്‍പോള്‍. ടി.കെ.സി.വടുതല ഫൗണ്ടേഷന്‍, എം.ജി.ട്രസ്റ്റ്‌, ലോയേഴ്സ്‌ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഡോ.അംബേദ്കറുടെ 123-ാ‍ം ജന്മജയന്തിയാഘോഷം എറണാകുളം ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ തീയറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്രായേലി അടിമകളുടെ മോചകനായ മോസസിനെപ്പോലെ ഇന്ത്യന്‍ ജനതയുടെ വിമോചകനായിരുന്നു അംബേദ്കര്‍. തനിക്കു കിട്ടിയ അവസരം ഉപയോഗിച്ച്‌ ഈ നാട്ടിലെ അവശജനതയെ മുഴുവന്‍ ഉയര്‍ത്തികൊണ്ടുവരാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. പട്ടികവിഭാഗക്കാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മാത്രമല്ല അദ്ദേഹം യത്നിച്ചത്‌- സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.
ആഗോളീകരണം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന ഈ വിഭാഗത്തിന്‌ സംവരണമില്ലാത്ത കാലത്തും മുന്നേറാനാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇനിയാവശ്യം. ഇന്ത്യയിലെ ജനങ്ങള്‍ അന്തസോടെ ജീവിക്കുന്നതിന്‌ ഇന്ത്യ ഉറങ്ങുമ്പോള്‍ അംബേദ്കര്‍ ഉണര്‍ന്നിരുന്നതിനാലാണ്‌ ലോകത്തെ ഏറ്റവും വലിയ ഭരണഘടന നമുക്ക്‌ കരഗതമായത്‌. അംബേദ്കറുടെ ഭരണഘടന മാറ്റണമെന്ന്‌ പിന്നീട്‌ ചിലര്‍ക്ക്‌ തോന്നിയെങ്കിലും അതു സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേപ്പാള്‍ പോലൊരു ചെറിയ രാജ്യം പത്തുവര്‍ഷമായി ഭരണഘടന തയ്യാറാക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യത്തിലാണ്‌ അംബേദ്കറുടെ ഭരണഘടനയുടെ പ്രസക്തിയെന്ന്‌ സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.
രാജ്യം കണ്ട മികച്ച രാജ്യതന്ത്രജ്ഞന്മാരില്‍ അഗ്രഗണ്യനായിരുന്നു ഡോ.അംബേദ്കറെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജസ്റ്റിസ്‌ കെ.തങ്കപ്പന്‍ പറഞ്ഞു. പനമ്പുകാട്‌ വി.ഐ.വേലായുധന്‍ രചിച്ച കവിതകളുടെ സി.ഡി. ലളിതകല അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹനന്‍ പ്രകാശനം ചെയ്തു. ഗായകനും സംഗീതസംവിധായകനുമായ സീറോ ബാബു അദ്യപ്രതി ഏറ്റുവാങ്ങി. കെ.വി.മദനന്‍മാസ്റ്റര്‍, ലോയേഴ്സ്‌ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്‌ പ്രസിഡന്റ്‌ അഡ്വ.കെ.എ.ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.ജി.ട്രസ്റ്റ്‌ സെക്രട്ടറി ഡോ.എം.കെ.മുകുന്ദന്‍ സ്വാഗതവും ടി.കെ.സി.വടുതല ഫൗണ്ടേഷന്‍ സെക്രട്ടറി ശ്രീകലചന്ദ്രഹാസന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.