കണികണ്ടും കൈനീട്ടം നല്‍കിയും ആറന്മുളയുടെ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മകള്‍ പുതുക്കി

Wednesday 16 April 2014 10:33 pm IST

ആറന്മുള : നന്മനിറഞ്ഞ കാര്‍ഷിക സമൃദ്ധിയുടെ പാരമ്പര്യം നിലനില്‍ക്കുന്ന ആറന്മുളയില്‍ വിഷു ദിനത്തില്‍ സത്യാഗ്രഹപന്തലില്‍ കണി ഒരുക്കിയും കൈനീട്ടം നല്‍കിയും സദ്യ വിളമ്പിയും വിപുലമായി ആഘോഷിച്ചു. കണിക്കൊന്നയും കുരുത്തോലയും മാവിലയും കൊണ്ട്‌ അലങ്കരിച്ച പന്തലില്‍ രാവിലെ തന്നെ കാര്‍ഷിക വിഭവങ്ങള്‍ക്കൊപ്പം ആറന്മുളയുടെ ചിഹ്നങ്ങളായ കണ്ണാടിയും പനനയമ്പും കൊണ്ട്‌ കണിയൊരുക്കി. ആറന്മുള പുഞ്ചപാടത്ത്‌ വര്‍ഷങ്ങളോളം വിത്തെറിഞ്ഞ മുതിര്‍ന്ന കര്‍ഷകതൊഴിലാളിയായ കോമളാപ്പൂഴി വലകടവില്‍ പൊടിയന്‍ വിഷു കൈനീട്ടം പന്തലില്‍ വിതരണം ചെയ്തു. ആതിഥേയ മര്യാദയുടെ പ്രതീകമായ ആറന്മുളക്കാര്‍ പന്തലില്‍ വിഭവ സമൃദ്ധമായ വിഷു സദ്യയും വിളമ്പിയാണ്‌ സത്യാഗ്രഹത്തിനു പുതിയ നിറകൂട്ട്‌ നല്‍കിയത്‌. കാര്‍ഷിക സമൃദ്ധിയെ സംരക്ഷിക്കുക കടമയാണെന്ന്‌ നാടിനെയും നാട്ടുകാരെയും ഓര്‍മ്മിക്കുന്ന ദിനമാണ്‌ വിഷുവെന്ന്‌ വിഷു സന്ദേശം നല്‍കിയ ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ഒരു കാര്‍ഷിക വിള ഉണ്ടാകുന്നത്‌ വളം നല്‍കിയതു കൊണ്ടോ ജലസേചനം നല്‍കിയതുകൊണ്ടോ അല്ല. അത്‌ പ്രകൃതി നമുക്ക്‌ നല്‍കുന്നതാണ്‌. ഒരു ഈശ്വര സാക്ഷാത്കാരമായിരുന്നു അത്‌. നമ്മുടെ പ്രയത്നങ്ങള്‍ ഈ സാക്ഷാത്കാരത്തിന്റെ ഭാഗമായിരുന്നു. ഇതു മാറിയത്‌ മനുഷ്യന്റെ ദുര കൊണ്ടാണെന്നും കുമ്മനം ഓര്‍മ്മിപ്പിച്ചു. നമ്മുടെ കാവുകളും കുന്നുകളും പുഴയും ക്ഷേത്രവും നശിപ്പിച്ചുകൊണ്ട്‌ വികസനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന്‌ ഈ സുദിനത്തില്‍ പ്രതിജ്ഞ എടുക്കണമെന്ന്‌ കവിയിത്രി സുഗതകുമാരി സന്ദേശത്തിലൂടെ സത്യാഗ്രഹികളെ ഓര്‍മ്മിപ്പിച്ചു. ജനങ്ങളെ കമ്പളിപ്പിക്കുവാനുള്ള പദ്ധതി ഒരു തരത്തിലും അംഗീകരിക്കുവാന്‍ കഴിയുകയില്ലായെന്നും ധര്‍മ്മനിഷ്ഠയോടും നിശ്ചയദാര്‍ഡ്യത്തോടും കൂടിയുള്ള ഈ സമരം വിജയിക്കുമെന്നും അറുപത്തിനാലാം ദിവസം സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ഗോലോകാനന്ദജി മഹാരാജ്‌ അഭിപ്രായപ്പെട്ടു. അധികാര വര്‍ഗ്ഗവും ധനശക്തികളും നിയമങ്ങളെ നിഷേധിച്ച്‌ മൂലധന ശക്തികളുടെ കുഴലൂത്തുകാരായി മാറിയതിന്റെ ഉദാഹരണമാണ്‌ ആറന്മുള പദ്ധതിയെന്ന്‌ സത്യാഗ്രഹത്തില്‍ അദ്ധ്യക്ഷതവഹിച്ച ജന്മഭൂമി മാനേജിംഗ്‌ ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വിഷുദിനത്തില്‍ നാരങ്ങാനം മഠത്തുംപടി പടയണി സംഘം പുലവൃത്തം എന്ന പടയണി പന്തലില്‍ അവതരിപ്പിച്ചു. ദേവൂട്ടിയും സംഘവും വിഷു പാട്ടുകള്‍ അവതരിപ്പിച്ചു. സിപിഐ. ലോക്കല്‍ കമ്മറ്റി അംഗം പ്രഭാകരന്‍ ആചാരി സ്വാഗതം പറഞ്ഞു. സിപിഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം എ. പത്മകുമാര്‍, ഫിലിപ്പോസ്‌ തത്തംപള്ളി, ആറന്മുള വിജയകുമാര്‍, സുനില്‍ തീരഭൂമി, എസ്‌. ശിവന്‍കുട്ടി നായര്‍, കെ.ഐ. ജോസഫ്‌ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.