സമൃദ്ധിയുടെ വിരുന്നൊരുക്കി വിഷു ഇന്ന്

Monday 14 April 2014 9:24 pm IST

കോട്ടയം: ഐതീഹ്യങ്ങളാലും ആചാരങ്ങളാലും സമൃദ്ധമായ വിഷു ആഘോഷത്തിനായി ക്ഷേത്രങ്ങളും വിശ്വാസികളും ഒരുങ്ങി. ജില്ലയിലെ ക്ഷേത്രങ്ങളില്‍ പതിവു പൂജകള്‍ക്കു പുറമെ വിഷുക്കണി ദര്‍ശനവും ഒഴുക്കിയിട്ടുണ്ട്. പുലര്‍ച്ച മുതല്‍ തന്നെ അഭൂതപൂര്‍വ്വകമായ തിരക്കായിരിക്കും. പുലര്‍ച്ചെ നിലവിളക്കു കൊളുത്തി ഓട്ടുരുളിയില്‍ കണിക്കൊന്നയും കണിവെള്ളരിയും മറ്റു ഫലങ്ങളും വാല്‍ക്കണ്ണാടിയും ഒരുക്കിവയ്ക്കുന്ന വിഷുക്കണിയിലേക്ക് മിഴികള്‍ തുറക്കുന്നതോടെ അടുത്ത ഒരു വര്‍ഷം ഐശ്വര്യ സമ്പൂര്‍ണമായിരിക്കുമെന്നാണ് വിശ്വാസം. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ വീടുകളില്‍ വിഷുകണി ദര്‍ശനം നടത്തുന്നുണ്ട്. മേടവിഷു ഭാരതീയരുടെ പ്രത്യേകിച്ച് കേരളീയരുടെ പ്രധാന ആഘോഷമാണ്. ഈശ്വരീയ ചൈതന്യത്തിന്റെയും വിജയങ്ങളുടെയും നന്മയുടെയും കഥകളുടെ പിന്‍ബലമുണ്ട് ഇതിന്. അതിലുപരി മേടസംക്രാന്തി എന്നത് ശാസ്ത്രവിഷയമാണ്. സൂര്യനുചുറ്റുമുള്ള ഭൂമിയുടെ ദീര്‍ഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലെ ഒന്നാം ബിന്ദുവാണ് വിഷുവദ് എന്ന മേടരാശിയിലേക്കുള്ള സൂര്യപ്രവേശം. ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ പ്രവേശിക്കുന്ന സമയമാണ് വിഷുവദ്. അത് ഏതുദിവസം ഏതു സമയത്ത് സംഭവിക്കുന്നുവോ അതാണ് മേട സംക്രാന്തിസമയം. അന്നാണ് വിഷു എന്ന സുദിനം. വിഷുക്കണി, വിഷുക്കൈനീട്ടം എന്നിവ കഴിഞ്ഞാല്‍ പ്രധാനം വിഷു സദ്യയാണ്. കാളനും ഓലനും സാമ്പാറും അവിയലും പപ്പടവും പായസവും മറ്റ് തൊടുകറികളും കൂട്ടിയുള്ള സദ്യ. വിഷു ചിലപ്പോള്‍ വ്യത്യസ്ത ദിനങ്ങളില്‍ വരുന്നതിനു കാരണമുണ്ട്. ചില ആചാരപ്രകാരം ഉച്ചയ്ക്കുശേഷമാണ് സൂര്യന്‍ മേട സംക്രാന്തി ബിന്ദു കടക്കുന്നതെങ്കില്‍ അടുത്ത ദിവസം രാശിമാറുന്ന ദിനമാണ് വിഷവായി ആഘോഷിക്കുന്നത്. അതിനാല്‍ വിഷു എന്നതും മേടസംക്രാന്തി എന്നതും ശുദ്ധജ്യോതിഷത്തിലെ ശാസ്ത്രവിഷയമാണ്. അതിനെ നന്മയുടെ ആത്മീയതയുമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നതിനാല്‍ എല്ലാ വര്‍ഷവും ഈ സുദിനം ആഘോഷിക്കുന്നു എന്ന് ശാസ്ത്രം പറയുന്നു. ഐശ്വര്യത്തിന്റെയും നന്മയുടെയും പ്രതീകമായ വിഷു വാഴപ്പള്ളി അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രത്തില്‍ അഞ്ചുദിവസത്തെ ഉത്സവമായി ആഘോഷിക്കുന്നു. വിഷു ഉത്സവത്തില്‍ ജില്ലയില്‍ തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് പ്രമുഖം. ക്ഷേത്രത്തില്‍ ഇന്ന് രണ്ടാം ഉത്സവമാണ്. ഇന്ന് രാത്രി വിഷുവിളക്ക്. 16നു രാത്രി 9ന് വിളക്ക്, തുടര്‍ന്ന് കഥകളി. 17ന് രാത്രി 9ന് മേജര്‍ സെറ്റ് കഥകളി. 18ന് രാത്രി എട്ടിന് പുറപ്പാട് സദ്യയുടെ കറിക്കു നുറുക്കല്‍ ,9.30ന് വലിയ വിളക്ക്.19ന് രാവിലെ 8.30ന് മാതൃക്കയില്‍ ദര്‍ശനം,11.30ന് പുറപ്പാട് സദ്യ, രാത്രി ഒമ്പതിനു അഞ്ചാ പുറപ്പാട്, 9.30നു കാവാലം ശ്രീകുമാറിന്റെ സംഗീത സദസ്,12.30ന് നൃത്തനാടകം.20നു രാത്രി 9ന് കിഴക്കോട്ട് പുറപ്പാട്, തുടര്‍ന്ന് കോമഡി ഷോ, 22നു രാവിലെ 9ന് മാതൃക്കയില്‍ ദര്‍ശനം,112.30ന് പള്ളിനായാട്ട്,23ന്ു വൈകുന്നേരം 5ന് ആനയിരുത്തി പുറപ്പാട്,പത്തിന് ആറാട്ട്,9.30നു നാടകം. 23നു രാവിലെ 10.30നു കൊടിയിറക്ക് എന്നിവ നടക്കും. കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ വിഷു പത്താമുദയ മഹോത്സവത്തിന് സമാരംഭം കുറിച്ച് ഇന്ന് രാവിലെ 4മുതല്‍ വിഷുക്കണി, നിര്‍മാല്യം, വിശേഷാല്‍പൂജകള്‍, നാരായണീയ പാരായണം, വൈകിട്ട് 5.30മുതല്‍ ഭക്തിരാഗസുധ, 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, വലിയ തീയാട്ട്, 7ന് സാംസ്‌കാരിക സമ്മേളം, 8.30ന് ശാസ്താംപാട്ട് എന്നിവ നടക്കും. കരികുളങ്ങര ദേവീക്ഷേത്രത്തിലെ വിഷു ഉത്സവം ഇന്ന് ആഘോഷിക്കും. രാവിലെ 5ന് കുംഭകുടം അഭിഷേകം, 7ന് കുടമാളൂര്‍ ബ്രാഹ്മണ സമൂഹമഠത്തിന്റെ സമ്പ്രദായ ഭജന, 9ന് ഇരവീശ്വരം ക്ഷേത്രത്തില്‍ നിന്ന് കുംഭകുട ഘോഷയാത്ര, 10ന് കരികുളങ്ങര ക്ഷേത്രത്തില്‍ തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നവകം, പഞ്ചഗവ്യം, 11.30ന് കുംഭകുടം അഭിഷേകം, വൈകിട്ട് 5.45ന് തട്ടേല്‍ കേളി, താലപ്പൊലി, കുടംപൂച്ചാട്ടം, 8ന് തൂക്കം, 9.30ന് ഗരുഡന്‍, തുടര്‍ന്ന് വലിയ ഗുരുസി എന്നിവ നടക്കും. വിഷുനാള്‍ രാത്രി വലിയ ഗുരുസിക്കുശേഷം കരികുളങ്ങര ദേവി മധുരയിലേക്കു പോകുമെന്നാണ് സങ്കല്‍പം. മൂന്നു മാസത്തിനുശേഷം കര്‍ക്കിടകം 1ന് ദേവി തിരികെയെത്തുന്നതുവരെ നട അടച്ചിടുമെന്നത് ഇവിടുത്തെ പ്രത്യേകതയാണ്. നാട്ടകം പൊന്‍കുന്നത്തുകാവ് ഭഗവതീക്ഷേത്രം, തിരുനക്കര മഹാദേവക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കരികുളങ്ങര ദേവീക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുവഞ്ചൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കുമ്മണ്ണൂര്‍ തൃക്കയില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, നടയ്ക്കാംകുന്ന് ഭഗവതീക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രം, പാലാ കടപ്പാട്ടൂര് മഹാദേവക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, മേലമ്പാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, മേജര്‍ കൊടുങ്ങൂര്‍ ദേവീക്ഷേത്രം, വാഴൂര്‍ വെട്ടിക്കാട്ട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ചിറക്കടവ് ശ്രീമഹാദേവക്ഷേത്രം, ചിറക്കടവ് ശ്രീദേവീ ക്ഷേത്രം, പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രം, പനമറ്റം ഭഗവതീക്ഷേത്രം, പുളിക്കല്‍ കവല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആനിക്കാട് ഭഗവതീക്ഷേത്രം, ആനിക്കാട് ശ്രീശങ്കരനാരായണമൂര്‍ത്തീക്ഷേത്രം, എലിക്കുളം ശ്രീഭഗവതീക്ഷേത്രം, ചങ്ങനാശേരി വാഴപ്പള്ളി അന്നപൂര്‍ണേശ്വരീക്ഷേത്രം, കങ്ങഴ പത്തനാട് ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കര്‍മ്മസ്ഥാനം, അന്തീനാട് മഹാദേവക്ഷേത്രം തുടങ്ങി മഹാക്ഷേത്രങ്ങളുള്‍പ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളിലും കണിദര്‍ശനമൊരുക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.